മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം ഓഹരി വിപണി ഇന്ന് ശക്തമായ കരകയറ്റം നടത്തി. നിഫ്‌റ്റി 11,300ന് മുകളിലേക്ക് ഉയരുന്നതിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചു.
വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 558 പോയിന്റ് ലാഭത്തിലായിരുന്നു. 38,554 പോയിന്റ് വരെ വ്യാപാരത്തിനിടെ പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 38,492 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
168 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,300ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,317.75 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
അള്‍ട്രാടെക് സിമന്റ്, ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, ഗ്രാസിം ഇന്റസ്‌ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും ലാഭം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. അള്‍ട്രാടെക് സിമന്റ് 7.07 ശതമാനം നേട്ടമുണ്ടാക്കി.
ഓട്ടോ ഓഹരികളാണ് ഇന്ന് പ്രകടനത്തില്‍ മുന്നിട്ടു നിന്നത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.37 ശതമാനം ഉയര്‍ന്നു. മഹീന്ദ്ര & മഹീന്ദ്ര 5.26 ശതമാനം നേട്ടം രേഖപ്പെടുത്തി. ഈ ഓഹരി ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്‌തു.
ഐടി ഓഹരികള്‍ ഇന്ന് ശക്തമായ മുന്നേറ്റത്തിലൂടെ വിപണിക്ക് തുണയേകി. ടിസിഎസ് 4.57 ശതമാനം ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് എന്നിവ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചിക 2.51 ശതമാനം ഉയര്‍ന്നു.
ഇന്‍ഫ്രാടെല്‍, നെസ്‌ളേ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.