അബുദാബി : നഗര സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുംവിധം പൊതുനിരത്തിൽ ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ നിർത്തിയിടുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് 4000 ദിർഹം (95022 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്. വാഹനത്തിന്റെ അവശിഷ്ടങ്ങൾ പൊതുനിരത്തിൽ ഉപേക്ഷിക്കുന്നവർക്കും ഇതേ പിഴ ചുമത്തും.
ആദ്യ തവണ 1000 ദിർഹവും രണ്ടാമതും നിയമം ലംഘിച്ചാൽ പിഴ 2000 ദിർഹവും ഈടാക്കും. നിയമലംഘനം തുടർന്നാൽ പിഴ 4000 ദിർഹമാകും. ദീർഘകാല അവധിക്കു രാജ്യം വിടുന്നവർ വാഹനം വൃത്തിയായി സൂക്ഷിക്കാനുള്ള ഏർപ്പാട് ചെയ്യണമെന്നും നഗരസഭ ആവശ്യപ്പെട്ടു. പൊതുപാർക്കിങ് ദുരുപയോഗം ചെയ്ത് മാസങ്ങളോളം പൊടിപിടിച്ച് നിർത്തിയിട്ട വാഹനത്തിൽ ആദ്യം നഗരസഭ 3 ദിവസത്തേക്കു മുന്നറിയിപ്പ് നോട്ടിസ് പതിക്കും.
ഇതിനകം വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കിൽ പരമാവധി 4000 ദിർഹം വരെ പിഴ ചുമത്തും. അവഗണിച്ചാൽ മുനിസിപ്പാലിറ്റി അധികൃതരെത്തി കെട്ടിവലിച്ച് യാഡിലേക്കു മാറ്റും. ഇവ വീണ്ടെടുക്കുന്നതിന് 1500 ദിർഹം അടയ്ക്കേണ്ടിവരും. 30 ദിവസത്തിന് ശേഷമാണ് തിരിച്ചെടുക്കുന്നതെങ്കിൽ പിഴ 3000 ദിർഹമാകും.
