ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത് വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്. ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ അഭിരമിച്ചവരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാനാകാത്ത ആ പ്രതിഭയുടെ ക്യാപ്‌റ്റന്‍സിയാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി തനത്. ഐസിസിയുടെ മൂന്ന് കപ്പുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ഏക ക്യാപ്‌റ്റന്‍ എന്ന നേട്ടം ധോണിക്ക് മാത്രമായി അലങ്കരിക്കാനാകുന്നത് ക്യാപ്‌റ്റന്‍സിയില്‍ അദ്ദേഹം പുലര്‍ത്തിയ അസാധാരണവും വ്യത്യസ്‌തവുമായ തീരുമാനങ്ങളെടുക്കുന്ന രീതി കൂടിയായിരുന്നു.
2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ധോണി ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുമ്പോള്‍ (183 നോട്ടൗട്ട്) അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അംഗമായിട്ട് ഒരു വര്‍ഷം തികയുന്നേ ഉണ്ടായിരുന്നുള്ളൂ. അന്ന് കളിക്കു ശേഷം ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ ആയിരുന്ന മാര്‍വന്‍ അട്ടപ്പട്ടു ധോണിയുടെ ഇന്നിങ്ങ്‌സിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “എങ്ങനെ എറിഞ്ഞാലും അടിക്കും, ഏത് ബൗളറെ കൊണ്ടുവന്നാലും അതില്‍ മാറ്റമില്ല.” ഏത് തരം പന്തിനെയും വിദഗ്‌ധമായി നേരിടുന്ന ആ ചങ്കൂറ്റമാണ് ധോണിയെ ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച `ഫിനിഷര്‍’ ആക്കി മാറ്റിയത്. ഒരു മികച്ച `ഫിനിഷര്‍’ ടീമിലുണ്ടെങ്കില്‍ അസാധ്യമെന്ന് തോന്നുന്ന സ്‌കോറുകള്‍ പോലും തേടിപിടിച്ച് വിജയം വരിക്കാനാകുമെന്ന നിലയിലേക്ക് ഏകദിന ക്രിക്കറ്റിനെ മാറ്റിയത് ധോണിയാണ്.
ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ ഇല്ലാത്ത ഷോട്ടുകളുമായി കളം നിറയുന്ന കാര്യത്തില്‍ ധോണിയെ താരതമ്യം ചെയ്യാവുന്നത് മുന്‍ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ സനത് ജയസൂര്യയുമായാണ്. ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ് സങ്കല്‍പ്പത്തെ മാറ്റിമറിച്ചത് ജയസൂര്യയായിരുന്നു. ഇടിമിന്നല്‍ പോലെ ആഞ്ഞടിച്ച് അതിവേഗം വാരികൂട്ടുന്ന സ്‌കോറുകളുടെ അടിത്തറ ഓപ്പണിംഗിലൂടെ ടീമിന് നേടികൊടുക്കുക എന്നതായിരുന്നു ജയസൂര്യയുടെ ശൈലി. ആദ്യത്തെ 15 ഓവറില്‍ 100 റണ്‍സ് നേടുക എന്ന നിലയിലേക്ക് ഏകദിന ക്രിക്കറ്റിലെ ഗെയിം പ്ലാന്‍ അഴിച്ചുപണിയുന്നതിലേക്ക് ജയസൂര്യയുടെ കാലത്ത് മറ്റ് ക്രിക്കറ്റ് ടീമുകളും നിര്‍ബന്ധിതരായി. ജയസൂര്യ ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായത് ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകളെ അതിവര്‍ത്തിക്കുന്ന ഇന്നിങ്ങ്‌സുകളിലൂടെയായിരുന്നുവെങ്കില്‍ ധോണി ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച `ഫിനിഷര്‍’ ആയി മാറിയത് സമാനമായ ശൈലിയിലൂടെയായിണ്.
