സുധീര്‍നാഥ്
തന്നനം താനാനേ, തന്നന്നേ, തന്നനം താനാനേ…
സംഗീതത്തിന്‍റെ സമയക്രമത്തെയാണ് താളം എന്ന് പറയുന്നത്.
തകാരം ശിവപ്രോക്തസ്യ
ലകാരം ശക്തിരംബിക
ശിവശക്തിയുതോ യസ്മാദ്
തസ്മാത് താലോ നിരൂപിതാ…
ഇപ്രകരം ശിവതാണ്ഡവത്തേയാണ് പരാമര്‍ശിയ്ക്കുന്നത്. ശിവന്‍ താണ്ഡവവും പാര്‍വതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു. ശിവന്‍റെ ശക്തമായ ചലനത്താല്‍ څതچ എന്ന ശബ്ദവും പാര്‍വതിയുടെ ലാസ്യനടനത്താല്‍ څലچ എന്ന ശബ്ദവും ഉണ്ടാകുന്നു. ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ. സമയത്തിന്‍റെ തുല്യ അകലത്തില്‍ സംഭവിയ്ക്കുന്നതാണ് താളം. താളങ്ങള്‍ക്കിടയില്‍ വരുന്ന സമയമാണ് ലയം. താളവും ലയവും ക്യത്യമായാല്‍ സംഗീതം കെങ്കേമമായി.
സംഗീതത്തിന് വിവിധ ഉപകരണങ്ങള്‍ വഴി താളവും ലയവും തീര്‍ക്കാം. അങ്ങിനെ താളം കൊടുക്കുന്ന എത്രയോ അനുഗ്രഹീത കലാകാരന്‍മാര്‍ ത്യക്കാക്കരയിലുണ്ട്. അതില്‍ ആദ്യം പറയേണ്ടത് ത്യക്കാക്കര വൈ എന്‍ ശാന്താറാം ആണ്. പ്രശസ്തരായ എത്രയോ പേര്‍ക്ക് പിന്നണിയില്‍ അദ്ദേഹം ഗഞ്ചിറയുമായി താളം പിടിച്ചിരിക്കുന്നു. നാടന്‍ സംഗീതത്തിനും, ശാസ്ത്രീയ സംഗീതത്തിനും പിന്നണിയില്‍ ഉപയോഗിക്കുന്ന തുകല്‍ വാദ്യമാണ് ഗഞ്ചിറ. ഉയരം കുറഞ്ഞ വൃത്താകൃതിയിലുള്ള കുറ്റിയില്‍ തുകലുറപ്പിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. ഒരു വശത്ത് മാത്രമേ തുകല്‍ കൊണ്ട് മൂടാറുള്ളൂ. മറ്റേ വശം തുറന്നിരിക്കും. ഗഞ്ചിറയുടെ കുറ്റി നി?മ്മിക്കുന്നത് പ്ലാവിന്‍ തടി കൊണ്ടാണ്. ഉടുമ്പിന്‍റെ തുകലാണ് കുറ്റി പൊതിയാന്‍ ഉപയോഗിക്കുന്നത്. ഗഞ്ചിറ എന്ന സംഗീത ഉപകരണം കൊണ്ട് ശാന്താറാമിനോളം മികച്ച പ്രകടനം നടത്തുവാന്‍ ആരും ഉണ്ടായിട്ടില്ല എന്നിടത്താണ് അദ്ദേഹത്തിന്‍റെ കഴിവും പ്രശസ്തിയും.
പ്രശസ്ത ഓടകുഴല്‍ വിദ്ദ്വാനായ ഗുരുവായൂര്‍ ശ്രീക്യഷ്ണന്‍ ഏറെ കാലം ത്യക്കാക്കരയിലായിരുന്നു താമസിച്ചിരുന്നത്. കൊച്ചി എഫ് എം നിലയത്തിന്‍റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയാണ് ആദ്യ കാല പിന്നണി ഗായിക ഗായത്രി ശ്രീക്യഷ്ണന്‍. മകന്‍ അതിപ്രശസ്ത ഓടകുഴല്‍ വിദ്വാനായ ജി എസ് രാജന്‍ അമേരിക്കയിലെ വേദികളില്‍ ഇപ്പോള്‍ സജീവമാണ്.
