വായ്‌പാലഭ്യതയുടെ അപര്യാപ്‌തതയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന്. നിലവില്‍ തന്നെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വളരെ ഉയര്‍ന്ന നിലയിലാണ്. സാമ്പത്തിക തളര്‍ച്ച മൂലം കിട്ടാക്കടം ഉയരാനുള്ള സാധ്യതയാണുള്ളത്. അതുകൊണ്ടുതന്നെ കോവിഡ്-19 സൃഷ്‌ടിച്ച പ്രത്യാഘാതത്തില്‍ നിന്നും ബാങ്കിങ് മേഖല ഏറ്റവും അവസാനം മാത്രമായിരിക്കും കരകയറുക എന്നാണ് ധനകാര്യ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്. കിട്ടാക്കടം കൂടുമെന്ന ആശങ്ക മൂലം ബാങ്കുകളുടെ വായ്‌പാ വിതരണം ഗണ്യമായി കുറഞ്ഞു.
യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുപിഎ നയിക്കുന്ന പ്രതിപക്ഷം അല്ല, മറിച്ച് എന്‍പിഎ (നോണ്‍ പെര്‍ഫോമിങ് അസറ്റ്) ആണ്. മോദി സര്‍ക്കാരിന് നിലവില്‍ രാഷ്‌ട്രീയമായ വെല്ലുവിളികളൊന്നും തന്നെയില്ല. അതേ സമയം സാമ്പത്തിക മേഖലയില്‍ വെല്ലുവിളികള്‍ പലതാണ്. ബാങ്കുകളുടെ എന്‍പിഎ എന്ന പ്രശ്‌നം രാക്ഷസീയമായി വളര്‍ന്ന് വലുതായിരിക്കുന്നു. ഇതിനൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്‌പാ ബിസിനസിലുണ്ടായ കടുത്ത പ്രതിസന്ധി രാജ്യത്തെ വാഹനം മുതല്‍ ബിസ്‌കറ്റ് വരെയുള്ള സകലതിന്റെയും വില്‍പ്പന ഗണ്യമായി കുറയുന്നതിന് വഴിവെച്ചു. വളര്‍ച്ച താഴോട്ടു പോകുന്ന ഈ സ്ഥിതിവിശേഷത്തെ നേരിടുകയാണ് മോദി സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനം തളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ എട്ട് ശതമാനം മുതല്‍ 15 ശതമാനം വരെ തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പ്രവചിക്കുന്നത്.
നിഷ്‌ക്രിയ ആസ്‌തി എന്ന പ്രശ്‌നം കുപ്പിയില്‍ നിന്ന് പുറത്തേക്ക് വന്ന ഭൂതത്തെ പോ ലെയാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന് ഒഴിയാബാധയായിരിക്കുന്നത്. ഭൂതത്തെ പുറത്തേക്കു വിട്ടത് ബാങ്കുകളെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്ക് തന്നെയാണ്. രഘുറാം റാജന്‍ ആര്‍ബിഐ ഗവര്‍ണറായ കാലത്താണ് ബാ ങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി നിയന്ത്രിക്കാ ന്‍ കര്‍ശനമായ നടപടിക്രമങ്ങള്‍ കൊണ്ടുവന്നത്. ബാലന്‍സ്‌ഷീറ്റില്‍ യഥാര്‍ത്ഥ നിഷ്‌ക്രി യ ആസ്‌തി രേഖപ്പെടുത്താതെ ഒളിച്ചുവെക്കുന്ന ബാങ്കുകളുടെ തന്ത്രങ്ങള്‍ക്ക് അറുതി വരുത്തുകയായിരുന്നു രഘുറാം രാജന്‍. അ തോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തേക്ക് വന്നു. നിലവില്‍ പത്ത് ലക്ഷം കോടി രൂപക്ക് മുകളിലാണ് ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി. ഇത് ഇനിയും ഗണ്യമായി ഉയരാനുള്ള സാധ്യതയാണുള്ളത്.
സര്‍ ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രഖ്യാപിത ലക്ഷ്യമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ എന്‍ബിഎഫ്‌സികള്‍ക്കും മതിയായ `സ്‌പേസ്’ നല്‍കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഉപഭോഗത്തിന്റെ ചാലകശക്തി വാഹനം മുതല്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ വരെ വാങ്ങുന്നതിന് വായ്‌പ നല്‍കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. നിലവില്‍ കോവിഡ്-19 മൂലമുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വായ്‌പ നല്‍കുന്നത് വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് ഡിമാന്റിനെ ഏറെ പ്രതികൂലമായി ബാധിക്കുന്നു.
പണപ്പെരുപ്പം വളരെ താഴ്‌ന്ന നിലയില്‍ തുടരുന്ന ഇപ്പോഴത്തെ സ്ഥിതി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ കൈകൊള്ളാനാകാത്ത നടപടികള്‍ ഇപ്പോള്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സ്വീകരിക്കാനാകും. അതിനുള്ള ആര്‍ജവം കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്ക് കുറ ഞ്ഞ ചെലവില്‍ ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സ്രോതസുകള്‍ തുറന്നിടേണ്ടതുണ്ട്. അതിനായി പലിശ നിരക്ക് അല്‍പ്പം കൂടി കുറച്ചു കൊണ്ടുവരികയും വായ്‌പാ ചെലവ് കുറയ്‌ക്കുകയും ചെയ്യണം. ഇടത്തരം, ചെറുകിട സംരംഭങ്ങളിലേക്കുള്ള മൂലധനത്തിന്റെ സുഗമമായ പ്രവാഹം വളര്‍ച്ചയ്‌ക്കുള്ള വഴി തുറന്നിടും.
വായ്‌പാ വളര്‍ച്ച കുറയുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയാണ് തടസപ്പെടുന്നതെന്ന ബോധ്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട വിഷയമാണ് ഇത്. ഒരു സര്‍ക്കാരിന് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന നയങ്ങളും പരിപാടികളും ആവിഷ്‌കരിക്കാന്‍ മതിയായ സമയം കിട്ടുന്നത് ആദ്യവര്‍ഷങ്ങളിലാണ്. പക്ഷേ ആദ്യവര്‍ഷങ്ങളില്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന്റെ യാതൊരു ലക്ഷണവും ഇതുവരെ മോദി സര്‍ക്കാര്‍ കാണിച്ചിട്ടില്ല.