‘ പ്രവാസികള്‍ കൈയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ് ലോക കേരള സഭയ്‌ക്കെത്തിയത് ‘
തിരുവനന്തപുരം : പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചതിലും പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയത് ധൂര്‍ത്തെന്ന രീതിയില്‍ വിമര്‍ശിച്ചതിലും പ്രവാസികള്‍ക്ക് മനോവേദനയുണ്ടാക്കിയതായി പ്രമുഖ വ്യവസായി ഡോ എം എ യൂസഫലി.
ലോക കേരള സഭയുടെ സമ്മേളനം പ്രതിപക്ഷ നേതാക്കള്‍ ബഹിഷ്‌കരിച്ചതിനെ അപലപിച്ച യൂസഫലി പ്രവാസികളുടെ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവഴിച്ച് വിമാനടിക്കറ്റെടുത്താണ് ലോക കേരള സഭയില്‍ എത്തിയതെന്നും ഇവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കിയത് ധൂര്‍ത്താണെന്ന് വിമര്‍ശിക്കുന്നത് മനോവേദനയുണ്ടാക്കിയെന്നും യൂസഫലി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
പ്രതിപക്ഷ കക്ഷികളെ പിന്തുണയ്ക്കുന്ന പല പ്രവാസി സംഘടനകളുടേയും പ്രതിനിധികള്‍ ഇവിടെ ഉണ്ട്. എന്നാല്‍ ഇവരുടെ നേതാക്കള്‍ എവിടെ എന്ന് തിരക്കി. രാഷ്ട്രീയം മാറ്റിവെച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രവാസി വിഷയങ്ങളില്‍ ഒന്നിക്കുകയാണ് വേണ്ടതെന്നും യൂസഫലി പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശരിയല്ലെന്നും ഇവിടെ വന്നവര്‍ക്ക് സ്വന്തം ചെലവില്‍ താമസിക്കാനും ഭക്ഷണം കഴിക്കാനും പറ്റാത്തവരല്ല, പ്രതിപക്ഷ നേതാക്കളുടെ നിലപാടില്‍ ദുഖമുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.













