ഐ ഗോപിനാഥ്
വളരെ ശ്രദ്ധേയമായ ഒരു വാര്‍ത്ത കണ്ട സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അതു മറ്റൊന്നുമല്ല, രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതില്ല എന്ന സിപിഎം തീരുമാനമാണ്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന തീരുമാനം തന്നെയാണത് ഇക്കുറിയും മത്സരിക്കുകയാണെങ്കില്‍ വിജയിക്കുമെന്നു ഏറെക്കുറെ ഉറപ്പായ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും രവീന്ദ്രനാഥുമടക്കം നിരവധി പ്രമുഖര്‍ക്ക് ഇതുവഴി സീറ്റു നഷ്ടപ്പെടുമെന്നതാണ് പ്രധാനം. ആ അര്‍ത്ഥത്തില്‍ വലിയൊരു റി്‌സ്‌ക് തന്നെയാണ് സിപിഎം ഏറ്റടുത്തിരിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണറിയുന്നത്. ആ സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുകുത്താതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം സിപിഎം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. സിപിഎമ്മിനു മുന്നെ സിപിഐ ഇത്തരത്തിലുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു എന്നത് മറക്കുന്നില്ല. വി എസ് സുനില്‍ കുമാറിനെ പോലെ വിജയസാധ്യതയുള്ള മന്ത്രിയെപോലും പുറത്തുനിര്‍ത്താനാണ് അവരും ഉദ്ദേശിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ മാതൃക പിന്തുടരാനാണ് കോണ്‍ഗ്രസ്സും ലീഗുമടക്കമുള്ള പാര്‍ട്ടികളും തയ്യാറാകേണ്ടത്. എന്നാല്‍ അത്തരത്തിലുള്ള നീക്കമൊന്നും അവരില്‍ നിന്ന് ഇതുവരെ കാണാനില്ല. സത്യത്തില്‍ തുടര്‍ച്ചയായല്ല, എപ്പോഴായാലും രണ്ടുതവണ മത്സരിച്ച് വിജയിച്ചവരെ ഒഴിവാക്കുകയാണ് വേണ്ടത്.
തീര്‍ച്ചയായും ഈ തീരുമാനത്തിലൂടെ ഒഴിവാക്കപ്പെടുന്നവരൊന്നും മോശക്കാരല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മോശക്കാരല്ലെങ്കിലും ഒരേ വ്യക്തികള്‍ കാലങ്ങളോളം ഭരിക്കുന്നതല്ല ജനാധിപത്യം. അങ്ങനെയാണെങ്കില്‍ രാജഭരണത്തിന്റെ ബാക്കിപത്രമാണ്. ഒരു വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ഏതാനും വ്യക്തികള്‍ക്കോ എക്കാലവും ഭരിക്കാനവസരം ലഭിക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കാനാവില്ല. ഏതൊരാള്‍്ക്കും ഭരണാധികാരി.യാകാനുള്ള അവസരം നിലനില്‍ക്കുന്ന സംവിധാനമാകണം ജനാധിപത്യം. പ്രായോഗികമായി അതു സാധ്യമല്ലാത്തതിനാല്‍ ഏതാനും പേരെ നമ്മള്‍ പ്രതിനിധികളായി തെരഞ്ഞെടുക്കുന്നു. അങ്ങനെയാണ് രാജഭരണം ജനാധിപത്യമാകുന്നത്. പ്രജകള്‍ പൗരന്മാരാകുന്നത്. ഒരുപക്ഷെ മാനവചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവിപ്ലവം അതാണ്. പക്ഷെ ഇത്തരമൊരു സംവിധാനം നിരവധി പ്രതിസന്ധികളെ നേരിടുന്നുണ്ട്. അതിലൊന്നാണ് മുപ്പതും നാല്‍പ്പതും അമ്പതും വര്‍ഷമൊക്കെ ഒരേ വ്യക്തികള്‍ ജനപ്രതിനിധികളും ഭരണാധികാരികളുമാകുന്ന പ്രതിഭാസം. സ്വയമവര്‍ രാജാക്കന്മാരെപോലെ പെരുമാറുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനറുതി വരുത്തുന്ന ദിശയിലുള്ള ഏതൊരു തീരുമാനവും സ്വാഗതാര്‍ഹമാണ്.
കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനായ ഡോ എം പി പരമേശ്വരന്‍ അടുത്തയിടെ പറയുന്നത് കേട്ടിരുന്നു. ”സ്ഥിരം ഭരണക്കാരെ ജനങ്ങള്‍ പടിപടിയായി ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പകുതിയിലധികവും സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ക്ക് സ്വീകര്യനല്ലാത്തവരെയാണ് പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ഥിയായി നിയോഗിക്കുന്നത്. മുന്നണിക്കൂറ് പ്രകടിപ്പിക്കാന്‍ അവരെ വിജയിപ്പിക്കുകയെന്നത് വോട്ടര്‍മാരുടെ ബാധ്യതയാകുന്നു. മുന്നണിയുടെ അനുഭാവികളായവരില്‍ നിന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാകുന്ന അവസ്ഥയുണ്ടാകണം. രാഷ്ട്രീയത്തില്‍ ഓരോ പൗരനും തന്റെതായ കടമകള്‍ നിര്‍വഹിക്കാന്‍ സ്ഥിരം രാഷ്ട്രീയക്കാര്‍, സ്ഥിരം ഭരണക്കാര്‍ എന്നവിരെ പടിപടിയായി ഇല്ലാതാക്കണം. എല്ലാവരും അതില്‍ പങ്കാളികളാകണം . അതാണ് യഥാര്‍ഥ ജനാധിപത്യം. യഥാര്‍ഥ സ്വരാജ്, യഥാര്‍ഥ മാനവ സമൂഹം. അയല്‍ക്കൂട്ടം, വികസന സമിതികള്‍ , സബ്കമ്മിറ്റികള്‍ എന്നിവയിലൂടെ പൊതുജനങ്ങളെ ജനാധിപത്യത്തില്‍ പങ്കാളികളാക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തെ സാര്‍വജനീനമാക്കി പ്രത്യേക പ്രഫഷന്‍ എന്ന സ്വഭാവത്തില്‍ മാറ്റം വരുത്തണം. അയല്‍ക്കൂട്ടം, ഗ്രാമം, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്,മണ്ഡലം, താലൂക്ക്, ജില്ല, സംസ്ഥാനം പാര്‍ലമെന്റ് എല്ലാ തലങ്ങളിലും തിരിച്ചുവിളിക്കാന്‍ അധികാരവും സൗകര്യവും ഉണ്ടാകുകയാണ് വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ വേണ്ടത്.അയല്‍ക്കൂട്ട പ്രതിനിധികള്‍ വേണം വാര്‍ഡ് അംഗത്തെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കേണ്ടത്. ഈ ദിശയില്‍ ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കുകയാണ് ഇന്നത്തെ ആവശ്യം. അതിനു മുന്‍കൈ എടുക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളാണ്.”
ഇന്നോളം ലോകം പരീക്ഷിച്ച സാമൂഹ്യസംവിധാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യമാണെന്നതില്‍ സംശയമില്ല, പക്ഷെ ഏതു നിമിഷവും അത് അമിതാധികാരത്തിലേക്കും ഫാസിസത്തിലേക്കും പോകാമെന്നതിനു ലോകമാകെ ഉദാഹരണങ്ങളുണ്ട്. ഇന്ത്യയില്‍ പ്രഖ്യാപിക്കട്ടെ അടിയന്തരാവസ്ഥ മറക്കാറായിട്ടില്ല. ഇപ്പോഴാകട്ടെ അതിനേക്കാള്‍ വലിയ ഫാസിസ്റ്റ് ഭീഷണിയിലാണ് രാജ്യം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടുതന്നെ പലപ്പോഴും ഫാസിസ്റ്റുകള്‍ക്കും ജനവിരുദ്ധര്‍ക്കും അഴിമതിക്കാര്‍ക്കുമൊക്കെ അധികാരത്തിലെത്താന്‍ കഴിയുന്നുണ്ട് എന്നതാണ് വസ്തുത. പൗരന്മാരില്‍ നിന്നു പലപ്പോഴും നാം പ്രജകളായി മാറുന്നുമുണ്ട്. ഇതാണ് ലോകജനാധിപത്യം ഇന്നു നേരിടുന്ന