കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാടകീയമായ ചില സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത് വിരളമായി മാത്രം സംഭവിക്കുന്നതാണ്. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കാന്‍ അവധി ദിവസമായിട്ടു പോലും ഹൈക്കോടതി പ്രത്യേക സിറ്റിംഗ് കൂടിയത് അതിലേറെ വിരളം.
തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്‌ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്‌മപരിശോധനക്കു ശേഷം തള്ളിയത്. തലശേരിയും ഗുരുവായൂരും ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാന മണ്‌ഡലങ്ങളാണ്. ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യനും തലശേരിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസുമാണ് പത്രിക നല്‍കിയത്. ഇരുമണ്‌ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 20,000ല്‍ ഏറെ വോട്ടുകള്‍ നേടിയിരുന്നു. എന്‍ഡിഎയിലെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി ദേവികുളത്ത് സമര്‍പ്പിച്ച പത്രികയും തള്ളി.
പ്രഥമദൃഷ്ട്യാ തന്നെ ആര്‍ക്കും ബോധ്യപ്പെടാവുന്ന പിശകുകള്‍ കാരണമാണ് പത്രികകള്‍ തള്ളിയത്. നിവേദിത സുബ്രഹ്മണ്യന്റെ പത്രികയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല. ഹരിദാസിന്റെ പത്രികയില്‍ ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നല്‍കുന്ന ഫോം എയില്‍ ദേശീയ പ്രസിഡന്റ് ഒപ്പിട്ടിട്ടില്ല. ദേവികുളത്തെ സ്ഥാനാര്‍ത്ഥിന ഫോം പൂര്‍ണമായി പൂരിപ്പിച്ചിട്ടു പോലുമില്ല.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തിലെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന രണ്ട് നേതാക്കള്‍ തങ്ങള്‍ക്ക് ഗണ്യമായ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് പ്രമുഖ മണ്‌ഡലങ്ങളില്‍ മത്സരിക്കാനായി സമര്‍പ്പിച്ച പത്രികയിലാണ് ഇത്തരം തെറ്റുകള്‍ സംഭവിച്ചത് എന്നത് തീര്‍ത്തും വിചിത്രമാണ്. സാധാരണ നിലയില്‍ പ്രമുഖ പാര്‍ട്ടികള്‍ പത്രിക തയാറാക്കുന്നതിലും പിശകുകള്‍ ഒഴിവാക്കുന്നതിലും ഏറെ സൂക്ഷ്‌മത പുലര്‍ത്താറുണ്ട്. അതിനായി വിദഗ്‌ധരെ നിയോഗിക്കാറുമുണ്ട്. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഇത്തരമൊരു പിശക് സംഭവിച്ചത് വലിയ നാണക്കേടു തന്നെയാണ്. തെറ്റില്ലാതെ പത്രിക സമര്‍പ്പിക്കാന്‍ പോലും അറിയാത്ത സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാര തകര്‍ച്ച എത്രത്തോളമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥി പത്രികാ സമര്‍പ്പണത്തിനുള്ള സമയം തീരാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് നാമനിര്‍ദേശത്തിനായി വരണിധികാരിയുടെ മുന്‍പാകെ എത്തിയത്. മറ്റെല്ലാ മണ്‌ഡലങ്ങളിലും തെറ്റ് കൂടാതെ പത്രിക സമര്‍പ്പിച്ച പാര്‍ട്ടിക്ക് രണ്ട് മണ്‌ഡലങ്ങളില്‍ മാത്രം പിശക് സംഭവിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ തന്നെ ആര്‍ക്കും ബോധ്യമാകുന്ന തെറ്റുകള്‍ തിരുത്താതെ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ വരണാധികാരികള്‍ക്കെതിരെ കേസ് നല്‍കിയതും അത് സിറ്റിംഗിനെടുക്കാന്‍ കോടതിക്ക് അവധി പോലും തടസമാകാതിരുന്നതും വിചിത്ര നടപടിയാണ്. വിജ്‌ഞാപനത്തിനു ശേഷം കോടതിക്ക് ഇടപെടാനാകില്ലെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതോടെ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെ പോരിന് കൂടി വേദി ഒരുങ്ങിയിരിക്കുന്നു.