സുധീര്‍നാഥ്
വായന വളര്‍ന്നു വന്ന കാലമുണ്ടായിരുന്നു. ഇന്നും വായന തളര്‍ന്നിട്ടില്ല. വായന പുസ്തകത്തില്‍ നിന്ന് ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറി എന്ന് മാത്രം. ഇന്ന് അച്ചടിച്ച പത്രങ്ങള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തിലാണ് സമൂഹം. വിവരങ്ങള്‍ വിരല്‍ തുമ്പില്‍ എത്തുന്നു. ഒരു നോവല്‍ വായിക്കണം എന്ന് തോന്നിയാല്‍ അത് ഓണ്‍ലൈന്‍ വഴി വാങ്ങുന്നു. ഡിജറ്റല്‍ കോപ്പികള്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്നത് മറ്റൊരു മിച്ചം. കോവിഡ് വന്നതോടെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ കുത്തൊഴുക്കായി. ടെലിവിഷന്‍ പോലും പോക്കറ്റിലെ മൊബൈലിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. പണ്ടൊക്കെ ജനങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ പ്രാദേശിക ചായക്കടകളുടെ പങ്ക് വളരെ വലുതാണ്. പത്രവായനയ്ക്കായി ചായക്കടയെ ആശ്രയിക്കുന്ന എത്രയോ പേര്‍ ഉണ്ടായിരുന്നു.
പത്രങ്ങള്‍ വായിച്ചിരുന്ന, പുസ്തകങ്ങള്‍ വായിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. ത്യക്കാക്കരയിലെ ജനങ്ങളില്‍ വായനാശീലം വളര്‍ത്തിയ കുറച്ച് സാംസ്കാരിക കേന്ദ്രങ്ങളുണ്ടായിരുന്നു. കേസരി സ്മാരക സഹ്യദയ ഗ്രന്ഥശാല, കൈരളി വായനശാല, ഇഎംഎസ് ലൈബ്രറി, എകെജി വായനശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി ലൈബ്രറി തുടങ്ങിയവ പ്രധാനമായ ചിലതാണ്.
കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന പൂമ്പാറ്റ, ബാലരമ, അമര്‍ ചിത്രക്കഥ, അമ്പിളി അമ്മാവന്‍, യുറീക്ക, എന്നീ പ്രസിദ്ധീകരണമായിരുന്നു വായനാശീലം വളര്‍ത്തിയത്. മറ്റ് വീടുകളില്‍ വരുത്തിയിരുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിച്ചിരുന്നു. കുട്ടികളുടെ നോവലും, റീഡേസ് ഡൈജസ്റ്റും, ട്വിന്‍കിളും, സിഐഡിമൂസ, മാന്‍ഡ്രക്ക്, സൂപ്പര്‍മാന്‍ തുടങ്ങിയവ പലവഴിക്ക് വായിക്കാന്‍ ലഭിക്കുമായിരുന്നു. അക്കാലത്ത് കുട്ടികള്‍ കൂടുതല്‍ വായനാശീലം ഉള്ളവരായി തോന്നുന്നു. എല്ലാ പുസ്തകങ്ങളും ഒരു ഡസനിലേറെ വീടുകളിലൂടെ കയറി ഇറങ്ങിയിരുന്നു. പരസ്പരം പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുമായിരുന്നു.
1965ല്‍ ത്യക്കാക്കരയിലെ പാടത്ത് ഒരു കടമുറിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണയ്ക്കായി ആരംഭിച്ച നെഹ്റു സ്മാരക വായനശാലയായിരുന്നു ആദ്യമുണ്ടായത്. പല കാരണങ്ങളാല്‍ നെഹ്റു സ്മാരക വായനശാലയുടെ പ്രവര്‍ത്തനം ഏറെ നാള്‍ നീണ്ടു നിന്നില്ല. തൃക്കാക്കര ക്ഷേത്രത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കടയുടെ ഒരു മുറി വാടക കൂടാതെ രണ്ട് മാസത്തേയ്ക്ക് എ.എസ്. കുമാരന്‍ മൂത്തത് നല്‍കി. അങ്ങിനെ 1974 നവംബര്‍ 3-ാം തീയതി രാവിലെ വി.എം. ഉണ്ണിക്കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി സഹ്യദയ ഗ്രസ്ഥശാല പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മാസം കഴിഞ്ഞ് നീലകണ്‍ഠന്‍ നായരുടെ ചായക്കടയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്‍റെ തന്നെ കടമുറിയില്‍ സഹ്യദയ ഗ്രസ്ഥശാല 25 രൂപ വാടകയ്ക്ക് തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതേ സമയം ത്യക്കാക്കരയില്‍ കേസരി സ്മാരക ഗവേഷക ഗ്രസ്ഥശാല സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടിന് സമീപമുള്ള കേസരി സ്മാരകത്തിലേയ്ക്ക് സഹ്യദയ വായനശാല ലയിച്ച് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി. അങ്ങിനെ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയായി. ഒട്ടേറെ പുസ്തകങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം കൂടി.
