അവിശ്വാസ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത് എല്ലായ്‌പ്പോഴും അത് പാസാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആകണമെന്നില്ല. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ആ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക് തീര്‍ത്തും ഇളക്കം തട്ടുമ്പോഴോ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴോ ആണ്. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിട്ടത്.
സാങ്കേതികമായി അഞ്ച് കൊല്ലം ഭരണാവകാശമുള്ള സര്‍ക്കാരിന് എന്തൊക്കെ ആരോപണമുണ്ടായാലും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ അഞ്ച് കൊല്ലത്തിന്റെ കണക്കില്‍ കടിച്ചുപിടിച്ച് പ്രതിപക്ഷത്തെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും ആക്ഷേപിക്കുന്ന രീതി ഭരണപക്ഷം എല്ലാ കാലവും തുടരുന്നത് പതിവാണ്. പക്ഷേ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ല എന്ന മട്ടില്‍ അധികാര ആരോഹിതരുടെ നെറികേടുകളോട് ജനത്തിന്റെ വൈമുഖ്യം ശക്തമാകുമ്പോഴാണ് അത് പ്രതിഫലിപ്പിക്കാനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കാന്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. അത്തരം സാഹചര്യങ്ങളില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് വെണ്ടക്ക നിരത്താനുള്ള വാര്‍ത്താമൂല്യമൊന്നുമില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഉണ്ടായ അവിശ്വാസം പ്രതിപക്ഷം എത്രത്തോളം വ്യക്തതയോടെ അവതരിപ്പിച്ചുവെന്നും ഭരണപക്ഷത്തിന് അതിനെ എത്രത്തോളം ഫലപ്രദമായി നേരിടാന്‍ സാധിച്ചുവെന്നതുമാണ് വിലയിരുത്തപ്പെടേണ്ടത്.
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യതയല്ല, പ്രതിപക്ഷം എത്ര മാത്രം ഇതിൽ ഗൃഹപാഠം ചെയ്തു എന്ന കാര്യത്തിൽ സംശയമുണ്ട്. സർക്കാരിനെതിരെ ഉള്ള അവിശ്വാസം അവതരിപ്പിക്കുമ്പോൾ തെളിവുകൾ രേഖകളായി സഭയിൽ വെയ്ക്കണം, അതിലാണ് മിടുക്ക്. അങ്ങിനെയാണ് പണ്ട് പ്രതിപക്ഷ നേതാക്കളും കക്ഷികളും നിയമസഭയെ ഇളക്കി മറിച്ചിട്ടുള്ളത്. ഓരോ ആരോപണങ്ങളും കേട്ട് ഭരണ ബെഞ്ച് ഞെട്ടി വിറക്കണം. പക്ഷേ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.
പ്രതിപക്ഷത്തിന് അവരുടെ സ്ഥിരം വാർത്താ സമ്മേളനത്തിന് അപ്പുറമുള്ള ഉണ്ടായില്ലാ വെടികളായി ആരോപണങ്ങൾ മാറി. അപ്പുറത്ത് ഭരണ പക്ഷം കൃത്യമായി ആരോപണങ്ങൾക്ക് എണ്ണിച്ചുട്ട അപ്പം പോലെ മറുപടി പറഞ്ഞു പ്രതിപക്ഷത്തെ ഇരുത്തി. മറുപടി പറയാൻ കൂടുതൽ സമയമെടുത്ത ഭരണ പക്ഷ അംഗങ്ങൾക്ക് കുറച്ചു കൂടുതൽ സമയം സ്പീക്കറുടെ കാരുണ്യത്തിൽ കിട്ടിയത് അവർ നന്നായി മുതലാക്കി. അവസാനം പ്രസംഗിച്ച മുഖ്യമന്ത്രി മണിക്കൂറുകളോളം തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ചാനലുകളുടെ പ്രൈം ടൈം തന്റെതാക്കി മാറ്റി.
ഇവിടെയാണ് ഭരണ പക്ഷത്തിന്റെ കൃത്യമായ പ്ലാനിങ്. എന്നാൽ അത് മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് ആയില്ല. അവരുടെ പല തീപ്പൊരി യുവ നേതാക്കൾക്കും പ്രതിപക്ഷം അവസരം പോലും നൽകിയില്ല. എന്നാൽ ഭരണപക്ഷത്ത് ഈ അവസരം കൃത്യമായ പ്ലാനിങ്ങോടു കൂടി അവർ നടപ്പിലാക്കി എടുത്തു. സ്വർണ്ണക്കടത്തിലെ പ്രതികളിൽ കൂടുതലും ലീഗ് അനുഭാവികളാണ് എന്ന ആരോപണത്തിന്റെ ജാള്യത മറക്കാൻ ലീഗിനൊപ്പം പ്രതിപക്ഷം കുറച്ചു ന്യൂട്രൽ ആയോ എന്നൊരു സംശയം ഉണ്ടായി.
പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളായ സ്വര്‍ണ കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, അനര്‍ഹരുടെ പിന്‍വാതില്‍ നിയമനം, കണ്‍സള്‍ട്ടന്‍സി രാജ് തുടങ്ങിയ അതീവ ഗൗരവമുള്ള വിഷയങ്ങളെ കുറിച്ച് ഭരണപക്ഷം കൃത്യമായി മറുപടി നൽകിയോ, ഇല്ല എന്ന് തന്നെ പറയാം. സ്വർണക്കടത്തിൽ ഒരു അന്വേഷണ ഏജൻസിയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിരൽ ചൂണ്ടിയില്ല, കേസിൽ ആരോപണ വിധേയനായ ശിവശങ്കർ പോലും ഇത് വരെ പ്രതിയോ സാക്ഷിയോ പോലും ആയിട്ടില്ല എന്നൊക്കെ വീമ്പു പറയാമെങ്കിലും, പിൻവാതിൽ നിയമനങ്ങളിലെ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ ഭരണ പക്ഷം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മേനി നടിക്കാന്‍ ശ്രമിച്ചു.
അവിശ്വാസം തള്ളിയത് സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുന്ന ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തില്‍ നിന്നും ഏറെ ദൂരെയല്ല ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് . പത്ത് വര്‍ഷം മുമ്പ് അദ്ദേഹം സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് ആയിരിക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് അത് വിജയിക്കുമെന്നും യുഡിഎഫ് മന്ത്രിസഭ നിലംപതിക്കുമെന്നുമുള്ള ഉത്തമ വിശ്വാസത്തോടെയായിരുന്നില്ല. സോളാര്‍ കേസില്‍ അന്നത്തെ സര്‍ക്കാരിന്റെ കള്ളക്കളികള്‍ നിയമസഭയിലെ ചര്‍ച്ചയില്‍ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്. അന്ന് പ്രമേയം പരാജയപ്പെട്ടതില്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ജാള്യത അനുഭവപ്പെട്ടിരിക്കാനിടയില്ല. മറിച്ച് സര്‍ക്കാരിനെ നിയമസഭയില്‍ തുറന്നു കാണിക്കാന്‍ ലഭിച്ച അവസരം ശരിയായി വിനിയോഗിച്ചതില്‍ തൃപ്‌തി തോന്നുകയും ചെയ്‌തിട്ടുണ്ടാകും.
അവിശ്വാസം കൊണ്ടുവരുന്നത് ഒരു തരത്തില്‍ ഭരണപക്ഷത്തിനും നല്ലതാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെങ്കില്‍ അത് വസ്‌തുതാപരമായി `എണ്ണിയെണ്ണി’ പറയാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിനുള്ള മറുപടി. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നാടകങ്ങളെ തുറന്നുകാണിക്കാനും തങ്ങളുടെ സത്യസന്ധത വിശദീകരിക്കാനും മുഖ്യമന്ത്രിക്ക് ഈ മറുപടി വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.
മാധ്യമങ്ങളില്‍ കത്തി നില്‍ക്കുന്ന അതീവ ഗൗരവമുള്ള വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മേനി നടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമസഭയുടെ ആദരവാണ് നഷ്‌ടമാകുന്നത്. `എണ്ണിയെണ്ണി പറയണോ’ എന്ന് ഇടയ്‌ക്കിടെ മാധ്യമങ്ങളോട് ചോദിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലെ റെക്കോഡ് സൃഷ്‌ടിച്ച പ്രസംഗത്തിനിടെ എണ്ണം മറന്നുപോയി. മുഖ്യമന്ത്രിയുടെ തനതുശൈലിയില്‍ മറുപടി അര്‍ഹിക്കാത്ത ആരോപണമാണ് എന്ന് പറഞ്ഞു തള്ളാനാകാത്ത അതീവ ഗുരുതരമായ വിഷയങ്ങളാണ് ഉന്നയിച്ചത് എങ്കിലും, അത് ഫലപ്രദമായി ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് ആയില്ല.
യഥാര്‍ത്ഥത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തിനാണോ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ ഭരണപക്ഷത്തിനാണോ ജാള്യത തോന്നേണ്ടത്.. രണ്ടു കൂട്ടരും കൂടി നിയമസഭയിൽ കാണിച്ചു കൂട്ടിയ പൊറാട്ട് നാടകം കണ്ടു ജാള്യത ജോന്നിയത് ജനത്തിനാണ്.


















