ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത തിങ്കളാഴ്‌ച വരാനിരിക്കുകയാണ്. ഇരട്ടയക്കത്തിലുള്ള തളര്‍ച്ചയാണ് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് യുഎസ് പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം (recession) എന്ന അവസ്ഥയെ നേരിട്ടപ്പോഴും ഇന്ത്യ സാങ്കേതികമായി അത്തരമൊരു നിലയിലെത്തിയിരുന്നില്ല. തുടര്‍ച്ചയായി രണ്ട് ത്രൈമാസങ്ങള്‍ ജിഡിപി തളര്‍ച്ച നേരിടുന്ന സ്ഥിതിവിശേഷത്തെയാണ് സാങ്കേതികമായി സാമ്പത്തിക മാന്ദ്യം അഥവാ recession എന്ന് വിശേഷിപ്പിക്കുന്നത്. 2008ല്‍ പോലും നേരിടാത്ത മാന്ദ്യത്തിലേക്കാണ് നാം ഇപ്പോള്‍ പോയികൊണ്ടിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ കരുതുന്നത്.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ജിഡിപി 8.6 ശതമാനം തളര്‍ച്ച നേരിടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. സ്വതേന്ത്രന്ത്യയുടെ ചരിത്രത്തിലാദ്യമായി മാന്ദ്യം എന്ന അവസ്ഥയെ ഇന്ത്യ നേരിടും എന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ച 10.7 ശതമാനമാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിലയിരുത്തുന്നത്. നേരത്തെ 12 ശതമാനം തളര്‍ച്ചയായിരുന്നു എസ്‌ബിഐ പ്രവചിച്ചിരുന്നത്.
ഒന്നാം ത്രൈമാസത്തില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തളര്‍ച്ചയായിരുന്നു നേരിട്ടിരുന്നത്. 23.9 ശതമാനം തളര്‍ച്ചയാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലുണ്ടായത്. കോവിഡിന്റെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പു തന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായ സ്ഥിതിയിലാണ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞത് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ രൂക്ഷമായി ബാധിച്ചു. വിവിധ പഠനറിപ്പോര്‍ട്ടുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക തളര്‍ച്ചയാണ് രാജ്യം ഒന്നാം ത്രൈമാസത്തില്‍ നേരിട്ടത്. കാര്‍ഷിക രംഗം മാത്രമാണ് വളര്‍ച്ച നേടിയത്.
നടപ്പു സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 9.5 ശതമാനം തളര്‍ച്ചയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. റേറ്റിംഗ് ഏജന്‍സികളും സാമ്പത്തിക വിദഗ്‌ധരും ഇരട്ടയക്കത്തിലുള്ള തളര്‍ച്ചയാകും രണ്ടാം ത്രൈമാസത്തില്‍ നേരിടാന്‍ പോകുന്നതെന്നാണ് വിലയിരുത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ നേരിടാന്‍ പോകുന്ന പ്രതിസന്ധി ശക്തമാകുമെന്നാണ് സൂചനകള്‍.
ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന ചോദ്യം സ്വാഭാവികമാണ്. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്‌തികരമല്ല. ഉത്തേജക പാക്കേജ് എന്ന പേരില്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളൊന്നും ഒരു വലിയ പ്രതിസന്ധിയില്‍ നിന്ന് നമ്മെ കരകയറ്റാന്‍ ഉതകുന്നതല്ല. കൂടുതല്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുകയും സമ്പദ്‌ഘടനയില്‍ കൂടുതല്‍ ധനലഭ്യത സൃഷ്‌ടിക്കുകയും ചെയ്യേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അതിതീവ്ര പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി ചെയ്യേണ്ട സമയത്ത് തീര്‍ത്തും ഉപരിതല സ്‌പര്‍ശിയായ ഇടപെടലുകള്‍ മതിയാകില്ല. യഥാര്‍ത്ഥത്തില്‍ ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തെറ്റായ കണക്കുകള്‍ നിരത്തുന്ന ആത്മനിര്‍ഭര്‍ പദ്ധതിക്കു പിന്നിലുള്ളത് വെന്റിലേറ്ററില്‍ കിടത്തേണ്ട സമ്പദ്‌വ്യവസ്ഥയെ പാരസെറ്റാമോള്‍ നല്‍കി രോഗമുക്തമാക്കാം എന്ന് കരുതുന്ന തെറ്റായതും അശാസ്‌ത്രീയവുമായ രോഗനിര്‍ണയമാണ്.


















