മസ്കത്ത് : ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങൾക്കൊരുങ്ങി ഒമാൻ. ഈ മാസം അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം. ബസ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഒമാൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. മത്സരത്തിനായി ടീം നാളെ ഇറാഖിലേക്ക് തിരിക്കും. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ അടുത്ത മാസം പത്തിന് ഒമാൻ ദക്ഷിണ കൊറിയയെയും നേരിടും. മസ്കത്തിലാണ് മത്സരം. പിന്നീട് ഒക്ടോബറിലാണ് മത്സരം.
ഒക്ടോബർ പത്തിന് കുവൈത്തുമായും 15ന് ജോർദാനുമായും ഏറ്റുമുട്ടും. നവംബർ 14ന് പലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടർന്നുള്ള മത്സരങ്ങൾ. പിന്നീട് അടുത്ത വർഷം മാർച്ചിലാണ് മത്സരങ്ങൾ നടക്കുക. മാർച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടർന്ന് ജൂൺ അഞ്ചിന് ജോർദാനുമായും 10ന് പലസ്തീനുമായും ഏറ്റുമുട്ടും.
ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി ദീ യസിൻ ബിൻ ഹൈതം അൽ സഈദ് കഴിഞ്ഞ ദിവസം ദേശീയ ടീമിന്റെ പരിശീലന ക്യാംപ് സന്ദർശിച്ചിരുന്നു. ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ പരിശീലനം പുരോഗമിക്കുകയാണ്. ഇവിടെയെത്തിയ മന്ത്രിയെ ഒമാൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ സ്വീകരിച്ചു. പരിശീലകരുമായും താരങ്ങളുമായും ക്യാംപ് വിവരങ്ങൾ ചോദിച്ചറിഞ്ഞ സയ്യിദ് ദീ യസിൻ ടീമിന് വിജയാശംസകൾ നേരുകയും ചെയ്തു.ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കൊരുങ്ങുന്ന ടീമിന് പിന്തുണയുമായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയം ഒമാൻ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘വി ആർ ആൾ വിത്ത് യു’ ക്യാംപെയ്നുമായി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാണികൾക്ക് സൗജന്യ വീസ അനുവദിക്കും
ഇറാഖിലെ ബസറയിൽ വ്യാഴാഴ്ച നടക്കുന്ന ഒമാൻ-ഇറാഖ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിന് ആവേശം പകരാൻ പറക്കാനൊരുങ്ങുന്ന ഒമാനി ഫുട്ബോൾ പ്രേമികൾക്ക് സൗജന്യ വീസ അനുവദിക്കും. കരാതിർത്തി വഴിയും വിമാന മാർഗവും ഇറാഖിലേക്കെത്തുന്ന ഒമാനികൾക്ക് വീസ സൗജന്യമായി ലഭിക്കുമെന്ന് ബഗ്ദാദിലെ സുൽത്താനേറ്റ് ഓഫ് ഒമാൻ എംബസി അറിയിച്ചു. സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ബസ് ഗവർണറേറ്റിൽ പ്രവേശിക്കുന്നതിന് അനുമതിയുള്ള വീസയാണ് ലഭിക്കുക.