കൊച്ചി: രണ്ടാം ലോക മഹായുദ്ധ സമയത്ത് സഖ്യകക്ഷികള്‍ വെടിവച്ചിട്ട ജര്‍മന്‍ വിമാനങ്ങളിലെ അലുമിനിയം ലോഹസങ്കരമുപയോഗിച്ച് നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള മണി മുതല്‍ പോര്‍സലൈന്‍ കൊണ്ട് നിര്‍മിച്ച വെഡ്ജ്വുഡ് ബെല്‍സ് വരെയുള്ള മണികള്‍. 90 രാജ്യങ്ങളില്‍ നിന്നുള്ള 7500-ലേറെ മണികള്‍. സംഗതി യൂറോപ്പിലെ ഏതെങ്കിലും മ്യൂസിയത്തിലൊന്നുമല്ല, ഇവിടെ നമ്മുടെ തിരുവനന്തപുരത്തുണ്ട്. അതെ, തിരുവനന്തപുരത്തുകാരി ലതാ മഹേഷ് എന്ന 64-കാരി ദീര്‍ഘകാലംകൊണ്ട് ഉണ്ടാക്കിവരുന്ന മണികളുടെ ശേഖരമാണ് രാജ്യത്തെത്തന്നെ ഏറ്റവും വലിയ മണിശേഖരം. ഇത്തരം അപൂര്‍വ വിശേഷങ്ങള്‍ അവതരിപ്പിക്കുന്ന ഹിസ്റ്ററി ടിവി 18-ലെ ‘ഓഎംജി! യേ മേരാ ഇന്ത്യ’യുടെ ഈ വരുന്ന തിങ്കളാഴ്ച (മെയ് 31) രാത്രി 8 മണിക്കുള്ള എപ്പിസോഡില്‍ തന്റെ മണിശേഖരം അവര്‍ ഇന്ത്യയുടെ മൂമ്പാകെ പ്രദര്‍ശിപ്പിക്കും. ഇതുവരെയുള്ള വിവിധ എപ്പിസോഡുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപൂര്‍വങ്ങളായ ഗാന്ധി സ്മാരക വസ്തുക്കള്‍ മുതല്‍ വന്‍ഗതാഗത സംവിധാനങ്ങള്‍ വരെ അവതരിപ്പിച്ചു വരുന്ന ഓഎംജി! യേ മേരാ ഇന്ത്യയില്‍ ഇത്തരത്തിലുള്ള കൗതുകവസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കും ഹോബിയിസ്റ്റുകള്‍ക്കും വന്‍ജനപ്രീതി ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നി്ന്നുള്ള ലതയുടെ മണിശേഖരവും പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇവരുടെ വീടുകള്‍ പലപ്പോഴും ഒരു മ്യൂസിയംപോലെയാകുന്നതാണ് അനുഭവമെന്ന് പരിപാടിയുടെ വിവിധ എപ്പിസോഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന് 30 വര്‍ഷം പിന്നിടുന്ന തന്റെ ഈ മുഴങ്ങുന്ന ഹോബിക്കായി ലതയുടെ വീട്ടില്‍ പ്രത്യേകമായി നിര്‍മിച്ച ഒരു വലിയ മുറി തന്നെയുണ്ട്. 167 കിലോഗ്രാം ഭാരമുള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ മണിയാണ് കൂട്ടത്തിലെ ഏറ്റവും വലുത്. അത് മുറിയുടെ മധ്യഭാഗത്ത് ഇത് തൂക്കിയിട്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം അസാധരണ വിശേഷങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടി ഈയിടെ അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു.
