ശശി തരൂരിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹം 2014ല്‍ തിരുവനന്തപുരം ലോക്‌സഭ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആശയകുഴപ്പമുണ്ട്. തങ്ങളില്‍ ചിലര്‍ക്കൊക്കെ അര്‍ഹമായ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വവുമായുള്ള അടുപ്പം വഴി തട്ടിയെടുത്തതിന്റെ കെറുവ് കേരളത്തിലെ കോണ്‍ഗ്രസ് നേതക്കളില്‍ പലര്‍ക്കും തരൂരിനോട് അന്നുണ്ടായിരുന്നു. പിന്നീട് അത് തരൂര്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലുള്ള വഴക്കായി മാറി. ആ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തിന്റെ പേരില്‍ തരൂരിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞിരിക്കുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ച് എംപിയായതിനു ശേഷവും കേരളത്തിലെ കോണ്‍ഗ്രസിന്റെ പൊതുരീതികളുമായി ഒത്തുപോകാന്‍ ശശി തരൂര്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. തരൂര്‍ മോദിയെ സ്‌തുതിക്കുന്നു എന്ന് ആരോപിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിക്കാന്‍ പോലും കെപിസിസി ഒരുങ്ങി. ലഭിച്ച വിശദീകരണത്തില്‍ `വയറു നിറഞ്ഞതു’ കൊണ്ടാകണം പിന്നീട് മോദി സ്‌തുതിയുടെ പേരില്‍ തരൂരുമായി വാക്‌പോരിന് കെപിസിസി മുതിര്‍ന്നിട്ടില്ല. നരേന്ദ്ര മോദിയെ കുറിച്ച് `ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന അതീവ വിശകലന സ്വഭാവത്തോടെയുള്ള പുസ്‌തകം എഴുതിയ തരൂര്‍ മോദിയെ സ്‌തുതിക്കുന്നുവെന്ന അനുമാനത്തില്‍ കെപിസിസി എത്തിയതിന് കാരണം സാധാരണ രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‌തമായ അദ്ദേഹത്തിന്റെ ശൈലി പിടികിട്ടാത്തതു കൊണ്ടു മാത്രമാകാനേ തരമുള്ളൂ.
കെപിസിസി അദ്ദേഹത്തെ മെരുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നോട് കേരളത്തിലെ കോണ്‍ഗ്രസിനുള്ള താല്‍പ്പര്യകുറവ് എത്രത്തോളമെന്ന് തരൂരിന് കൃത്യമായി മനസിലായി. പ്രചാരണത്തില്‍ പാര്‍ട്ടിയുടെ സഹകരണം വേണ്ടത്രയില്ലെന്ന് അദ്ദേഹത്തിന് കെപിസിസിയോടും ഹൈക്കമാന്റിനോടും പരാതിപ്പെടേണ്ടി വന്നു. കൊറോണയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നേരിട്ട സമയത്ത് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്‌തമായി സര്‍ക്കാരിനെ പ്രശംസിക്കുകയാണ് തരൂര്‍ ചെയ്‌തത്. അതും കെപിസിസിക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
അതേ സമയം തരൂരിനെതിരെ പരസ്യമായി കൊമ്പുകോര്‍ക്കുന്ന രീതി ഇപ്പോള്‍ കെപിസിസി ഉപേക്ഷിച്ച മട്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തെ തരൂര്‍ സ്വാഗതം ചെയ്‌തതും കെപിസിസിക്ക് രുചിച്ചിട്ടില്ല. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് പ്രസ്‌താവനാ യുദ്ധത്തിനൊന്നും കെപിസിസി മുതിര്‍ന്നില്ല. നിര്‍ജീവാവസ്ഥയില്‍ കഴിയുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് അയച്ചവരുടെ നിരയില്‍ പ്രമുഖനായ ശശി തരൂരിനോട് സമ്മിശ്രമായ പ്രതികരണമാണ് കേരളത്തിലെ നേതാക്കളില്‍ നിന്നുണ്ടായത്.
കത്തിന്റെ പേരില്‍ തരൂരിനെതിരെ രംഗത്തു വന്നിരിക്കുന്നത് കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമാണ്. മുരളി സ്വതസിദ്ധമായ ശൈലിയില്‍ തരൂരിനെ പരിഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനം അല്‍പ്പം കടുത്തതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ തരൂരിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും ഗസ്റ്റ് ആക്‌ടറാണെന്നും കൊടിക്കുന്നില്‍ പറഞ്ഞപ്പോള്‍ തരൂരിന് പിന്തുണയുമായി ശബരീനാഥ്, പി.ടി.തോമസ്, ടി.സിദ്ധിക്ക് എന്നിവര്‍ രംഗത്തെത്തി.
കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ക്ക് ഇപ്പോഴും തരൂരിന്റെ രാഷ്‌ട്രീയശൈലി മനസിലാക്കാനുള്ള ബൗദ്ധിക നിലവാരം കൈവന്നിട്ടില്ല എന്നേ പറയാനാകൂ. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ മോദി സര്‍ക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഏറ്റവുമേറെ ശ്രമിച്ചിട്ടുള്ള നേതാവായ ശശി തരൂരിന് പാര്‍ലമെന്ററി പ്രവര്‍ത്തനം അറിയില്ലെന്ന് പറയുന്ന കൊടിക്കുന്നില്‍ തന്റെ നിലവാര തകര്‍ച്ചയെ സ്വയം വിളംബരം ചെയ്യുകയാണ്. നെഹ്‌റു കുടുംബത്തോടുള്ള അടുപ്പമാണ് തരൂരിനെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആ അടുപ്പം നേതൃത്വം ശക്തിപ്പെടണമെന്ന ആവശ്യവുമായി ഒരു കത്ത് അയക്കുന്നതില്‍ നിന്ന് തരൂരിനെ ഒരു തരത്തിലും പിന്തിരിപ്പിക്കുന്ന ഘടകമായിരുന്നില്ല. ആശ്രിതരായി നിന്ന് കാര്യം നേടിയെടുക്കുന്ന നേതാക്കള്‍ക്ക് ഈ പ്രവര്‍ത്തന ശൈലി മനസിലാക്കാന്‍ സാധിക്കാത്തതില്‍ അത്ഭുതമില്ല. വിശ്വപൗരനും കിണറ്റിലെ തവളകളും തമ്മിലുള്ള അന്തരം തരൂരും അത്തരം നേതാക്കളും തമ്മിലുണ്ട്.
തരൂര്‍ കോണ്‍ഗ്രസിനെ ആധുനീകരിക്കുകയും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യണമെന്ന തീര്‍ത്തും കാലികപ്രസക്തമായ ഒരു ആവശ്യമാണ് ഉന്നയിക്കുന്നത്. രാജ്യത്തെ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ ശബ്‌ദിക്കാന്‍ ആന്തരികമായി ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിക്ക് മാത്രമേ ഫലപ്രദമായി സാധിക്കൂ. തരൂരിന്റെ ശബ്‌ദം ജനാധിപത്യത്തിനു വേണ്ടിയുള്ളതും ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ നിലകൊള്ളുന്നതുമാണ്. ജനാധിപത്യ സ്‌നേഹികള്‍ ശ്രവിക്കാന്‍ ആഗ്രഹിക്കുന്ന ശബ്‌ദം കൂടിയാണ് അത്.


















