മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ച കേസില്‍ ഡ്രൈവറെ കുറ്റമുക്തനാക്കി
ദുബായ് : മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന് വിധിച്ച ഡ്രൈവറെ മേല്‍ക്കോടതി കുറ്റമുക്തനാക്കി.
2020 ജൂലൈ 12 ന് ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ വെച്ച് മിനി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. മുന്‍ വശത്തെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട ബസ് പ്രധാന റോഡില്‍ നിന്നും തെന്നി മാറി കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു മറിയുകയുമായിരുന്നു.
ഡീസല്‍ ടാങ്ക് പൊട്ടി ഘര്‍ഷണം മൂലം തീപിടിക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ വെന്തുമരിക്കുകയുമായിരുന്നു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
മരിച്ച രണ്ട് പേരുടേയും കുടുംബത്തിന് ബ്ലഡ് മണിയായി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു.
ഡ്രൈവിംഗിലെ അശ്രദ്ധ മൂലമാണ് അപകടം നടന്നതെന്ന് ദുബായ് ട്രാഫിക് കോടതിയാണ് വിധിച്ചത്. മൂന്നു മാസത്തെ തടവിനും ഇതിനു ശേഷം പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
എന്നാല്‍, കേസില്‍ ഡ്രൈവര്‍ അപ്പീലിനു പോകുകയും വാഹനം നിയന്ത്രണം നഷ്ടപ്പെട്ടത് മാനുഷിക തെറ്റുമൂലമല്ലെന്നും ടയര്‍ പൊട്ടിയതാണെന്നും കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഇയാളെ കുറ്റമുക്തനാക്കിയത്.
അപകടത്തില്‍ മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയാകും നഷ്ടപരിഹാരം നല്‍കുക. പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.