ഒട്ടേറെ അടരുകളുള്ളതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളെ ഉടച്ചുവാര്‍ക്കുന്ന നയം നടപ്പു അധ്യയന വര്‍ഷത്തില്‍ തുടങ്ങി 2030 ആകുമ്പോഴേക്കും പൂര്‍ണമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിലെ ഓരോ തലങ്ങളിലായുള്ള നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പഠനത്തിന് സ്വീകരിക്കേണ്ട ഭാഷ സംബന്ധിച്ച നയത്തിലെ ചില നിര്‍ദേശങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയിലുള്ള പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് സ്വാഗതാര്‍ഹമാണ്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷ നിര്‍ബന്ധമാക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസത്തോടെയുള്ള അധ്യയനത്തിനുള്ള അടിത്തറ സൃഷ്‌ടിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്വന്തം ഭാഷയെ സ്‌നേഹിക്കാന്‍ ശീലിക്കുമ്പോഴാണ് തന്റെ നാടിന്റെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ ഒരാള്‍ക്ക് കഴിയുന്നത്. അതിന് കഴിയാത്തവര്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ പോലും അന്യന്മാരായി തുടരും.
മലയാളികളെ പോലെ മാതൃഭാഷയില്‍ സംസാരിക്കുന്നതിലും പഠിക്കുന്നതിലും എന്തോ ചില കുറവുകളുണ്ടെന്ന് കരുതുന്ന വളരെ ചുരുക്കം ജനസമൂഹങ്ങള്‍ മാത്രമേ ഈ ലോകത്തുണ്ടാകൂ. അത്തരം വിശ്വാസം സൂക്ഷിക്കുന്നവരുടെയും അണ്‍ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നടത്തുന്നവരുടെയും പുരികം ചുളിയുന്നതിന് ഈ നിര്‍ദേശം കാരണമാകുന്നത് സ്വാഭാവികം. നമ്മുടെ ചില മുന്‍ധാരണകളെ കൈവെടിയുന്നതിന് ഈ നിര്‍ദേശം കാരണമാകുമെന്ന് ആശിക്കാം.
ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയില്‍ ചെയ്യുന്ന രീതിയില്‍ ഈ ഉടച്ചുവാര്‍ക്കലിന് ഒരു തുടര്‍ച്ചയുണ്ടാകണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം. യൂറോപ്പിലും മറ്റും മാതൃഭാഷയില്‍ പഠിക്കുന്നതു കൊണ്ടാണ് ശാസ്‌ത്രവിഷയങ്ങള്‍ അവര്‍ക്ക് നന്നായി ഉള്‍ക്കൊള്ളാനാകുന്നതെന്നാണ് നയം തയാറാക്കിയ സമിതിയുടെ തലവന്‍ ഡോ.കെ.കസ്‌തൂരിരംഗന്‍ പറയുന്നത്. അത് ശരിയാണെങ്കിലും മുന്‍കാല ബ്രിട്ടീഷ് കോളനിയായ ഇന്ത്യ പോലൊരു രാജ്യവുമായി യൂറോപ്പിനെ താരതമ്യം ചെയ്യുന്നത് പൂര്‍ണമായും യുക്തിസഹമല്ല.
ജര്‍മനിയിലോ ഇറ്റലിയിലോ ഫ്രാന്‍സിലോ വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലീഷ് ഒരു നിര്‍ബന്ധിത ഭാഷയായി കടന്നുവരുന്നതേയില്ല. ഡച്ചിലും ഫ്രഞ്ചിലും സ്‌പാനിഷിലും ശാസ്‌ത്രവും മാനവിക വിഷയങ്ങളും പഠിച്ചാണ് യൂറോപ്പിലെ സര്‍വകലാശാലകളില്‍ നിന്ന് ശാസ്‌ത്രജ്ഞരും അക്കാദമിക്കുകളും ഡോക്‌ടര്‍മാരുമൊക്കെ ഉണ്ടാകുന്നത്. ഇംഗ്ലീഷിന് മുന്നില്‍ ഒരു തരത്തിലും അപകര്‍ഷത സൂക്ഷിക്കുകയോ ആ ഭാഷയുമായി താരതമ്യം നടത്തുകയോ ചെയ്യേണ്ട കാര്യമില്ലാത്ത, സ്വയംപര്യാപ്‌തവും വികസിതവുമായ ജനസമൂഹങ്ങളാണ് അത്തരം രാജ്യങ്ങളിലുള്ളത്. എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ പഠിക്കാനുള്ള സാങ്കേതിക ഭാഷ അവര്‍ വികസിപ്പിച്ചിട്ടുണ്ട്.
ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ് ഏഴ് പതിറ്റാണ്ടിന്റെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം മാത്രമുള്ള നമ്മുടെ രാജ്യം. ആധുനികതയോട് മുഖംതിരിച്ചു നില്‍ക്കുന്ന ജാതി, വര്‍ണം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ നിന്നുള്ള മോചനത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ഇംഗ്ലീഷ്. നമ്മുടെ ഭാഷയും സംസ്‌കാരവും പരിപാവനമാണെന്ന വിശ്വാസം കാരണം ആംഗലേയ ഭാഷയോട് മുഖം തിരിഞ്ഞുനിന്നവരായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും അംബേദ്‌കറുമെങ്കില്‍ സ്വതന്ത്രേന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നായി പോകുമായിരുന്നു. ആധുനികതയെ അടുത്തറിയാനും അത് ജീവിതത്തിലേക്കും സമൂഹത്തിലേക്കും ആവാഹിക്കാനുമുള്ള ഏറ്റവും വലിയ ആയുധമായിരുന്നു അവര്‍ക്ക് ആംഗലേഷയ ഭാഷ. ഇന്നും നമ്മുടെ നാട്ടില്‍ അത് ഏറെക്കുറെ അങ്ങനെ തന്നെയാണ്.
ശാസ്‌ത്രവിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാനുള്ള സാങ്കേതിക പദാവലി ഇപ്പോഴും ഒട്ടും വികസിച്ചിട്ടില്ലാത്ത മലയാളം പോലൊരു ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം എങ്ങനെ നിലവാരത്തോടെ ചെയ്യാനാകുമെന്നത് ആലോചിക്കേണ്ട വിഷയമാണ്. ഇംഗ്ലീഷില്‍ നിന്നുള്ള സാങ്കേതിക പദങ്ങള്‍ക്ക് തുല്യാര്‍ത്ഥത്തിനായി നാം പ്രധാനമായും ആശ്രയിക്കുന്നത് സംസ്‌കൃതത്തെയാണ്. ഈ രീതി പിന്തുടര്‍ന്ന് പ്രൊഫഷണല്‍ കോഴ്‌സുകളും ശാസ്‌ത്രവിഷയങ്ങളും പഠിക്കാനായി മലയാളവും സംസ്‌കൃതവും ചേര്‍ത്തുള്ള സങ്കീര്‍ണമായ `മണിപ്രവാളം’ സൃഷ്‌ടിക്കുന്നതു കൊണ്ട് ഇപ്പോള്‍ തന്നെ ഏറെ പിന്നില്‍ നില്‍ക്കുന്ന നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസം രക്ഷപ്പെടുമോ?

















