കെ. സച്ചിദാനന്ദന്‍
ഈ മഹാമാരിയുടെ കാലത്തെ ഒഴിവുസമയം പുസ്തകപ്രിയരെല്ലാം ചിലവിടുന്നത് തങ്ങള്‍ വായിക്കാതെ മാറ്റി വെച്ചിരുന്നതോ വായിക്കാന്‍ ആഗ്രഹിച്ചിരുന്നതോ ആയ പുസ്തകങ്ങള്‍ വായിക്കാനാണ്. സ്വതന്ത്രമായ ചിന്തകളും അവ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളും പല നാടുകളിലും ഭീഷണി നേരിടുന്ന കാലം കൂടിയാണിത്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പോലും അത്തരം ചില സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഇത് തികച്ചും പുതിയ ഒരു കാര്യമല്ല. ക്രിസ്തുവിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ക്വിന്‍ രാജവംശകാലത്ത് നടന്ന പുസ്തക നശീകരണം, ക്രി. മു. 108-ല്‍ അലക്സാണ്ട്രിയാ ലൈബ്രറിയുടെയും, ക്രി. പി. 1593-ല്‍ യെരൂശലേം ലൈബ്രറിയുടെയും തുടര്‍ന്ന് ഇന്ത്യയില്‍ നളന്ദാ ലൈബ്രറിയുടെയും നശീകരണം, 1933 -ല്‍ ജെര്‍മ്മനിയില്‍ നാസികള്‍ നടത്തിയ കുപ്രസിദ്ധമായ പുസ്തകം തിയ്യിടല്‍ – ഇങ്ങിനെ പല തരം ആക്രമണങ്ങളുടെയും നിരോധനങ്ങളുടെയും ഒരു ദീര്‍ഘ ചരിത്രം പുസ്തകങ്ങള്‍ക്കുണ്ട്. ആല്‍ബര്‍ട്ട് മാന്‍ഗുവേലിന്റെ “വായനയുടെ ചരിത്രം” അത്തരം പല സംഭവങ്ങളും രേഖാങ്കനം ചെയ്യുന്നുണ്ട്.
റായ് ബ്രാഡ്ബറി എഴുതിയ “ഫാരന്‍ ഹീറ്റ് 451” എന്ന നോവല്‍ – ഫ്രഞ്ച് ചലച്ചിത്രകാരനായ ത്രൂഫോ ഇത് സിനിമയാക്കിയിട്ടുണ്ട്- ഇത്തരം ഒരവസ്ഥ വിഷയമാക്കുന്നുണ്ട്. പുസ്തകങ്ങള്‍ നിരോധിച്ച ഒരു സാങ്കല്‍പ്പികരാജ്യത്താണ് കഥ നടക്കുന്നത്. അവിടെ ക്യാപ്റ്റന്‍ ബീറ്റിയുടെ അഗ്നിശമനസേനയ്ക്ക് നല്‍കപ്പെടുന്ന നിയോഗം എല്ലാ പുസ്തകശാലകളിലും വീടുകളിലുമുള്ള സകല പുസ്തകങ്ങളും കണ്ടെത്തി കത്തിച്ചു കളയുകയാണ് . എന്നാല്‍ സേനയിലെ ഗയ് മൊണ്ടാഗ് എന്നയാള്‍ തന്റെ സ്നേഹിതയായ ക്ലാരിസിന്റെ സ്വാധീനത്താല്‍ ഒരു പുസ്തകപ്രേമിയായി മാറുന്നു. അയാള്‍ കണ്ടെത്തുന്ന വിലപ്പെട്ട പുസ്തകങ്ങള്‍ തിയ്യിടാതെ രഹസ്യമായി തന്റെ വീട്ടില്‍ സൂക്ഷിക്കുന്നു. പക്ഷേ ഒരു ദിവസം ക്യാപ്റ്റന്‍ ഇതു മനസ്സിലാക്കി ആ വീട് തിയ്യിടാന്‍ കല്‍പ്പന നല്‍കുന്നു. അതറിഞ്ഞ ഗയ് മൊണ്ടാഗ് നാടു വിടുന്നു. അതിര്‍ത്തിയില്‍ വെച്ച് അയാള്‍ ഒരു രഹസ്യസംഘത്തെ കണ്ടു മുട്ടുന്നു. അവരെല്ലാം പുസ്തകങ്ങള്‍ സംരക്ഷിക്കാനായി തലസ്ഥാനം വിട്ടു അവിടെ എത്തിയവരാണ്. അവരില്‍ ഓരോരുത്തരും ഓരോ പുസ്തകം മന:പാഠമാക്കിയവരാണ്. അവര്‍ അറിയപ്പെടുന്നതും ആ പുസ്തകത്തിന്റെ പേരില്‍ തന്നെ- ഒഡീസ്സി, ഡിവൈന്‍ കോമഡി , കിങ് ലിയര്‍, ഹാംലറ്റ്, ഒലിവര്‍ ട്വിസ്റ്റ് …. എന്നിങ്ങിനെ. പുസ്തക വിരോധിയായ ഏകാധിപതിയുടെ കാലം കഴിയുമ്പോള്‍ അവര്‍ നഗരത്തില്‍ തിരിച്ചെത്തി ഓര്‍മ്മയില്‍ നിന്ന് ആ പുസ്തകങ്ങള്‍ എല്ലാം പുന: സൃഷ്ടിക്കുന്നു. ഈ നോവല്‍ പുസ്തകത്തിന് അനുകൂലവും പ്രതികൂലവുമായി സമൂഹത്തില്‍ പ്രവ ര്‍ത്തിക്കുന്ന രണ്ടു സമീപനങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു. നോവലിന്റെ പേരു ദ്യോതിപ്പിക്കുന്നത് കടലാസ്സു കത്തുന്ന ഊഷ്മാവിനെയാണ്.
ഈ രണ്ടു ശക്തികളും ഇന്നും സമൂഹങ്ങളില്‍ സജീവമാണ് . വായനയെയും അറിവിനെയും ഭയപ്പെടുന്ന അധികാരികള്‍ ഇന്നും ലോകത്ത് കുറവല്ല; അവരുടെ പ്രത്യയശാസ്ത്രങ്ങളും കാരണങ്ങളും പലതാകാമെങ്കിലും . എന്നാല്‍ ഇന്ന് വായനക്ക് വേറെ പല ശത്രുക്കളും കൂടിയുണ്ട്. “ആധുനികജീവിതത്തിന്റെ ആനന്ദമൂര്‍ഛ” എന്നു നോവലിസ്റ്റ് മിലാന്‍ കുന്ദേര വിശേഷിപ്പിക്കുന്ന ജീവിതവേഗം അഥവാ തിരക്ക് തന്നെയാണ് അതില്‍ പ്രധാനമായ ഒന്ന്. ജോലിയുടേതുള്‍പ്പെടെയുള്ള പല തരം തിരക്കുകളില്‍ ഒഴിവുസമയം കുറഞ്ഞു പോകുന്നു. ഒമാര്‍ ഖയ്യാം പറയും പോലെ അരികില്‍ ഇണയും പാനപാത്രവുമായി പൂന്തോപ്പില്‍ മലര്‍ന്നു കിടന്നു പുസ്തകം വായിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ക്ക് പ്രയാസമാണ്. ലാഭമോഹം കൊണ്ട് ഈ തിരക്ക് വീണ്ടും കൂടുന്നു. തൊഴിലിനു ആവശ്യമായ വിവരങ്ങള്‍ മാത്രം മതി എന്ന ചിന്തയും സാധാരണമാണ്. വിവരങ്ങളെ വിജ്ഞാനവും വിവേകവും ആക്കാന്‍ ചിന്തയും വായനയും അത്യാവശ്യമാണ്. “ജീവിക്കണമെങ്കില്‍ വായിക്കൂ” എന്ന് ഫ്രെഞ്ച് നോവലിസ്റ്റ് ഫ്ലോബേര്‍; ” വായിക്കുന്നവര്‍ക്ക് പ്രതിഫലം