18 ദിവസം കൊണ്ടാണ് പാണ്‌ഡവന്‍മാര്‍ കൗരവന്‍മാര്‍ക്കെതിരായ മഹാഭാരതയുദ്ധം ജയിച്ചതെന്നും കൊറോണയ്‌ക്കെതിരായ യുദ്ധം 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നുമുള്ള വീരവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞു. മാര്‍ച്ച് 25നാണ് മോദി ഈ പ്രസ്‌താവന നടത്തിയത്. ശാസ്‌ത്രീയമായ വീക്ഷണത്തിന്റെ ഒരു അംശമെങ്കിലുമുള്ളയാള്‍ക്ക് ഇത്തരം വീരവാദങ്ങള്‍ നടത്താന്‍ സാധിക്കില്ല. അതേ സമയം ഇന്നലത്തെ എഡിറ്റോറിയലില്‍ പറഞ്ഞതു പോലെ ശ്രദ്ധേയമായ തലകെട്ടുകള്‍ എന്ന ലക്ഷ്യം മാത്രമുള്ള ഒരു ഭരണാധികാരി മഹാഭാരതം എന്ന സാങ്കല്‍പ്പിക കഥയിലെ യുദ്ധത്തിന് സമാനമാണ് കോവിഡിനെതിരായ പോരാട്ടമെന്നൊക്കെ `പഞ്ച് ഡയലോഗുകള്‍’ പറഞ്ഞതില്‍ അത്ഭുതവുമില്ല.
കോവിഡ് ഭീഷണി തിരിച്ചറിയപ്പെട്ടതിനു ശേഷം എട്ട് മാസം കഴിഞ്ഞിട്ടും ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡിനെതിരായ വാക്‌സിന്‍ ആര് ആദ്യം വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്യുമെന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു മത്സരത്തിലാണ്. വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ ഉണ്ടാക്കുന്നതിനായുള്ള തകൃതിയായ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ വാക്‌സിന്‍ വികസിപ്പിച്ചു കഴിഞ്ഞു. ക്ലിനിക്കല്‍ ട്രയല്‍ സാധാരണയിലേതിനേക്കാള്‍ വേഗത്തിലാക്കി വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഓഗസ്റ്റ് 15നകം പുതിയ മരുന്ന് പുറത്തിറക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നോട്ടുപോകുന്നത്. ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചു കഴിഞ്ഞു. ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15ന് അകം മരുന്ന് ലഭ്യമാക്കണമെന്നാണ് ഐസിഎംആര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സ്വഭാവിക നടപടി ക്രമത്തിന് കുറെക്കൂടി ദീര്‍ഘമായ സമയം ആവശ്യമാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നിരിക്കെ മഹാഭാരത യുദ്ധം പോലെയല്ല ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന ഒരു മഹാമാരിക്കെതിരായ പോരാട്ടമെന്ന വിവേകബുദ്ധി അധികാരികള്‍ പ്രകടിപ്പിക്കണം.
ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ വാക്‌സിന്‍ വികസിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിനായി മതിയായ പരീക്ഷണ സമയം അനുവദിക്കാതെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയാല്‍ മനുഷ്യജീവനുകള്‍ വിലനല്‍കേണ്ടി വരുമെന്ന സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ ഒരു മുന്നറിയിപ്പാണ്. കോവിഡ് വാക്‌സിനും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ മണ്ടത്തരങ്ങള്‍ സര്‍ക്കാര്‍ കാണിക്കരുത്.
ചൈനയും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയെ പോലെ ധൃതി കൂട്ടുകയാണ്. ചൈന വികസിപ്പിച്ച വാക്‌സിന്‍ അവരുടെ സൈനികര്‍ക്കിടയില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ബ്രിട്ടനില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഒരു പ്രമുഖ ഫാര്‍മ കമ്പനിയുമായി ചേര്‍ന്നാണ് വാക്‌സിനു വേണ്ടിയുള്ള ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യുഎസിലെ ചില കമ്പനികളും വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണെന്നാണ് അവകാശപ്പെടുന്നത്. ജപ്പാന്‍ പോലുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
ശീതയുദ്ധ കാലത്ത് യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ ബഹിരാകാശ മേഖലയിലുണ്ടായിരുന്നതു പോലുള്ള മത്സരമാണ് ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നത്. ചന്ദ്രനില്‍ കാല്‍കുത്തുന്നതിലും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിലും ആദ്യം ആര് വിജയിക്കുമെന്ന മത്സരമായിരുന്നു യുഎസും യുഎസ്‌എസ്‌ആറും തമ്മില്‍. അതുപോലെ ആദ്യം വാക്‌സിന്‍ വിപണിയിലെത്തിക്കുന്നത് തങ്ങളുടെ രാജ്യാന്തര കീര്‍ത്തിയുടെയും അന്തസിന്റെയും വിഷയമായി എടുത്തിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍.
ശീതയുദ്ധ കാലത്തെ ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തെ മത്സരം ആത്യന്തികമായി മനുഷ്യന്‍ ശാസ്‌ത്രമേഖലയില്‍ പുരോഗതി ആര്‍ജിക്കുന്നതിനാണ് സഹായിച്ചത്. അതു പോലെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള മത്സരവും മനുഷ്യരാശിക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. ഏത് രാജ്യം ആദ്യം വാക്‌സിന്‍ പുറത്തിറക്കിയാലും മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായ കോവിഡിനെ തുരത്താന്‍ നമുക്ക് എത്രയും പെട്ടെന്ന് സാധിക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് പ്രധാനം. അത് പക്ഷേ ആവശ്യമായ പഠന സമയം എന്ന ഒഴിവാക്കാനാകാത്ത പ്രക്രിയയില്‍ വെള്ളം ചേര്‍ത്തുകൊണ്ടാകരുത്.