ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതുകൊണ്ടാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്ന ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ ജനവികാരം അട്ടിമറിക്കാനായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതുകൊണ്ടാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്ന ജനങ്ങളുടെ തീരുമാനത്തെ അട്ടിമറി ക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ എല്‍ഡിഎഫിനെതിരെയാണ് വോട്ട് ചെയ്യേണ്ടതെന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ലെന്ന് പിണറായി പറഞ്ഞു.
തുടക്കം മുതല്‍ കഴിഞ്ഞ നിയമസഭയില്‍ നേടിയതിലേറെ സീറ്റ് ഇക്കുറി നേടുമെന്ന് അതുകൊണ്ട് തന്നെയാണ് പറഞ്ഞത്. അത് തന്നെയാണ് ജനം പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് മതനിരപേക്ഷ ചിന്താഗതിക്കാര്‍ അത് സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ക്ഷേമ പ്രവര്‍ത്തനം മുടങ്ങരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഏത് മതത്തില്‍ പെട്ടവരായാലും ഒരു മതത്തിലും ഇല്ലാത്തവരായാലും എല്ലാവരും സമാന ചിന്താഗതിക്കാരാണ്. അവരെല്ലാം ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.