പുണെ : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ 6-336; ഇംഗ്ലണ്ട് 4-337 (43.3).
സെഞ്ചുറിയുമായി ബെയര്‍സ്റ്റോയും (112 പന്തില്‍ 124) സെഞ്ചുറിക്ക് ഒരു റണ്ണരികെ വീണ സ്റ്റോക്സും (52 പന്തില്‍ 99) പുണെ കീഴടക്കി. 117 പന്തില്‍ 175 റണ്ണാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജാസണ്‍ റോയിയും (52 പന്തില്‍ 55) തിളങ്ങി. അരങ്ങേറ്റക്കാരന്‍ ലിയാം ലിവിങ്സ്റ്റണ്‍ (21 പന്തില്‍ 27) ശേഷിച്ച ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഇംഗ്ലണ്ട് ഇന്നിങ്സില്‍ 20 സിക്സറുകളായിരുന്നു.
ലോകേഷ് രാഹുലിന്റെ (114 പന്തില്‍ 108) സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. ഏഴ് സിക്സറുകളുടെ അകമ്പടിയുമായി കളംഭരിച്ച ഋഷഭ് പന്തും (40 പന്തില്‍ 77) സ്‌കോറൊരുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (79 പന്തില്‍ 66) ഒരിക്കല്‍ക്കൂടി അരസെഞ്ചുറിയില്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയാണ് (16 പന്തില്‍ 35) അവസാന ഓവറുകളില്‍ സ്‌കോര്‍ 300 കടത്തിയത്. ശിഖര്‍ ധവാന്‍ (17 പന്തില്‍ 4), രോഹിത് ശര്‍മ (24 പന്തില്‍ 25) എന്നിവര്‍ തിളങ്ങിയില്ല.
നിര്‍ണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും