മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജന്മശതാബ്‌ദിയാണ് അടുത്ത വര്‍ഷം. ഇതിനോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് തെലുങ്കാന യൂണിറ്റിന് അഭിനന്ദനം അറിയിച്ചും നരസിംഹറാവുവിനെ പ്രകീര്‍ത്തിച്ചും സോണിയാഗാന്ധി അയച്ച കത്തിലെ വാചകങ്ങളില്‍ ഒരു പശ്ചാത്താപത്തിന്റെ ധ്വനിയുണ്ടോ?
നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് ആദ്യമായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസ് നേതാവ് എന്ന ചരിത്രം സൃഷ്‌ടിച്ച നരസിംഹറാവുവിനെ കുറിച്ച് നല്ലതൊന്നും പറയാന്‍
ഇതുവരെ നെഹ്‌റു കുടുംബം തുനിഞ്ഞിട്ടില്ല. നെഹ്‌റു കുടുംബവുമായി ഭിന്നതയിലായിരുന്ന നരസിംഹറാവുവിന് അദ്ദേഹം മരിച്ചപ്പോള്‍ ദല്‍ഹിയില്‍ സംസ്‌കാരം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയാറായിരുന്നില്ല.
വെല്ലുവിളികള്‍ നേരിട്ടിരുന്ന സമയത്ത് അതിനെ മറികടക്കാന്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിന് സാധിച്ചു എന്ന് സോണിയാഗാന്ധി ഇന്ന് അനുസ്‌മരിക്കുന്നത് വെല്ലുവിളികള്‍ മൂലം അനുദിനം മെലിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്ന ഒരു സമയത്താണ്. തിരിച്ചടികള്‍ നേരിടുമ്പോഴാണല്ലോ പഴയ ശത്രുക്കളോട് ചെയ്‌തതിന് മരണശേഷമാണെങ്കിലും പശ്ചാത്തപിക്കാന്‍ പൊതുവെ ആളുകള്‍ മുതിരാറുള്ളത്.
1991 മുതല്‍ 1996 വരെയുള്ള നരസിംഹറാവുവിന്റെ ഭരണകാലം സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവിന്റെ കാലമായിരുന്നു. രാഷ്‌ട്രീയമായും സാമ്പത്തികസ്ഥിതിയുടെ കാര്യത്തിലും ഇന്ത്യയുടെ ചരിത്രത്തെ നരസിംഹറാവു സര്‍ക്കാരിന് മുമ്പും ശേഷവുമെന്ന് വേര്‍തിരിക്കാവുന്നതാണ്. അത്ര മേല്‍ നിര്‍ണായകമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന നയമാറ്റങ്ങളും രാഷ്‌ട്രീയ സംഭവങ്ങളും.
സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ ലൈസന്‍സ് രാജിന്റെ കാലത്തു നിന്നും പുതിയ യുഗത്തിലേക്ക് നയിച്ചത് നരസിംഹറാവു ആയിരുന്നു. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഐഎംഫിലെ ഉദ്യോഗസ്ഥനും ധനതത്വശാസ്‌ത്രജ്ഞനുമായ മന്‍മോഹന്‍സിംഗിനെ അദ്ദേഹം ധനകാര്യമന്ത്രിയാക്കിയത്. ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ഈ നയങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് നയിച്ചത്. ബിസിനസ് അന്തരീക്ഷത്തിലും തൊഴില്‍ സൃഷ്‌ടിയിലും ഉപഭോഗ കാലാവസ്ഥയിലും അതിനു ശേഷമുണ്ടായത് വിപ്ലവകരമായ മാറ്റങ്ങളാണ്.
ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം നരസിംഹറാവു എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ മെയ് വഴക്കം ഒന്നു മാത്രമായിരുന്നു. അതേ സമയം തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം സ്വീകരിച്ച ചില അയഞ്ഞ നിലപാടുകള്‍ പില്‍ക്കാലത്തെ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്നതിന് കാരണമാകും വിധം പ്രതിലോമകരവുമായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് സംഘ്‌പരിവാര്‍ അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് തകര്‍ത്തത്. അത് തടയാന്‍ കഴിയുമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച അയഞ്ഞ നിലപാട് പില്‍ക്കാലത്തെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റിയെഴുതപ്പെടാന്‍ കാരണമായി.
വെല്ലുവിളികളെ അതിജീവിച്ച് അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ച ഒരു മുന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത സായന്തനം. രാഷ്‌ട്രീയമായി തീര്‍ത്തും ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഭൗതികാവശിഷ്‌ടങ്ങളോട് പോലും ബഹുമാനം കാട്ടാന്‍ കോണ്‍ഗ്രസ് തയാറായില്ല. എന്നാല്‍ ഇന്ന് ഊര്‍ജ്വസ്വലതയുള്ള നേതാവോ വ്യക്തമായ രാഷ്‌ട്രീയ പദ്ധതിയോ ഇല്ലാതെ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് നരസിംഹറാവുവിന്റെ സംഭാവനകളെ സോണിയ സ്‌മരിക്കുമ്പോള്‍ അത് ചരിത്രത്തിന്റെ ഒരു കണക്കുതീര്‍ക്കല്‍ കൂടിയായി വേണം കാണേണ്ടത്.



















