പെരിയ ഇരട്ടകൊലക്കേസില്‍ സിബിഐ അന്വേഷണത്തെ എന്ത് വില കൊടുത്തും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത് അസാധാരണമായ നടപടിയാണ്. ഒരു പാര്‍ട്ടി നടത്തേണ്ട കേസ് സര്‍ക്കാര്‍ ഖജനാവിലെ നികുതി പണം ചെലവാക്കി നടത്തിയെന്നതാണ് ഈ നടപടിയിലെ അസാധാരണത്വം. ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിനും ഡിവിഷന്‍ ബെഞ്ചിനും പിന്നാലെ സുപ്രിം കോടതിയും സിബിഐ അന്വേഷണം എന്ന ആവശ്യത്തെ അംഗീകരിച്ചതോടെ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
2019 ഫെബ്രുവരി 17ന് കാസര്‍ക്കോട് ജില്ലയിലെ പെരിയയില്‍ വെച്ച് യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സാരമായ വീഴ്‌ചകളുമുണ്ടായെന്ന ആരോപണം തുടക്കത്തിലേ ഉണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അന്വേഷണം പൂര്‍ണമല്ലെന്നും ഗൂഢാലോചന നടത്തിയ നേതാക്കളെ രക്ഷപ്പെടുത്തുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നുമാണ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ആരോപിക്കുന്നത്.
അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ വീഴ്‌ചകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി സിബിഐയെ കേസ് ഏല്‍പ്പിക്കണമെന്ന കൊലക്ക് ഇരയായ ചെറുപ്പക്കാരുടെ കുടുംബങ്ങളുടെ അഭ്യര്‍ത്ഥന ശരിവെച്ചത് സര്‍ക്കാരിന് ഒരു തരത്തിലും ഉള്‍ക്കൊള്ളാനായില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയും അവിടെ പരാജയപ്പെട്ടപ്പോള്‍ സുപ്രിം കോടതിയെയും സര്‍ക്കാര്‍ സമീപിച്ചു. പക്ഷേ തുടര്‍ച്ചയായി തിരിച്ചടി നേരിട്ട സര്‍ക്കാര്‍ ഫലത്തില്‍ കോടതിയുടെയും പൊതുസമൂഹത്തിന്റെയും വിമര്‍ശനങ്ങള്‍ ഇരന്നുവാങ്ങുകയാണ് ചെയ്‌തത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു കോടിയില്‍ പരം തുക ചെലവഴിച്ചാണ് വിദഗ്‌ധരായ അഭിഭാഷകരെ കൊണ്ട് കേസ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും വാദിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ നഷ്‌ടം ലക്ഷങ്ങള്‍ ശമ്പളമായും ആനുകൂല്യങ്ങളായും വാങ്ങുന്ന മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ അവര്‍ക്ക് ഉപദേശം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കോ അല്ല, നികുതി നല്‍കുന്ന പൊതുജനത്തിനാണ്. തീര്‍ത്തും രാഷ്‌ട്രീയമായ താല്‍പ്പര്യം മാത്രമുള്ള, ഒരു തരത്തിലും പൊതുജനതാല്‍പ്പര്യം അവകാശപ്പെടാനില്ലാത്ത ഈ കേസിനു വേണ്ടി ഇത്രയും പണം ഖജനാവില്‍ നിന്ന് ചെലവഴിച്ചതിന് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് കേസ് നടത്തുന്നത് സര്‍ക്കാരിന്റെ അവകാശമാണെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ ന്യായീകരണം. പെരിയ കേസില്‍ അഭിഭാഷകര്‍ക്ക് ആവശ്യമെങ്കില്‍ ഇനിയും സര്‍ക്കാര്‍ പണം നല്‍കുമെന്നാണ് അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. താന്‍ കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകളെ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് അഭിഭാഷകരെ പുറത്തുനിന്ന് കൊണ്ടുവന്ന് കോടതികളില്‍ ന്യായീകരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്നതില്‍ ഒരു തെറ്റും അദ്ദേഹം കണ്ടില്ല. സര്‍ക്കാരിന്റെ പണമെന്നാല്‍ സര്‍ക്കാരിനെ നയിക്കുന്നവരുടെ പണമാണെന്ന മട്ടിലുള്ള ലാഘവ മനോഭാവത്തോടെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്ന നൂറുകണക്കിന് അഭിഭാഷകരുള്ളപ്പോഴാണ് ഈ വിഷയം അഭിമാന പ്രശ്‌നമായി കണ്ട് എന്ത് വില കൊടുത്തും കേസ് ജയിക്കുക എന്ന ലക്ഷ്യത്തോടെ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നത്. ഗൂഢാലോചനയില്‍ പങ്കുകൊണ്ട ക്രിമിനലുകളായ നേതാക്കളെ സിബിഐയുടെ പിടിയില്‍ നിന്നും രക്ഷിക്കാനായി ഇത്രയും പണം പാഴാക്കിയ സര്‍ക്കാര്‍ ഒരു പാര്‍ട്ടിയുടെ ഉപകരണം പോലെ തരംതാണു പ്രവര്‍ത്തിച്ചത് നിര്‍ഭാഗ്യകരമാണ്. പാഴാക്കിയ പണം ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്നതു പോലെ എന്തെല്ലാം ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് തൊഴിലാളി വര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി ആലോചിക്കേണ്ടതാണ്.


















