ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു. ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദുബായിലെ നീതിന്യായ വ്യവസ്ഥയുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ പുതിയ ജഡ്ജിമാർക്ക് നിർണായക പങ്കാണ് ഉള്ളതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ എല്ലാ വിജയങ്ങളും ആശംസിച്ചു. നീതി ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും നിയമവാഴ്ച നിലനിർത്തുന്നതിലും ജഡ്ജിമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
പുരോഗതിയും സമൃദ്ധിയും നിലനിർത്തുന്നതിനൊപ്പം, സാമൂഹിക സുരക്ഷ നിലനിർത്തുന്നതിനും നീതി അടിസ്ഥാനമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ ദുബായ് റൂളേഴ്‌സ് കോർട്ട് ഡയറക്ടർ ജനറലും ദുബായ് ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാനുമായ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, ദുബായ് അറ്റോർണി ജനറൽ എസ്സാം ഈസ അൽ ഹുമൈദാൻ, ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ഗാനേം അൽ സുവൈദി, ദുബായ് ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല അൽ സബൂസി തുടങ്ങിയവരും പങ്കെടുത്തു.
