ദുബായ് ∙ ഗാസയിലെ ആശുപത്രികൾക്ക് വേണ്ടിയുള്ള യുഎഇയുടെ പുതുതായി അയച്ച മരുന്നുകളും ആരോഗ്യോപകരണങ്ങളും ലോകാരോഗ്യ സംഘടനയുടെ (WHO) ഗാസയിലെ വെയർഹൗസിൽ എത്തിച്ചു.11 ട്രക്കുകളിലായി 65 ടൺ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഇവയിൽ ഭൂരിഭാഗവും ജീവൻ രക്ഷാ മരുന്നുകളാണ്.
ഗാസയിലെ ഗുരുതരമായ മരുന്ന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, യുഎഇയുടെ ഈ സഹായം വലിയ ആശ്വാസമാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധികൾ വ്യക്തമാക്കി. നിലവിലെ മാനവിക പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അവർ പറഞ്ഞു.
ഭക്ഷണം, താൽക്കാലിക താമസസൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഗാസയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി യുഎഇയുടെ സഹായം തുടരുമെന്നും അധികൃതർ അറിയിച്ചു.