ത്യപ്പൂണിത്തുറ ആര്‍എല്‍വിയില്‍ നിന്ന് മ്യദംഗം പാസായി നാല്‍പ്പതിലേറെ വര്‍ഷമായി കലാരംഗത്തുള്ള വ്യക്തിയാണ് ഹണി ആര്‍ ടി എന്ന തമ്പല ആര്‍ട്ടിസ്റ്റ്. ചലചിത്ര താരം ലാലിന്‍റെ പിതാവും കലാഭവന്‍റെ തമ്പല അദ്ധ്യാപകനുമായ പോള്‍ മാഷിന്‍റെ കീഴില്‍ സ്ക്കൂള്‍ പഠനകാലത്ത് ശിഷ്യനായിരുന്നു ഹണി. ഇന്ന് അറിയപ്പെടുന്ന തമ്പല കലാകാരനാണ് ത്യക്കാക്കരക്കാരനായ ഹണി. ത്യപ്പൂണിത്തുറ ക്യഷ്ണന്‍കുട്ടിയുടെ ശിഷ്യനായ ജി വേണുഗോപാല്‍ ഇപ്പോള്‍ പ്രശസ്തനായ മ്യദംഗം കലാകാരനാണ്. നല്ല ശബ്ദത്തിന്‍റെ ഉടമയായ വേണു എസിവിയില്‍ വാര്‍ത്താ അവതാരകന്‍ കൂടിയാണ്.
മലയാള ആധുനിക സംഗീത ലോകത്ത് ഏറെ പ്രശസ്തരായ രണ്ട് യുവാക്കള്‍ ത്യക്കാക്കരയുടെ യശസ് ഉയര്‍ത്തിയവരാണ.് ഫ്രാന്‍സിസ് സേവ്യറും, നിര്‍മല്‍ സേവ്യാര്‍ ആന്‍റണിയും. ഫ്രാന്‍സിസ് സേവ്യാര്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. നിര്‍മ്മല്‍ സേവ്യാര്‍ ആന്‍റണി കേരളത്തിലെ ഏറ്റവും മികച്ച ഡ്രമറാണ്. ഇരുവരും ഇന്ത്യയിലെ പല പ്രമുഖ വേദികള്‍ മാത്രമല്ല, വിദേശ വേദികളിലും കഴിവ് തെളിയിച്ച് തിളങ്ങി നല്‍ക്കുന്നവരാണ്.
പുത്തലത്ത് നീലകണ്ഠപിള്ള ഉടുക്ക് കൊട്ട് പാട്ടിന്‍റെ ആശാനായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരാണ് ത്യക്കാക്കരയില്‍ ഉടുക്ക് കൊട്ട് പാട്ടുമായി ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്നത്. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ അടുത്ത ദേശങ്ങളിലും പരിപാടികള്‍ നടത്തുമായിരുന്നു. ത്യക്കാക്കരയില്‍ ആറാട്ട് ഞാലില്‍ സി സി ഉണ്ണിക്യഷ്ണന്‍ ഉടുക്ക്കൊട്ട് പാട്ടിന്‍റെ മാത്രമല്ല വില്ലടിച്ചാന്‍ പാട്ടിന്‍റേയും ആശാനായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരനായ അദ്ദേഹം പാട്ട് സീസണില്‍ ലീവെടുത്തും പാടാന്‍ പോകും. ഉടുക്ക് കൊട്ടി പാടുന്ന ഒട്ടേറെ കലാകാരന്‍മാര്‍ ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. കളപ്പുര നാരായണന്‍, കുഞ്ഞയ്യന്‍, ബാലന്‍ തട്ടാന്‍, അമ്മിണ്ണികുട്ടന്‍… തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ത്യക്കാക്കര വാമനമൂര്‍ത്തി വാദ്യകലാപീഠം എന്ന സ്ഥാപനം ഒട്ടേറെ കലാകാരന്‍മാരെ വളര്‍ത്തി എടുത്തിട്ടുണ്ട്. ത്യക്കാക്കരയില്‍ ക്ഷേത്ര വാദ്യങ്ങള്‍ ക്കൈകാര്യം ചെയ്തിരുന്ന ഒട്ടേറെ പേര്‍ പലപ്പോഴായി വന്നു പോയിട്ടുണ്ട്. ക്ഷേത്രകലാപീഠം ബിജുമോന്‍ കെ മാരാര്‍ അവരില്‍ ഇപ്പോഴുള്ള പ്രശസ്ത കലാകാരനാണ്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ ബാലുശേരി ക്യഷ്ണദാസിന്‍റെ ശിഷ്യനാണ് ബിജു മാരാര്‍. ത്യക്കാക്കര രാമന്‍കുട്ടി, ത്യക്കാക്കര ധനയന്‍ അടക്കം ഒട്ടേറെ വാദ്യ കലാകാരന്‍മാരാണ് പുതു തലമുറയില്‍ അറിയപ്പെടുന്നത്.