കോവിഡിനെ തുരത്തിയ രാജ്യങ്ങളിലേക്ക് വീണ്ടും ആഗോള മഹാമാരി തിരികെയെത്തുന്നത് ആശങ്കാജനകമായ വാര്‍ത്തയാണ്. കോവിഡിനെ പിടിച്ചുകെട്ടുക ഒട്ടും എളുപ്പമല്ലെന്നും കുറച്ചു കാലമെങ്കിലും നാം ഈ മഹാമാരിയുമായുള്ള അങ്കം തുടരേണ്ടി വരുമെന്നുമാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തമായ സൂചന.
കോവിഡിനെ നേരത്തെ അകറ്റിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. 102 ദിവസം ഒരു കോവിഡ് കേസ് പോലുമില്ലാതെ പ്രതിരോധത്തിന്റെ മാതൃക കാട്ടിത്തന്ന ന്യൂസിലാന്റ് പക്ഷേ ഒടുവില്‍ രണ്ടാം വേവിന് ഇരയായി. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത ഓക്‌ലാന്റില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. സെപ്‌റ്റംബര്‍ 19ന് ന്യൂസിലാന്റില്‍ നടത്താനിരുന്ന പൊതുതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17ലേക്ക് മാറ്റിവെക്കുന്നതിനാണ് കൊറോണയുടെ രണ്ടാം വരവ് വഴിവെച്ചത്.
ഫെബ്രുവരി 28നാണ് ന്യൂസിലാന്റില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. മെയ് ഒന്നിനു ശേഷം അവിടെ നിന്നും പുതിയ പോസിറ്റീവ് കേസുകളൊന്നും ഉണ്ടായില്ല. പക്ഷേ 102 ദിവസത്തെ പ്രതിരോധ വിജയം കഴിഞ്ഞ ദിവസം അവസാനിച്ചു. പുതിയ വേവിന്റെ പ്രഭവകേന്ദ്രം ഏതെന്ന് മനസിലാക്കാനാകാത്തത് രോഗത്തിന്റെ നിയന്ത്രണത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.
കോവിഡിനെതിരെ പോരാടുന്ന കേരളത്തിന് ന്യൂസിലാന്റിന്റെ അനുഭവം ഒരു പാഠമാണ്. കേരളത്തില്‍ പ്രതിദിനം 20,000 പേര്‍ വരെ കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത് എന്ന മുന്നറിയിപ്പുമായി ന്യൂസിലാന്റിന്റെ അനുഭവത്തെ ചേര്‍ത്തു വായിക്കണം. ആഴ്‌ചകള്‍ നീളുന്ന അടച്ചുപൂട്ടലിനു ശേഷം പുതിയ പോസിറ്റീവ് കേസുകളില്ലെന്ന ആശ്വാസത്തില്‍ തുറക്കുന്ന ഓരോ ക്ലസ്റ്ററിലും പൂര്‍വാധികം ശക്തിയോടെ കൊറോണയുടെ ആക്രമണമുണ്ടാകാം. ആര്‍ക്കും എപ്പോഴും എവിടെവെച്ചും രോഗം പിടിപെടാം. അതിര്‍ത്തികള്‍ തദ്ദേശീയര്‍ക്കുമാത്രമായി തുറന്ന ന്യൂസിലാന്റിന്റെ അനുഭവം ഇതാണെങ്കില്‍ ദിവസേന കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ന്യൂസിലാന്റ്. മാതൃകാപരമായ ഒരു വികസന സങ്കല്‍പ്പം തന്നെ ന്യൂസിലാന്റിനുണ്ട്. അവരുടെ പരിസ്ഥിതി സംരക്ഷണം ഏറെ പ്രകീര്‍ത്തിപ്പെട്ടിക്കപ്പെട്ടിട്ടുള്ളതാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഉന്നത നിലവാരത്തിലുള്ള സോഷ്യല്‍ സെക്യൂരിറ്റിയാണ്. ജനസാന്ദ്രത തീരെ കുറഞ്ഞ അങ്ങനെയൊരു രാജ്യമാണ് ലോക്‌ഡൗണും കര്‍ശനമായ പരിശോധനയും വഴി കോവിഡിനെതിരെ പോരാടുകയും മൂന്ന് മാസത്തിലേറെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ ഇല്ലാത്ത സ്ഥിതി കൈവരിക്കുകയും ചെയ്‌തത്. കൊറോണയുടെ രണ്ടാം വരവിനെ അവര്‍ നേരിടുന്നതും പ്രാദേശികാടിസ്ഥാനത്തിലുള്ള ലോക് ഡൗണിലൂടെയാണ്.
പക്ഷേ കേരളം പോലെ ജനസാന്ദ്രത വളരെ ഉയര്‍ന്ന ഒരു പ്രദേശത്ത് ലോക്‌ഡൗണിലൂടെ കൊറോണയെ നേരിടാന്‍ സാധിക്കുന്നതില്‍ ഒരു പരിധിയുണ്ട്. ജനസാന്ദ്രത കുറഞ്ഞതും ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സോഷ്യല്‍ സെക്യൂരിറ്റിയുള്ളതും സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നതുമായ ഒരു കൊച്ചുരാജ്യം ചെയ്‌തതു അതേ പടി പകര്‍ത്താനൊന്നും കേരളത്തിന് സാധിക്കില്ല. എന്തെല്ലാം താരതമ്യങ്ങള്‍ വികസിത രാജ്യങ്ങളുമായി നടത്തിയാലും കേരളം ഒരു വികസ്വര രാജ്യത്തിന്റെ ഭാഗമായ ഒരു സംസ്ഥാനം മാത്രമാണെന്നത് ഓര്‍ക്കേണ്ടതുണ്ട്.
വികസിത രാജ്യങ്ങള്‍ നടപ്പിലാക്കിയ രീതികള്‍ അതേ പടി നമുക്ക് പകര്‍ത്താനാകില്ല. പ്രതിദിനമുണ്ടാകുന്ന കോവിഡ് കേസുകള്‍ 15,000 മുതല്‍ 20,000 വരെയാകാമെന്ന മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്ന സ്ഥിതിയിലേക്ക് എത്തുകയാണങ്കില്‍ നിലവിലുള്ള അടച്ചുപൂട്ടല്‍ ശൈലി സംസ്ഥാന വ്യാപകമാക്കിയാകുമോ നാം അതിനെ നേരിടുക? അങ്ങനെയെങ്കില്‍ അത് ജനങ്ങളുടെ ജീവിതം എത്രത്തോളം ദുരിതമയമാക്കും? പൊതുവിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുകയാണ് രോഗവ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നിരിക്കെ അത് കാര്യക്ഷമമായി ചെയ്യാന്‍ നമ്മുടെ അധികാരികള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? ചോദ്യങ്ങള്‍ ഒട്ടേറെയുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന ഉത്തരങ്ങള്‍ ആവര്‍ത്തിച്ചാല്‍ മതിയോയെന്ന് അധികൃതര്‍ സ്വയം ചോദിക്കേണ്ടതുണ്ട്.