ഒന്നിനു പിറകെ ഒന്നായി ട്വിസ്റ്റുകളും മെലോഡ്രാമയും കുത്തിനിറച്ച ചില സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കഥാഗതിയെ കുറിച്ച് ചിന്തിക്കാനുള്ള സമയം തന്നെ കിട്ടിയെന്നു വരില്ല. അപ്രതീക്ഷിതമായി കയറിവരുന്ന കഥാപാത്രങ്ങളും പൊടുന്നനെയുള്ള വഴിത്തിരിവുകളും പ്രേക്ഷകരെ ചിലപ്പോള്‍ ആശയകുഴപ്പത്തില്‍ ചാടിച്ചെന്നിരിക്കും. എല്ലാ ആശയകുഴപ്പങ്ങളുടെയും നൂലാമാലകള്‍ അഴിച്ചെടുത്ത് തൃപ്‌തികരമായ ഒരു ക്ലൈമാക്‌സില്‍ സിനിമ അവസാനിപ്പിക്കുമ്പോള്‍ അതുവരെയുള്ള അതിനാടകീയതയും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ഒരു പുകമറ പോലെ മാത്രമേ പ്രേക്ഷേകരുടെ മനസില്‍ അവശേഷിക്കുന്നുണ്ടാവുകയുള്ളൂ.
രാജസ്ഥാന്‍ രാഷ്‌ട്രീയം ഇപ്പോള്‍ ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരുടെ ശ്വാസം മുട്ടിക്കുന്ന അത്തരമൊരു സിനിമയുടെ കഥ പോലെയാണ് നീങ്ങുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിടത്തൊന്നും കഥയുടെ വഴിത്തിരിവുകള്‍ നിലയ്‌ക്കുന്നില്ല. കൊണ്ടും കൊടുത്തും മുന്നേറുന്ന എതിര്‍ചേരികളുടെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങള്‍ കഥയുടെ ഗതിയെ തന്നെ അട്ടിമറിക്കുന്നു. പുകമറ മാഞ്ഞ് വ്യക്തതയുള്ള ക്ലൈമാക്‌സിലേക്ക് എപ്പോഴാണ് എത്തിച്ചേരുക എന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല.
നായകന്റെയും പ്രതിനായകന്റെയും വേഷങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ കണ്ടിട്ടുള്ള രാഷ്‌ട്രീയ മൊലോഡ്രാമകളിലേതു പോലെ വേണ്ടത്ര കരുത്തില്ല എന്നതാണ് രാജസ്ഥാന്‍ രാഷ്‌ട്രീയ നാടകത്തിന്റെ ഒരു സവിശേഷത. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ദുര്‍ബലാവസ്ഥയില്‍ നിന്ന് വിജയത്തിന്റെ തീരത്തെത്തിച്ചിട്ടും അര്‍ഹമായ മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പോയ ഹതഭാഗ്യനായ യുവനേതാവ് എന്ന പ്രതിച്ഛായയായിരുന്നു ഈ മെലോഡ്രാമയിലെ നായകനായ സച്ചിന്‍ പൈലറ്റിന് ഉണ്ടായിരുന്നത്. ആദര്‍ശവാനായ സച്ചിന്‍ പൈലറ്റിന് ഒരിക്കലും ബിജെപിയിലേക്ക് പോകാനാകില്ല എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നതെങ്കിലും അദ്ദേഹം ബിജെപിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗെലോട്ടിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ 30 എംഎല്‍എമാരെയെങ്കിലും കൂടെ കൂട്ടി ബിജെപിക്കൊപ്പം പോകാനുള്ള പദ്ധതിയുമായാണ് അദ്ദേഹം ഹരിയാനയിലെ റിസോര്‍ട്ടില്‍ തമ്പടിച്ചതെന്നാണ് ആരോപിക്കപ്പെടുന്നത്. സച്ചിന്‍ തന്റെ വെളുത്ത വേഷം കാവി നിറത്തില്‍ മുക്കാനൊരുങ്ങുകയായിരുന്നുവെന്ന അന്തര്‍ നാടക വിശേഷങ്ങള്‍ പുറത്തുവന്നതോടെ നായക പരിവേഷത്തിന് മങ്ങലേറ്റു.
