പ്രതിസന്ധിയുടെ കാലത്ത് വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും ആത്മവിശ്വാസം സൃഷ്‌ടിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ദൗത്യം. മൂന്ന് ദിവസം നീണ്ടുനിന്ന ധനകാര്യ നയ അവലോകന യോഗത്തിനു ശേഷം ഇന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് നടത്തിയ പ്രഖ്യാപനങ്ങള്‍ ആ ദൗത്യം ഉള്‍ക്കൊണ്ടുള്ളതാണ്.
ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങള്‍ ചെയ്‌തതു പോല കറന്‍സി അച്ചടിച്ച് ഇറക്കുകയൊന്നും ഒരു വികസ്വര രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന് പ്രായോഗികമല്ലെന്നിരിക്കെ ഇന്ത്യയിലെ റിസര്‍വ് ബാങ്കിന് ചെയ്യാവുന്നതിന് പരിമിതികളുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ സമയത്ത് യുഎസിലെയും ജപ്പാനിലെയും യൂറോപ്പിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ കറന്‍സി അച്ചടിച്ച് വിപണിയിലെത്തിച്ചാണ് ധനലഭ്യത സൃഷ്‌ടിച്ചത്. അത്തരം അറ്റകൈ പ്രയോഗങ്ങളൊന്നും ഇന്ത്യ പോലൊരു രാജ്യത്ത് പ്രായോഗികമല്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് ചെയ്യാവുന്നത് പലതും ചെയ്‌തു എന്നതാണ് ധനകാര്യ നയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളിലൂടെ വ്യക്തമാകുന്നത്. ബാങ്കുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കാതിരിക്കുകയും എന്നാല്‍ ഇപ്പോള്‍ ചെയ്യാവുന്ന ബാലന്‍സ്‌ഡ് ആയ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ പിന്നാലെ വരുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ചത്. ഇതും സമ്പദ്‌വ്യവസ്ഥക്കും വിപണിക്കും ഉത്തേജനം പകരുന്ന തീരുമാനമാണ്.
റെപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നാല് ശതമാനമാണ് നിലവിലുള്ള റെപ്പോ നിരക്ക്. ഏറ്റവുമൊടുവില്‍ മെയിലാണ് റെപ്പോ നിരക്ക് കുറച്ചത്. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് താഴ്‌ത്തുക റിസര്‍വ് ബാങ്കിന് സാധ്യമായ കാര്യമല്ല. നിലവില്‍ 6.09 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. റിസര്‍വ് ബാങ്ക് രണ്ടിനും നാല് ശതമാനത്തിനുമിടയില്‍ പണപ്പെരുപ്പ നിരക്കിനെ നിയന്ത്രിച്ചു നിര്‍ത്തണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പം കുറയാതെ ഇനി നിരക്ക് കുറയ്‌ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകുമെന്ന് തോന്നുന്നില്ല.
ധനലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്‌പ കൂടുതലായി വിപണിയിലെത്തിക്കുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് ശക്തികാന്ത ദാസ് അറിയിച്ചത്. ഇടത്തരം ചെറുകിട സൂക്ഷ്‌മ സംരംഭങ്ങള്‍ക്ക് വായ്‌പ പുന:ക്രമീകരിക്കാന്‍ അവസരം നല്‍കുമെന്ന പ്രഖ്യാപനം സുപ്രധാനമാണ്. മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ കെ.വി.കാമത്ത് തലവനായ സമിതി കമ്പനികളുടെ വായ്‌പ പുന:ക്രമീകരിക്കുന്നതിനുള്ള രീതികള്‍ നിര്‍ദേശിക്കും. വായ്‌പാ പുന:ക്രമീകരണത്തിന് പ്രത്യേക ജാലകം തുറക്കും. പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഇടത്തരം ചെറുകിട സൂക്ഷ്‌മ സംരംഭങ്ങള്‍ക്ക് താങ്ങാകുന്ന നടപടിയാണ് ഇത്.
സ്വര്‍ണ വായ്‌പ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 75 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇത് 90 ശതമാനമായി ഉയര്‍ത്താനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. വായ്‌പാലഭ്യത ഉയര്‍ത്തുക എന്നതാണ് ഈ തീരുമാനത്തിന്റെയും ലക്ഷ്യം. തൊഴില്‍ നഷ്‌ടവും വരുമാന ചോര്‍ച്ചയും നേരിടുന്നവര്‍ അവലംബിക്കുന്ന സ്വര്‍ണ വായ്‌പ പോലുള്ള മാര്‍ഗങ്ങള്‍ വഴി കൂടുതല്‍ ധനലഭ്യത ഒരുക്കാന്‍ ഈ നിര്‍ദേശം സഹായകമാകും. ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വില്‍ക്കുക പലപ്പോഴും പ്രായോഗികമല്ലെന്നിരിക്കെ സ്വര്‍ണ വിലയുടെ 90 ശതമാനം വായ്‌പ ലഭിക്കുന്നത് കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണം കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നതിന് വഴിയൊരുക്കും. ആത്യന്തികമായി കമ്പനികള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ കൂടുതല്‍ ധനലഭ്യത സൃഷ്‌ടിക്കുകയും അതുവഴി വിപണിയില്‍ ഉണര്‍വുണ്ടാക്കുകയും ചെയ്യുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇന്നത്തെ പ്രഖ്യാപനങ്ങളുടെ കാമ്പ്.