ബന്ധുനിയമത്തില്‍ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ രാജി
തിരുവനന്തപുരം : ബന്ധുനിയമനക്കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ പ്രതികൂല വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രാജിവച്ചു. ബന്ധുനിയമത്തില്‍ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ രാജി.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ഗവര്‍ണറുടെ ഓഫീസിന് കൈമാറി. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു.
ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെട്ടിരുന്നു.