നായകനെ കൂടെ കൂട്ടാനൊരുങ്ങി ഒടുവില്‍ സ്വന്തം പാളയത്തിലെ പടയ്‌ക്കു മുന്നില്‍ തോറ്റുപോയ പ്രതിനായകന്റെ ഗതികേടാണ് അമിത് ഷാ നേരിടുന്നത്. സച്ചിന് കരുതിയ അത്രയും എംഎല്‍എമാരെ കൂടെ കൂട്ടാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കത്തിലൂടെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ സച്ചിന്‍-ബിജെപി ബാന്ധവ സാധ്യതകളെ തകര്‍ത്തു കളയുകയും ചെയ്‌തു. സച്ചിനെ മുഖ്യമന്ത്രിയാക്കി പുതിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാം എന്ന അമിത് ഷായുടെ പദ്ധതിയാണ് വസുന്ധര രാജ സിന്ധ്യ നിര്‍വീര്യമാക്കിയത്. ടിവി സീരിയലുകളിലെ `ആഢ്യത്വവും കുലീനതയും’ മുഖമുദ്രയായ ചില `ദുഷ്‌ട’ സ്‌ത്രീ കഥാപാത്രങ്ങളെ പോലെയാണ് വസുന്ധര രാജ സിന്ധ്യ ഈ രാഷ്‌ട്രീയ നാടകത്തില്‍ സച്ചിനും അമിത് ഷായ്‌ക്കും എതിരെ നില്‍ക്കുന്ന ശക്തയായ `വില്ലത്തി’യായി മാറിയത്. സച്ചിനെ കൂടെ കൂട്ടി തന്നെ തഴയാനാണ് ഭാവമെങ്കില്‍ കൂടെയുള്ള എംഎല്‍എമാര്‍ക്കൊപ്പം ഗെലോട്ടിനെ പിന്തുണക്കുമെന്നു വസുന്ധര വ്യക്തമാക്കിയതോടെ ഹരിയാന മോഡല്‍ ബിജെപി സര്‍ക്കാര്‍ രാജസ്ഥാനിലും രൂപീകരിക്കാനുള്ള പ്ലാന്‍ പൊളിഞ്ഞു.
അതിനിടെ പൊലീസും കോടതിയുമൊക്കെയായി സമാന്തര നാടകീയ രംഗങ്ങളിലൂടെ കൊഴുക്കുകയാണ് ഈ രാഷ്‌ട്രീയ അങ്കം. സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഗെലോട്ടിന്റെ നിര്‍ദേശ പ്രകാരം പൊലീസ് സച്ചിനെതിരെ നീക്കം നടത്തുന്നിടത്തു നിന്നാണ് ഈ അങ്കം തുടങ്ങുന്നതു തന്നെ. ഇപ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കും ബിജെപിയുടെ കേന്ദ്രമന്ത്രിയ്‌ക്കുമെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. അതിനിടെ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്‌പീക്കറുടെ നീക്കം ജൂലൈ 21 വരെ കോടതി തടഞ്ഞതോടെ നാടകം വീണ്ടും നീളാനുള്ള വഴിയൊരുങ്ങി.
സച്ചിന്, ഗെലോട്ട്, അമിത് ഷാ, വസുന്ധര എന്നീ രാഷ്‌ട്രീയ അച്ചുതണ്ടുകള്‍ക്കിടയിലൂടെ കറങ്ങുന്ന ഈ നാടകത്തില്‍ ഇപ്പോള്‍ സ്‌കോര്‍ ചെയ്‌തു നില്‍ക്കുന്നത് ഗെലോട്ടും വസുന്ധരയുമാണ്. പക്ഷേ ഇപ്പോള്‍ ഇവര്‍ക്ക് കിട്ടിയ മേല്‍ക്കൈ എത്ര കാലം നിലനില്‍ക്കുമെന്ന് കണ്ടറിയണം. സച്ചിന്‍ കോണ്‍ഗ്രസ് വിട്ടാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ക്ഷയം അതോടെ ആരംഭിക്കും. വസുന്ധരക്ക് എത്ര കാലം ബിജെപിയിലെ സര്‍വാധിപതിയായ അമിത്‌ഷാ എന്ന ചാണക്യനെതിരെ ബ്ലാക്ക് മെയില്‍ തന്ത്രം പ്രയോഗിച്ച് തുടരാനാകുമെന്നതും അനിശ്ചിതമായ കാര്യമാണ്.