അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞതാണ് ശരി. ഹത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ ആദ്യം കുറെ മനുഷ്യമൃഗങ്ങള്‍ പീഡിപ്പിച്ചു, പിന്നീട് ഭരണകൂടം ഒന്നടങ്കം പീഡനം തുടര്‍ന്നു. മൃതദേഹം കത്തിച്ചുകളഞ്ഞപ്പോഴും ഫോറന്‍സിക് ഫലം പുറത്തുവിട്ടപ്പോഴുമൊ ക്കെ പൊലീസും ഭരണകൂടവും ചേര്‍ന്ന് ആ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുന്നത് തുടര്‍ന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആചാരപ്രകാരം സംസ്‌കാരം നടത്താൻ പോലും വിട്ടു നൽകാതെ മൃതദേഹം തോന്നിയതു പോലെ കത്തിച്ചുകളഞ്ഞ പൊലീസ് തങ്ങളുടെ ക്രമസമാധാന നിര്‍വഹണത്തിനു കീഴില്‍ കഴിയുന്ന യുപിയിലെ മുഴുവന്‍ ദളിതുകളുടെയും ആത്മാഭിമാനത്തിനാണ് ഈ പ്രവൃത്തിയിലൂടെ തീ കൊളുത്തിയത്. ഫോറന്‍സിക് ഫലത്തില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് പറയുന്ന പൊലീസ് കത്തുന്ന ദളിത് സമൂഹത്തിന്റെ മനസിലേക്ക് വീണ്ടും എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത്. കൊല്ലപ്പെട്ടവരോട് പോലും കാണിക്കുന്ന കാക്കിയുടെ ഈ ക്രൂരത സമാനതയില്ലാത്തതാണ്.
കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഒരു തരത്തിലും നീതി ലഭിക്കരുതെന്ന് തീര്‍ച്ചപ്പെടുത്തിയതു പോലെയാണ് പൊലീസ് തുടക്കം മുതലേ ഈ സംഭവത്തില്‍ നിലപാട് എടുത്തത്. പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് എത്തിക്കാന്‍ ധൃതി കൂട്ടിയ പൊലീസ് മാതാപിതാക്കളെ വീട്ടില്‍ പൂട്ടിയിട്ട് മൃതദേഹം കത്തിച്ചുകളഞ്ഞപ്പോൾ ഉത്തർപ്രദേശ് പോലീസിന്റെ കിരാത മുഖം ഒരിക്കല്‍ കൂടി കാട്ടിത്തരികയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളായ മനുഷ്യമൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഫോറന്‍സിക് ഫലത്തില്‍ പോലും കൃത്രിമം കലര്‍ത്തി എന്നാണ് സംശയിക്കേണ്ടത്.
ഇത്രയൊക്കെ സംഭവിച്ചിട്ടും യുപി മുഖ്യമന്ത്രിക്കോ ബിജെപിക്കോ ഒരു കൂസലുമില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണെന്ന് പറഞ്ഞ് ഈ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഭരണകൂടം തങ്ങളുടെ ജാതി രാഷ്‌ട്രീയത്തിന്റെ പൈശാചികമായ ദംഷ്‌ട്രകള്‍ മറ്റൊരിക്കല്‍ കൂടി പുറത്തേക്ക് വെളിവാക്കുകയാണ് ചെയ്യുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഏത് ജനരോഷത്തെയും സര്‍ക്കാരിന് അടിച്ചമര്‍ത്താന്‍ കഴിയുന്ന ഗതികെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെയും ജനങ്ങളെയും റോഡില്‍ തടയുന്ന ഭരണകൂടം കോവിഡിന്റേ പേരില്‍ ലഭിച്ച അമിതാധികാരം സമര്‍ത്ഥമായ മറയായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൊറോണയേക്കാള്‍ എത്രയോ മടങ്ങാണ് യൂ പി രാഷ്ട്രീയ നേതൃത്വത്തിന്റെയും അവരുടെ ജനുസില്‍ പെടുന്ന ഭരണാധികാരികളുടെയും സംഹാരശേഷി. വെറുപ്പിന്റെ രാഷ്‌ട്രീയം പടര്‍ത്താനും അത് നിലനിര്‍ത്താനും എന്ത് ക്രൂരതയും ചെയ്യാന്‍ അവര്‍ക്ക് കഴിയും. അവരാണ് ഇന്ന് യുപിയിലെ ദളിതുകളും ന്യൂനപക്ഷങ്ങളുമായ ഒരു വിഭാഗം മനുഷ്യര്‍ക്കു കൊറോണയേക്കാള്‍ എത്രോ മടങ്ങ് ഭീഷണി.
ഡല്‍ഹിയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ബലാത്സംഗ കേസുകളിലെ നരാധമന്‍മാരെ കടുത്ത നടപടികള്‍ക്ക് വിധേയമാക്കാനുള്ള നിയമനര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഹത്രസിലെ ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള വഴിയൊരുക്കുന്നതിന് സഹായകമാകരുതെന്ന് അതീവ നിര്‍ബന്ധമുള്ള പൊലീസും ഭരണകൂടവുമാണ് യുപിയിലുള്ളത്. പ്രതിഷേധത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് പ്രതിപക്ഷത്തെ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തു നിന്ന് ഈ സംഭവത്തിലുള്ള പ്രതികരണം അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ അതീവ തല്‍പ്പരരാണ്. തങ്ങള്‍ക്ക് ചെയ്യാവുന്ന ക്രൂരതകള്‍ക്കും അന്യായങ്ങള്‍ക്കും അറ്റമില്ലെന്ന് അധികാരത്തിലിരിക്കുന്ന പാര്‍ട്ടി വ്യക്തമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഭരണകര്‍ത്താവ് വാ തുറക്കേണ്ടതുണ്ട്. കത്വ സംഭവം നടന്നപ്പോള്‍ കാട്ടിയ നിസ്സംഗത തന്നെയാകുമോ ഇത്തരം ക്രൂരതതകളോട് അദ്ദേഹം തുടര്‍ന്നും പ്രകടിപ്പിക്കുക?