കിട്ടാന്‍ വിധിദിനം വരെ കാത്തിരിക്കേണ്ടതില്ല” എന്ന് വെര്‍ജീനിയാ വൂള്‍ഫ്. ചിലപ്പോള്‍ വായന വിമോചകമായ ഒരു പ്രവര്‍ത്തനവും ആകാം. അതു കൊണ്ടാണ് ജെര്‍മ്മന്‍ കവിയും നാടകകാരനുമായ ബെര്‍ത്തോള്‍ട്ട് ബ്രെഹ്റ്റ് ” വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ, അത് ഒരായുധമാണ് ” എന്ന് പറയുന്നത്. അറിവ് കൊണ്ട് മാത്രമേ നമുക്കുഒരു സ്വതന്ത്ര ജനാധിപത്യ സമൂഹം നിര്‍മ്മിക്കാന്‍ കഴിയൂ. നിരക്ഷരത ജനാധിപത്യത്തിന്റെ ശത്രുവാണ്. അത്തരം ആളുകളെ പണം കൊണ്ടും പ്രചാരണം കൊണ്ടും വഞ്ചിക്കുക എളുപ്പമാണ്.
വായിക്കുക എന്ന പോലെ എന്ത് വായിക്കണം എന്നതും പ്രധാനമാണ് . ഇവിടെയാണ് മാതാ-പിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മുതിര്‍ന്ന സുഹൃത്തുക്കള്‍ക്കും ക്രിയാത്മകമായ പങ്കു വഹിക്കാനുള്ളത്. ബാല്യത്തില്‍ തന്നെ വാസനകള്‍ തിരിച്ചറിയുകയും ആ ദിശയിലുള്ള വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നോവല്‍ , കഥ, കവിത,നാടകം, വൈജ്ഞാനികഗ്രന്ഥങ്ങള്‍ – എല്ലാറ്റിനും അവയുടേതായ പ്രാധാന്യമുണ്ട്; ജീവിതത്തിലേക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും സമകാലീനമായ അറിവ് പകരുകയും ചെയ്യുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധ വേണ്ടത് . അതിനു തൊഴില്‍ ഒരു തടസ്സമല്ല. നമ്മുടെ മുതിര്‍ന്ന എഴുത്തുകാര്‍ തന്നെ പല തൊഴിലുകള്‍ ചെയ്യുന്നവര്‍ ആയിരുന്നല്ലോ. ബുക്ക് സ്ടാള്‍ നടത്തിയിരുന്ന ബഷീര്‍, വക്കീലായി ജീവിതം ആരംഭിച്ച തകഴി, എഞ്ചിനീയര്‍ ആയ ആനന്ദ്, കാര്‍ടൂണിസ്റ്റ് ആയിരുന്ന ഓ. വി. വിജയന്‍, ഡോക്ടര്‍ ആയിരുന്ന പുനത്തില്‍ കുഞ്ഞബ് ദുള്ള, എംബസി ഉദ്യോഗസ്ഥനായിരുന്ന എം മുകുന്ദന്‍, ബാങ്ക് മാനേജര്‍ ആയിരുന്ന സേതു , പിന്നെ അദ്ധ്യപകരായിരുന്ന ഏറെപ്പേര്‍ , കര്‍ഷകര്‍, തൊഴിലാളികള്‍- എല്ലാം ഉള്‍പ്പെട്ട ലോകമാണത്. അവരെല്ലാം വലിയ വായനക്കാരുമായിരുന്നു, അഥവാ ആണ്. വായന നമ്മുടെ ജീവിതങ്ങളെ സമൃദ്ധമാക്കട്ടെ.



















