ദുബായ് : ലോകത്തിലെ ഏറ്റവും വലിയ വിസ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനമോടെ ദുബായിൽ വീസ സേവന രംഗത്ത് പുതിയ അധ്യായം തുറന്നു. വാഫി സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച VFS ഗ്ലോബൽ സെന്റർ 1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതുമാണ്. സെന്ററിൽ പ്രതിദിനം 10,000 വരെ വീസ അപേക്ഷകൾ സ്വീകരിക്കുകയും നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്യാൻ സൗകര്യങ്ങളുണ്ട്.
ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി സെന്റർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അർറി, VFS ഗ്ലോബൽ സ്ഥാപകൻ കൂടിയായ സിഇഒ സുബിൻ കർകരിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കുക, വിനോദസഞ്ചാരം ഊർജിതമാക്കുക, രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്തുക, എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് പുതിയ സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വീസാ പ്രോസസ്സുകൾ കൂടുതൽ വേഗത്തിൽ, കാര്യക്ഷമമായി നടപ്പാക്കാനുള്ള ഉപാധികളോടെ പ്രവർത്തനം ആരംഭിച്ച ഈ സെന്റർ, ദുബായുടെ ആഗോള ആകർഷണശേഷി കൂടുതൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.