നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാഷ്‌ട്രീയ എതിരാളികളോടുള്ള പകപോക്കലിന്റെ ഭാഗമായി ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതും സാധാരണമായിട്ടുണ്ട്. പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ബിജെപി ചട്ടുകങ്ങളാക്കി മാറ്റുന്നുവെന്ന വിമര്‍ശനം ശക്തമാണ്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തകനും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ ഡല്‍ഹി കലാപ വേളയില്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയത് പകപോക്കല്‍ രാഷ്‌ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
കഴിഞ്ഞ ജനുവരി 15ന് ഡല്‍ഹിയിലെ സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഉമര്‍ ഖാലിദിനെ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്പത്തിക വിദഗ്‌ധയായ ജയതി ഘോഷ്, ജെഎന്‍യുവിലെ പ്രൊഫസറും ആക്‌ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെയും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
പൊലീസ് നടപടിക്കെതിരെ യോഗേന്ദ്ര യാദവും സീതാറാം യെച്ചൂരിയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരക്കഥ പ്രകാരമാണ് ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം നടക്കുന്നതെന്ന് യോഗേന്ദ്ര യാദവ് തുറന്നടിച്ചു. തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് ഗാന്ധി മാര്‍ഗത്തില്‍ വിശ്വസിക്കുന്നവരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാതെ തങ്ങള്‍ക്കെതിരെ തിരിയുന്നതിലെ അയുക്തിയെ സീതാറാം യെച്ചൂരിയും ചോദ്യം ചെയ്യുന്നു. കലാപ സമയത്ത് താന്‍ വടക്കന്‍ ഡല്‍ഹിയില്‍ പോയിരുന്നില്ലെന്നും തനിക്കെതിരെയുള്ള ആരോപണം സത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യെച്ചൂരിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള പ്രതികളുടേതെന്ന് പറയുന്ന മൊഴികളില്‍ അവര്‍ ഒപ്പുവെച്ചിട്ടില്ല എന്നത് കുറ്റപത്രത്തിലെ പരാര്‍മശങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാഷ്‌ട്രീയ നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും വിദഗ്‌ധരെയും ലക്ഷ്യമിട്ട് പൊലീസ് നീങ്ങുന്നുവെന്ന് സംശയിക്കാവുന്ന രീതിയിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ജനാധിപത്യത്തെയും മതേതരത്വത്തെയും അപകടപ്പെടുത്താനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുക ഒട്ടും എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചുള്ള ഇത്തരം ഇടപെടലുകള്‍. രാജ്യത്ത് അദൃശ്യമായ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന നിരീക്ഷണങ്ങളെ ശരിവെക്കും വിധമാണ് പലപ്പോഴും ഭരണകൂടവും പൊലീസും പെരുമാറുന്നത്. ജെഎന്‍യുവില്‍ ഹിന്ദുത്വ ചേരിയെ ചോദ്യം ചെയ്യുന്നവര്‍ നേരിട്ട പീഡനങ്ങളും അതിനുള്ള പൊലീസ് മറയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ ഇന്ത്യ ഏകാധിപത്യ രാജ്യങ്ങളുടെ വഴിയേ നീങ്ങുന്നുവോയെന്ന സംശയമാണ് നേരത്തെ തന്നെ ഉണര്‍ത്തിയത്. ഇത്തരം നടപടികളുടെ തുടര്‍ച്ചയാണ് യെച്ചൂരിക്കും മറ്റുള്ളവര്‍ക്കുമെതിരായ കുറ്റപത്രത്തിലെ രേഖപ്പെടുത്തലുകള്‍. കോവിഡ് ഭീതിയുടെ മറവില്‍ ഇത്തരം പകപോക്കലുകള്‍ക്കുള്ള പഴുത് കണ്ടെത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നത് ജനാധിപത്യവാദികള്‍ ആശങ്കയോടെയാണ് കാണേണ്ടത്.


















