ഏകാധിപത്യ വാസനകള്‍ പ്രകടിപ്പിക്കുന്നവരും മാടമ്പികളുടെ സ്വഭാവം കാണിക്കുന്നവരുമായ ചില നേതാക്കള്‍ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ചോദ്യം ചെയ്യപ്പെടാത്ത പ്രതാപികളായി വാഴുന്നത് എന്തുകൊണ്ടാണ്? അവരുടെ ഏത് ചെയ്‌തിയെയും ന്യായീകരിക്കാനും പിന്തുണക്കാനും തയാറാകുന്ന പാര്‍ട്ടി അണികൾ ഉള്‍പ്പെടെയുള്ളവരുടെ സംഘബലമാണ് അത്തരം നേതാക്കളുടെ ആത്യന്തികമായ കരുത്ത്. കഴിഞ്ഞ ആറര വര്‍ഷം കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും രാജ്യത്തിന് ചെയ്യാത്ത, കോട്ടങ്ങള്‍ പലതും ചെയ്‌തിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും സര്‍വപ്രതാപിയായി വാഴുന്നതിന് കാരണം ഈ പിന്‍ബലമാണ്. മോദി എന്തു വിവരക്കേട് കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന അണികൾ ജനാധിപത്യത്തെ അന്തസ്സാരശൂന്യമായ ഒരു സംവിധാനമാക്കി മാറ്റുന്നു.
രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കേരളം പ്രബുദ്ധമാണെന്നാണ് സങ്കല്‍പ്പമെങ്കിലും അണികൾക്ക് ഇവിടെയും ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപജാപങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ ശിവശങ്കറിനെ ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇറങ്ങിത്തിരിച്ച പാര്‍ട്ടി അനുയായികളുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ കേരളത്തിന്റെ `പ്രബുദ്ധത’ എത്രത്തോളം ഉയര്‍ന്നതാണെന്ന് മനസിലാക്കാനാകും. ശിവശങ്കറിനെ നമ്പി നാരാണായനെ പോലെ മാധ്യമങ്ങളുടെയും രാഷ്‌ട്രീയ ഗൂഢാലോചനയുടെയും ഇരയായി ചിത്രീകരിക്കാന്‍ പോലും ഈ അനുയായികൾ തയാറായി. വര്‍ഷങ്ങളോളം നീതികേടിന്റെ ഇരയായി വേട്ടയാടപ്പെട്ട നമ്പി നാരായണന്‍ എന്ന പാവം മനുഷ്യനെ ഈ താരത്യമത്തിലേക്ക് വലിച്ചിഴക്കുന്നതു തന്നെ അദ്ദേഹത്തോട് ചെയ്യുന്ന കൊടിയ അനീതിയാണ്.
കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഒരു വിവാദത്തിന്റെ കേന്ദ്രസ്ഥാനീയനെ നമ്പി നാരായാണനുമായി താരതമ്യം ചെയ്യുന്ന ആ തൊലിക്കട്ടി ഈ അണികൾക്ക് ലഭിക്കുന്നത് ശിവശങ്കറിനോട് ഏതെങ്കിലും തരത്തിലുള്ള പ്രതിപത്തിയുള്ളതു കൊണ്ടല്ല. സിപഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടുള്ള അന്ധമായ ആരാധനയും കൂറും കൊണ്ടു മാത്രമാണ് സൈബര്‍ സഖാക്കള്‍ ഈ വിക്രിയകള്‍ ചെയ്‌തു കൂട്ടുന്നത്. പിണറായി വിജയന്റെ മേല്‍ ആരോപണത്തിന്റെ നിഴല്‍ പോലും പതിക്കുന്നത് ഈ അണികൾക്ക് സഹിക്കാവുന്നതല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ `സേവ്’ ചെയ്യാനുള്ള ദൗത്യവുമായി മനസ് പാര്‍ട്ടിക്കും നേതാവിനും അടിയറവ് വെച്ചവര്‍ സൈബര്‍ ഇടങ്ങളില്‍ ഒരുങ്ങി പുറപ്പെടുന്നു. ശിവശങ്കരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതു കൊണ്ടൊന്നും ഈ അണികൾ തങ്ങളുടെ ന്യായീകരണ തൊഴില്‍ നിര്‍ത്തുമെന്ന് കരുതാനാകില്ല. അന്ധമായ ന്യായീകരണ തൊഴിലില്‍ പുതിയ സ്‌കില്ലുകള്‍ വികസിപ്പിക്കുന്നതിന് അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
ഈ അവസരത്തില്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും സേവനം അനുഷ്‌ഠിച്ചിരുന്ന കെ.സുരേഷ് കുമാറിന്റെ മകന്‍ അനന്തു സുരേഷ്‌കുമാര്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമായി. ഒരേ തസ്‌തികകള്‍ രണ്ട് കാലങ്ങളില്‍ കൈകാര്യം ചെയ്‌തവരെന്ന നിലയില്‍ ശിവശങ്കറും സുരേഷ്‌കുമാറും തമ്മിലുള്ള താരതമ്യം എന്തുകൊണ്ടും പ്രസക്തമാണ്. മൂന്നാറിലെ ഒഴിപ്പിക്കല്‍ ദൗത്യം യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ നടപ്പിലാക്കിയ സുരേഷ് കുമാറിന് പിന്നീട് ആ സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ടു. സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ സുരേഷ്‌കുമാര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് തടഞ്ഞുവെക്കപ്പെട്ട പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ നിയമത്തിന്റെ വഴിയേ പോകേണ്ടി വന്നു.
രണ്ട് ഉദ്യോഗസ്ഥരോടും പാര്‍ട്ടി സ്വീകരിച്ചത് വ്യത്യസ്‌ത സമീപനമാണ്. പാര്‍ട്ടി നേതൃത്വം എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നു തന്നെ ഈ വ്യത്യസ്‌ത സമീപനങ്ങളില്‍ നിന്ന് മനസിലാക്കാം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും കൊള്ളരുതായ്‌മകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്‌ത സുരേഷ് കുമാറിനെ ദ്രോഹിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പാര്‍ട്ടി തേടി. അതേ സമയം കൊള്ളരുതായ്‌മകളുടെ ചെളിയില്‍ അടിമുടി കുളിച്ചുനിന്ന ശിവശങ്കറിനെ പ്രതിരോധിക്കാന്‍ അവസാന നിമിഷം വരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവുന്നതെല്ലാം ചെയ്‌തു. അയാളുടെ വഴിവിട്ട ചെയ്‌തികളെ കുറിച്ച് ഒരു അന്വേഷണത്തിന് പോലും സര്‍ക്കാര്‍ മുതിര്‍ന്നില്ല.
പാര്‍ട്ടിയിലും സര്‍ക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത പിണറായി വിജയന് നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ശിവശങ്കറിന്റെ തനിനിറം മനസിലാക്കാന്‍ കഴിയാതെ പോയത് അദ്ദേഹം വിശ്വസ്‌തരെ കണ്ണുമടച്ച് വിശ്വസിച്ചതിന്റെ ഫലമാണ്. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് ആ അന്ധമായ വിശ്വാസത്തിന്റെ പ്രതിഫലമായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. പാര്‍ട്ടി അണികൾ സൈബര്‍ ഇടങ്ങളില്‍ ചമക്കുന്ന ന്യായീകരണം കൊണ്ട് തടയിടാനാകുന്നതല്ല ആ പ്രതിസന്ധി.