കൊച്ചി സര്‍വ്വകലാശാല വായനശാല വലുപ്പം കൊണ്ട് വലുതാണ്. പക്ഷെ പൊതുജനങ്ങള്‍ക്ക് അവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ വായനശാലകളില്‍ ഒന്ന് ത്യക്കാക്കര, കാക്കനാട് സ്ഥിതി ചെയ്യുന്ന ഇഎംഎസ് വായനശാലയാണ്. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ മാത്രമല്ല, പത്രങ്ങള്‍ക്ക് റീഡിങ്ങ് റൂം, അന്ധരായവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, തീയറ്റര്‍ എല്ലാം അവിടുണ്ട്. ത്യക്കാക്കരയിലെ ഇഎംഎസ് ലൈബ്രറിയോട് ചേര്‍ന്നുള്ള പാര്‍ക്കും അതിമനോഹരമാണ്. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്ന അഡ്വക്കേറ്റ് എം എം മോനായി നേത്യത്ത്വം നല്‍കിയാണ് ഇഎംഎസ് വായനശാല തുടങ്ങിയത്.
ത്യക്കാക്കരയില്‍ ക്കൈപ്പടമുകളില്‍ 1984 മുതല്‍ പ്രവര്‍ത്തിക്കുന്ന വായനശാലയാണ് വൈസിഎഫ്. ഗ്രസ്ഥശാലാ സംഘവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം 14 യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയതാണ്. ഇന്ന് സ്വന്തമായി കെട്ടിടമുണ്ട്. സംസ്ഥാന യുവജനബോഡിലും, നെഹ്റു യുവ കേന്ദ്രയിലും അഫിലിയേഷനുണ്ട്.

വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ക്കൈരളി വായനശാല പഴക്കമേറിയതും ജില്ലയിലെ മികച്ചതുമാണ്. ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന വായനശാല ത്യക്കാക്കരയുടെ സാംസ്കാരിക മുഖമായി മാറിയിട്ടുണ്ട്. ചിത്രകല, സംഗീതം, ന്യത്തവും, സംഗീത ഉപകരണങ്ങളും പരിശീലിപ്പിക്കന്ന കേന്ദ്രമായി അവിടെ മാറി. വാഴക്കാലയിലെ ഒട്ടേറെ ജനങ്ങള്‍ തന്നെയാണ് അതിന്‍റെ നടത്തിപ്പിന് പിന്നില്‍ ഉള്ളത്. കുറി നടത്തിയും ബക്കറ്റ് പിരിവ് നടത്തിയുമാണ് വായനശാല വളര്‍ത്തിയത്. ഇന്ന് ഇരുനില കെട്ടിടം വായനശാലയ്ക്ക് സ്വന്തമായുണ്ട്.
പ്രശസ്ത നാടക പ്രവര്‍ത്തകനും, സാസ്കാരിക പ്രവര്‍ത്തകനുമായ ഇടപ്പള്ളി അലിയാര്‍ സഹ്യദയ വായനശാലയിലെ നിത്യ സന്ദര്‍ശകനായിരുന്നു. ത്യക്കാക്കര സഹ്യദയ വായനശാലയുടെ നാടക അവതരണങ്ങള്‍ക്കും, മത്സരങ്ങള്‍ക്കും അദ്ദേഹമാണ് നേത്യത്ത്വം നല്‍കിയത്. സഹ്യദയ വായനശാല പോലൊന്ന് ഇടപ്പള്ളിയില്‍ തുടങ്ങണമെന്ന് കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബീരാന്‍കുട്ടിയും, അലിയാരും തീരുമാനിച്ചു. ദേശിയ പാതയോരത്ത് തന്നെ വേണമെന്ന് ബീരാന്‍കുട്ടിക്ക് നിര്‍ബദ്ധമായിരുന്നു. അങ്ങിനെ തുങ്ങെിയതാണ് ഇടപ്പള്ളി എകെജി വായനശാല. ആദ്യ കാലങ്ങളില്‍ അവിടെ പത്രങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ആനുകാലികങ്ങളും അവിടെ ലഭ്യമായിരുന്നു. പത്രം വായിക്കാന്‍ സൈക്കിളില്‍ എകെജി വായനശാലയില്‍ ലേഖകനും പോയിരുന്നു. അന്ന് സമപ്രായക്കാരനായ ഇപ്പോഴത്തെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സഹീര്‍ അലിയായിരുന്നു ലൈബ്രറേറിയന്‍. ഇടപ്പള്ളി അലിയാരുടെ മകനാണ് സഹീര്‍ അലി. വായനശാലാ കെട്ടിടം പിന്നീട് റോഡിന് എതിര്‍വശത്തേയ്ക്ക് മാറി. പുസ്തകങ്ങളും അവിടെ കൂടുതലായി എത്തി. ഇന്ന് ത്യക്കാക്കരയിലെ പല സാംസ്കാരിക പരിപാടികള്‍ക്കും ഇവിടെ വേദിയാകാറുണ്ട്.


