പ്രതിസന്ധി. ജനാധിപത്യത്തെ നിരന്തരമായ നവീകരണത്തിലൂടെ പരിപക്വമാക്കുക മാത്രമാണ് ഇതിനുള്ള മാര്‍ഗ്ഗം. ആ ദിശയിലുള്ള ഏതാനും നിര്‍ദ്ദേശങ്ങളാണ് പരമേശ്വരന്‍ പറയുന്നത്. സ്ഥിരം ഭരണക്കാരെ ഒഴിവാക്കുക എന്നതു തന്നെയാണ് അതില്‍ പ്രധാനം. സ്ഥിരം ഭരണക്കാരോ പ്രൊഫഷണല്‍ – മുഴുവന്‍ സമയ രാഷ്ട്രീക്കാരോ അനിവാര്യമല്ലാത്ത ഒരു സംവിധാനമാണ് ജനാധിപത്യം. മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരാകുകയാണ് വേണ്ടത്. ജനാധിപത്യം അനുദിനം ചലനാത്മകമാകണം. അതാകട്ടെ പുതിയ ആശയങ്ങള്‍ മാത്രമല്ല, നേതൃത്വത്തിലേക്ക് പുതിയ വ്യക്തികളും കടന്നു വരുന്ന രീതിയിലായിരിക്കണം. വാസ്തവത്തില്‍ ഒറ്റത്തവണേയേ ഒരാള്‍ ജനപ്രതിനിധിയാകേണ്ടതുള്ളു എന്നാണ് തീരുമാനിക്കേണ്ടത്. അങ്ങനെ പരമാവധിപേരെ അധികാരത്തിലെത്തിക്കാനാണ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്. മറ്റൊന്ന് പരമേശ്വരന്‍ തന്നെ പറയുന്നേപോലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം വേണം. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ആരാണെന്നു തീരുമാനിക്കുന്നതില്‍ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കാനുള്ള സംവിധാനമൊരുക്കുന്നത് ഗുണകരമായ കുതിച്ചുചാട്ടമായിരിക്കും എന്നതില്‍ സംശയമില്ല. ഒരു പരിധിവരെയെങ്കിലും ജനവിരുദ്ധരും അഴിമതി ആരോപണവിധേയരുമൊക്കെ സ്ഥാനാര്‍ത്ഥികളാകുന്നത് തടയാനതിനു കഴിയും. മാത്രമല്ല, ജനാധിപത്യത്തില്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ തങ്ങള്‍ക്കൊന്നുമില്ല എന്ന സന്ദേശമായിരിക്കും അതുവഴി പാര്‍ട്ടികള്‍ നല്‍കുന്നത്.
മൂന്നാമതായി പരമേശ്വരന്‍ പറയുന്നതും വളരെ പ്രസക്തമായ നിര്‍ദ്ദേശമാണ്. ഏറെകാലമായി അതുചര്‍ച്ച ചെയ്യുന്നതുമാണ്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശമാണത്. ജനപ്രതിനിധിയായി കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പുവരെ അവരില്‍ കാര്യമായ സ്വാധീനം ജനങ്ങള്‍ക്കില്ലല്ലോ. അതു മാറണം. ഏതുനേരത്തും തങ്ങളെ പ്രതിനിധിയോ ഭരണാധികാരിയോ അല്ലാതാക്കന്‍ ജനങ്ങള്‍ക്കു കഴിയുമെന്ന വിചാരം എപ്പോഴും ഉണ്ടാകണം. അതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മറ്റനവധി നിര്‍ദ്ദേശങ്ങളും പല കോണുകളില്‍ നിന്നു ഉയര്‍ന്നുവന്നിട്ടുണ്ട്. അഴിമിതിക്കാരേയും കുറ്റാരോപിതരേയും ഒഴിവാക്കുക എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ അക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടെടുക്കാന്‍ ഇപ്പോഴും മിക്കവാറും പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അന്നോളം ഒരു തരത്തിലുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനം പോലും നടത്താത്തവരെപോലും നൂലില്‍ കെട്ടിയിറക്കുന്ന