തനിക്ക് ശേഷം മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ വരാനുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ജയസൂര്യയെ പോലുള്ള ഓപ്പണര്‍മാര്‍ കളിച്ചിരുന്നതെങ്കില്‍ തനിക്ക് ശേഷം പ്രളയം എന്നതായിരുന്നു പല ഇന്നിങ്‌സുകളിലും ധോണിയുടെ സ്ഥിതി. താന്‍ പുറത്തായാല്‍ കൈവിടുന്നത് ഒരു കളിയാണെന്ന ഉത്തമബോധ്യത്തോടെയാണ് ബാറ്റിംഗ് നിരയില്‍ വാലറ്റത്തിന് തൊട്ടുമുമ്പിലായി സ്ഥാനമുണ്ടായിരുന്ന ധോണി മിക്കപ്പോഴും ക്രീസിലെത്തിയിരുന്നത്. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗ് മന്ദസ്ഥായിയിലേക്കും ഉച്ചസ്ഥായിയിലേക്കും എപ്പോഴൊക്കെ മാറ്റണമെന്ന ബോധ്യം കൈവിട്ടുപോയ ഒട്ടേറെ കളികള്‍ വിജയതീരത്തെത്തിക്കാന്‍ ധോണിയെ സഹായിച്ചു. ബാറ്റിംഗ് നിരയില്‍ ഏറെ താഴെ സ്ഥാനമുണ്ടായിട്ടും 10,000 റണ്‍സ് അടിച്ചൂകൂട്ടിയ ഏകദിന ക്രിക്കറ്റര്‍മാരുടെ നിരയില്‍ ധോണി സ്ഥാനം പിടിച്ചു.
ക്യാപ്‌റ്റന്‍സി, ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് എന്നീ മൂന്ന് മേഖലകളെ ഒരേ സമയം കൈകാര്യം ചെയ്‌തിരുന്ന ധോണിക്ക് ടീമിന്റെ ബാലന്‍സിംഗില്‍ വലിയ പങ്കുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ നമ്മുടെ ടീം ലോകത്തിലെ ഏറ്റവും മികച്ചതൊന്നുമായിരുന്നില്ല. ഉറച്ച ബാറ്റിംഗ് നിരയുണ്ടായിരുന്നെങ്കിലും മികച്ച ഒന്നോ രണ്ടോ ബൗളര്‍മാര്‍ മാത്രമുണ്ടായിരുന്ന ടീമിനെയാണ് ധോണി ലോകജേതാക്കളാക്കിയതെന്നും അതിന് സഹായകമായത് തനിക്ക് ലഭിച്ച വിഭവശേഷിയെ പരമാവധി ഉപയോഗിക്കുന്നതില്‍ ധോണി എടുത്ത വേറിട്ടതും നിര്‍ണായകവുമായ തീരുമാനങ്ങളായിരുന്നു എന്നും ഒരു മുന്‍ ക്രിക്കറ്റ് താരം നിരീക്ഷിച്ചത് ശ്രദ്ധേയമാണ്.
കപില്‍ദേവും സച്ചിനുമൊക്കെ വിരമിച്ചപ്പോള്‍ അതുപോലൊരാള്‍ ഇനിയില്ല എന്നായിരുന്നു ആരാധകര്‍ സങ്കടപ്പെട്ടിരുന്നത്. ധോണിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. ധോണിക്ക് തുല്യന്‍ ധോണി മാത്രം. പരിമിത വിഭവങ്ങളില്‍ നിന്നും പരമാവധി വിളവെടുപ്പ് നേടാനുള്ള വൈദഗ്‌ധ്യം ധോണി തന്റെ കളിയിലായാലും ക്യാപ്‌റ്റന്‍സിയിലായാലും നിലനിര്‍ത്തി. ഈ അസാധാരണ വൈദഗ്‌ധ്യം തന്നെയാണ് ധോണിയെ അതുല്യനാക്കുന്നത്.

















