സ്വാതന്ത്ര്യലബ്‌ധിയുടെ 73-ാം വാര്‍ഷികമാണ് നാം ആചരിക്കുന്നത്. ഇന്ന് സ്വാത്രന്ത്യത്തിന്റെ ശുദ്ധവായു നാം ശ്വസിക്കുമ്പോള്‍ അതിനായി പൂര്‍വികര്‍ സഹിച്ച ത്യാഗവും സഹനവും നമുക്ക് ഓര്‍മ മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര പതിറ്റാണ്ട് പോലുമായിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ വളരെ നീണ്ട കാലം ഒട്ടേറെ പേര്‍ നടത്തിയ സമരത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് നമുക്ക് സ്വാതന്ത്ര്യം കൈവരിക്കാനായത്. നമ്മുടെ പൂര്‍വികര്‍ എല്ലാവരും ആ സമരത്തില്‍ പങ്കാളികളായിരുന്നു. നേരിട്ട് പോരാട്ടത്തിലും പ്രക്ഷോഭത്തിലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ പോലും നിസ്സഹകരണം പോലുള്ള ആഹ്വാനങ്ങളോട് സഹകരിച്ചും മറ്റും നിശബ്‌ദമായി അതിന് ഒപ്പമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ദാഹം എല്ലാവരുടെയും മനസില്‍ തുടിച്ചുനിന്നു. ഓരോരുത്തര്‍ക്കും ചെയ്യാവുന്ന വിധം ആ സമരത്തില്‍ പങ്കാളികളായി.
ഇന്ന് കോവിഡിനെതിരായ പോരാട്ടത്തിലും സമാനമാം വിധമാണ് നാമെല്ലാം അണിചേരുന്നത്. സര്‍ക്കാരോ ആരോഗ്യ പ്രവര്‍ത്തകരോ പൊലീസ് സേനയോ വിചാരിച്ചാല്‍ മാത്രം കോവിഡിനെതിരായ പ്രതിരോധം വിജയിപ്പിക്കാന്‍ സാധിക്കില്ല. വൈറസിനെ തുരത്താന്‍ നാമോരോരുത്തരും സാമൂഹിക അകലം പാലിച്ചും മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചും ശുചിത്വം പാലിച്ചും തയാറെടുപ്പ് നടത്തേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കണ്ടതില്‍ നിന്ന് വ്യത്യസ്‌തമായി നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാന്‍ സാധിച്ചത് പ്രതിരോധത്തില്‍ നമുക്കെല്ലാമുള്ള പങ്കിനെ കുറിച്ച് ബോധവല്‍കൃതരാണ് എന്നതു കൊണ്ടാണ്. ഈ മഹാമാരിയെ തുരത്തുന്നതില്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം മറ്റുള്ളവരിലേക്ക് പകരാന്‍ കൂടി ശ്രമിക്കുന്നിടത്താണ് നമ്മുടെ വിജയം.
പ്രതിദിനം രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെ ആയി ഉയരാമെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കിയത്. രോഗവ്യാപനത്തിന്റെ വേഗം എത്രത്തോളമുണ്ടെന്ന തിരിച്ചറിവ് ആണ് ഈ മുന്നറിയിപ്പിന് പിന്നില്‍. ഒരു ഭാഗത്ത് രോഗികളുടെ എണ്ണം കുറച്ചു കാട്ടാന്‍ ശ്രമിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെ തന്നെയാണ് രോഗികളുടെ എണ്ണം ഇപ്പോഴത്തേതിനേക്കാള്‍ പത്തിരട്ടിയിലേറെ ഉയരാനുള്ള സാധ്യത സംസ്ഥാന ആരോഗ്യമന്ത്രി ചൂണ്ടികാട്ടുന്നത്.
പലരും ഈ സ്വാതന്ത്ര്യദിനം കടന്നുപോകുമ്പോള്‍ പല വിധത്തിലുള്ള അസ്വാതന്ത്ര്യം നേരിടുന്നവരാണ്. രോഗവ്യാപനം തടയുന്നതിനായി സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പലരുടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കിയിട്ടുണ്ട്. അതില്‍ നല്ലൊരു ശതമാനം പേരും അസംതൃപ്‌തരാണ്. ജോലി ചെയ്യാന്‍ പോലും സാധിക്കാതെ ദൈനംദിന ജീവിതം തള്ളിനീക്കേണ്ടി വരുന്നവരുടെ അസംതൃപ്‌തിയും ആശങ്കയും വര്‍ധിപ്പിക്കുന്നതാ ണ് മന്ത്രിയുടെ മുന്നറിയിപ്പ്. നിലവില്‍ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 25,688 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 1500ല്‍ പരം പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനേക്കാള്‍ പതിന്മടങ്ങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് മന്ത്രി വിരല്‍ ചൂണ്ടുമ്പോള്‍ ആശങ്കയുടെ തോതാണ് വര്‍ധിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ വരിഞ്ഞുമുറുക്കല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ കുറച്ചുകാലം കൂടി തുടരുമെന്ന മുന്നറിയിപ്പ് കൂടിയാണ് അത്.
ഷോപ്പിംഗും തിയേറ്ററുകളിലെ സിനിമാ കാഴ്‌ചയും വിനോദയാത്രയും സാമൂഹിക കൂട്ടായ്‌മകളും എല്ലാം സാധ്യമായ സ്വാതന്ത്ര്യത്തിന്റെ തെളിഞ്ഞ ആകാശമാണ് കഴിഞ്ഞ മാര്‍ച്ച് അവസാനം മുതല്‍ കറുത്തു തുടങ്ങിയത്. എല്ലാം പഴയതു പോലെ സാധാരണമാകുമെന്ന പ്രതീക്ഷയില്‍ കാര്‍മേഘങ്ങളുടെ കരിനിഴല്‍ വീഴ്‌ത്തികൊണ്ടാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനാകാതെ മുഖ്യമന്ത്രി പോലും സ്വയം നിരീക്ഷണത്തിലാണ്.
കോവിഡിനെതിരായ സമരത്തില്‍ അണിചേരുന്ന കര്‍മത്തില്‍ പങ്കാളികളാകുന്നതില്‍ നിന്ന് നമുക്ക് പിന്തിരിയാന്‍ സാധിക്കില്ല. അതിനായി ചില സഹനങ്ങള്‍ നമുക്ക് ഒഴിവാക്കാനുമാകില്ല. പ്രതിസന്ധികളില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അവസരമായും ജീവിതശൈലിയെ തന്നെ പുതിയ രീതിയില്‍ വാര്‍ത്തെടുക്കുന്നതിനുള്ള ഘട്ടമായും ഈ അസ്വാതന്ത്ര്യത്തിന്റെ ഇടവേളയെ സമീപിക്കാനുള്ള സന്ദേശം ഈ കോവിഡ് കാലത്തെ സ്വാതന്ത്ര്യദിന ആചരണ വേളയില്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് ശ്രമിക്കാം.


