രീതികള്‍ അവസാനിപ്പിക്കുക എന്നതാണ് മറ്റൊന്ന്. തീര്‍ച്ചയായും ഇന്ത്യന്‍ പൗരനായ ആര്‍ക്കും, ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. മാത്രമല്ല, വ്യത്യസ്ഥ മേഖലകളിലുള്ളവര്‍ ജനപ്രതിനിധി സഭകളിലെത്തുമ്പോഴാണ് അത് സമൂഹത്തിന്റെ പരിഛേദമാകുക,. പക്ഷെ അപ്പോഴും ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഗോപുരനിവാസികളെ പ്രതിനിധികളാക്കുന്നത് ഗുണത്തേക്കാളേറെ, ദോഷമാണ് ചെയ്യുക. അതും വര്‍ഷങ്ങളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച്. രാജാക്കന്മാര്‍ മരിക്കുമ്പോഴോ വിരമിക്കുമ്പോഴോ അനന്തരാവകാശികളെ വാഴിക്കുന്നപോലെ, ജനാധിപത്യത്തിലും തങ്ങള്‍ക്കുശേഷം ഭാര്യയേയോ മക്കളേയോ മറ്റു ബന്ധുക്കളേയോ അവരോധിക്കുന്ന പ്രവണതയും വര്‍ദ്ധിക്കുകയാണ്. അതും ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാനേ സഹായിക്കൂ. സീറ്റുകിട്ടാത്തതിനാല്‍ മാത്രം പാര്‍ട്ടി മാറുന്നവരെയും ഒഴിവാക്കണം.
മറ്റൊന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വര്‍ണ്ണ – ജാതി – ലിംഗ പരിഗണനകളാണ്. ചരിത്രത്തിലുടനീളം അധികാരത്തില്‍ നിന്നു പുറത്തുനിര്‍ത്തപ്പെട്ടവരെ അവിടേക്ക് എത്തിക്കുമ്പോഴാണ് ജനാധിപത്യം എന്ന വാക്ക് അന്വര്‍ത്ഥമാകുക. എന്നാല്‍ ആ ദിശയുള്ള നീക്കങ്ങള്‍ വളരെ വിരളമാണ്. അവിടെയാണ് മൂന്നിലൊന്നെങ്കിലും സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുക, ലിംഗന്യൂനപക്ഷങ്ങള്‍ക്കും സീറ്റുനല്‍കുക, ജനറല്‍ സീറ്റുകളിലും ദളിത്, ആദിവാസി വിഭാഗങ്ങളെ മത്സരിപ്പിക്കുക, സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാകുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രസക്തമാകുന്നത്. ഇതെല്ലാം പാര്‍ട്ടിക്കകത്തും നടപ്പാക്കി, പാര്‍ട്ടി സംഘടനാസംവിധാനവും ജനാധിപത്യവല്‍ക്കരിക്കണം. സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത പാര്‍ട്ടിക്ക് സലമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനാവില്ല. ജനകീയ ഓഡിറ്റിങ്ങിനും വിവരാവകാശത്തിനുമൊക്കെ വിധേയരാകാന്‍ പാര്‍ട്ടികള്‍ തയ്യാറാകണം. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്നു മറച്ചുവെക്കാന്‍ ഒന്നുമുണ്ടാകരുത്. ജയിച്ചുകഴിഞ്ഞാല്‍ അധികാരത്തിനായി കൂറുമാറുന്ന നടപടികള്‍ക്കും അവസാനമുണ്ടാകണം. കാലുമാറ്റ നിരോധന നിയമമുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള കുതന്ത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രയോഗിക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെന്നതാണ് ദുരന്തം. ഈ വിഷയത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്.വിവരാവകാശ – സേവനാവകാശ നിയമങ്ങള്‍ കൂടുതല്‍ ഫലവത്തായി ഉപയോഗിക്കാനുമാകണം.
തീര്‍ച്ചയായും മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ പല നല്ല വശങ്ങളും കാണാം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടെ നടന്ന, അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങള്‍ മുതലുള്ള പല സംഭവവികാസങ്ങളും ഇതിന് കാരണമാണ്. അടിമുടി രാഷ്ട്രീയവല്‍കൃതമായ ഒരു ജനത തന്നെയാണ് നാം. പക്ഷെ അതില്‍ തിരുത്തപ്പെടേണ്ട ഒരുപാടു നിഷേധാത്മകവശങ്ങളുണുണ്ട്. രാഷ്ട്രീയവല്‍ക്കരണമെന്നത് അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. ഏതൊരു വിഷയത്തിന്റേയും ശരിതെറ്റുകളെ സ്വയം വിലയിരുത്താതെ, വിശ്വസിക്കുന്ന പാര്‍ട്ടിയുടേയും നേതാക്കളുടേയും നിലപാടുകള്‍ കണ്ണടച്ചുവിഴുങ്ങുന്ന അവസ്ഥയിലേക്കുമാറുന്നു. സിനിമാരംഗത്തെ വെല്ലുന്ന രീതിയില്‍ ഫാന്‍സ് സംസ്‌കാരവും വളരുന്നു. തുടരുന്ന കക്ഷിരാഷ്ട്രീയകൊലകളുടേയും അടിസ്ഥാനകാരണം അതാണ്. ബിജെപിയെ അധികാരത്തിലെത്തുന്നത് തടയുന്നതടക്കം ഏറെ മെച്ചങ്ങളുണ്ടെന്നു പറയുമ്പോഴും വലിയ മുരടിപ്പിനെയാണ് നമ്മുടെ മുന്നണിസംവിധാനം നേരിടുന്നത്. നമ്മുടെ രാഷ്ട്രീയരംഗം ചലനാത്മകമാകുന്നില്ല. മറുവശത്ത് പൊതുസമൂഹം എന്ന ഒന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടിവിശ്വാസങ്ങളാകട്ടെ പലപ്പോഴും സൊസൈറ്റി വായ്പകളും താല്‍്ക്കാലിക ജോലി ലഭിക്കലുമൊക്കെയാണ് നിര്‍ണ്ണയിക്കുന്നത്. ജാതി – മത ശക്തികള്‍ സൃഷ്ടിച്ചിരിക്കുന്ന വോട്ടുബാങ്കുകളും ജനാധിപത്യത്തിനു വെല്ലുവിളിയാണ്. മറ്റൊന്ന് ഇടതുപക്ഷത്തെ കുറിച്ചും സോഷ്യലിസത്തേയും കമ്യൂണിസത്തേയുമൊക്കെ കുറിച്ച് നിലനില്‍ക്കുന്ന ചില പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ മൂലം ജനാധിപത്യത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാണാനും അതിനെ കൂടുതല്‍ പരിപക്വമാക്കേണ്ട ആവശ്യകത തിരിച്ചറിയാനും വലിയൊരു വിഭാഗത്തിന് കഴിയുന്നില്ല എന്നതാണ്. ജനാധിപത്യത്തെ കേവലം ഭരണകൂടരൂപമായി കണ്ട് ബൂര്‍ഷ്വാജനാധിപത്യമായി ആക്ഷേപിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. ആ നിലപാട് തിരുത്താനും ജനാധിപത്യത്തോട് തുറന്ന സമീപനം സ്വീകരിക്കാനും നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തു പലയിടത്തു നടക്കുന്ന പല ജനാധിപത്യപോരാട്ടങ്ങളും കേരളത്തില്‍ ശക്തമായി അലയടിക്കാത്തതിന്റെ അടിസ്ഥാനകാരണം അതാണെന്നു കാണാം. അടിയന്തരാവസ്ഥയും മണ്ഡലും പൗരത്വനിഷേധവും കര്‍ഷകസമരവുമൊക്കെ ഉദാഹരണങ്ങള്‍.
ചുരുക്കത്തില്‍ തുടക്കത്തില്‍ പറഞ്ഞപോലെ മനുഷ്യസമൂഹം ഇന്നോളം പ്രയോഗിച്ച ഭരണസംവിധാനങ്ങളില്‍ ഏറ്റവും മികച്ചത് ജനാധിപത്യമാണെങ്കിലും അത് നിരവധി പ്രതിസന്ധികളെ നേരിടുന്നുണ്ട്. എന്നാലൊരു തിരിച്ചുപോക്ക് സാധ്യമല്ല. അതിനാല്‍ തന്നെ ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അതിന് ഏറ്റവും അനുയോജ്യമായ ്‌വസരം തെരഞ്ഞെടുപ്പുകാലം തന്നെയാണ്.