ഉന്നതമായ ജനാധിപത്യ മാതൃക നിലനില്‍ക്കുന്ന ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ രാജകുടുംബത്തിന് പ്രത്യേക പദവിയുണ്ട്. രാജകുടുംബത്തിലെ പ്രമുഖ അംഗങ്ങളെ ശ്രേഷ്‌ഠ വ്യക്തിത്വങ്ങളായാണ് അവിടുത്തെ ജനങ്ങള്‍ കാണുന്നത്. അതേ സമയം ഔപചാരികമായ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ല. പരമ്പരാഗതമായ ആസ്‌തികളുടെ ഉടമസ്ഥത സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അവകാശ വാദങ്ങള്‍ അവര്‍ ഉന്നയിച്ചു കേട്ടിട്ടില്ല. ഏതെങ്കിലും പള്ളിയിലെ നിലവറ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയോ സര്‍ക്കാര്‍ ഖജനാവിലേക്ക് പോകേണ്ട അമൂല്യ നിധി ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ കൈയടക്കിവെക്കുകയോ ചെയ്യുന്ന, ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത തരത്തിലുള്ള പ്രവൃത്തികള്‍ അവര്‍ ചെയ്യാറില്ല.
തിരുവവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച സുപ്രിം കോടതി വിധി രാജാവിന് സവിശേഷ അധികാരമോ പദവിയോ ഇല്ലാത്ത ഒരു ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് തീര്‍ത്തും വിചിത്രമായി തോന്നാവുന്നതാണ്. രാജകുടുംബം ക്ഷേത്രത്തിന്റെ സ്വത്ത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കുകയും രാജകുടുംബം സ്വത്ത് വിനിയോഗത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കാട്ടിയിട്ടുണ്ടെന്ന് ഓഡിറ്റര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുകയും ചെയ്‌തിട്ടുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. സുപ്രിം കോടതി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ യാഥാസ്ഥിതികതയെ പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ഭൂഷണമല്ല.
പത്മനാഭസ്വാമി ക്ഷേത്രം പൊതുആരാധനാലയമാണെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെയാ ണ് സുപ്രിം കോടതി അതിന്റെ ഭരണ സമിതിയില്‍ രാജകുടുംബത്തിന്റെ പ്രതിനിധിക്ക് സ്ഥാനവും ക്ഷേത്ര സ്ഥാനീയ അവകാശവും നല്‍കുന്നത്. ക്ഷേത്രത്തിലെ അമൂല്യനിധിയെന്ന് കരുതപ്പെടുന്ന ബി നിലവറ തുറയ്‌ക്കാന്‍ അനുവദിക്കില്ലെന്നാണ് രാജകുടുംബത്തിന്റെ കടുംപിടുത്തം. സുപ്രിം കോടതി വിധി വന്നതോടെ അവരുടെ കടുംപിടുത്തം തന്നെ തുടര്‍ന്നും വിജയിക്കുമെന്ന് ഉറപ്പിക്കാം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ അവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിന് തന്നെയെന്ന് സുപ്രിം കോടതി വിധിച്ചത് തിരുവിതാംകൂര്‍, കൊച്ചി രാജകുടുംബങ്ങള്‍ തമ്മില്‍ 1949ലുണ്ടായ ഉടമ്പടിയെ ആധാരമാക്കിയാണ്. കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത്. ആ കരാറിനെ റദ്ദു ചെയ്‌തത് കേന്ദ്ര സര്‍ക്കാരാണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
ജുഡീഷ്യറി യാഥാസ്ഥിതിക പക്ഷത്തേക്ക് ചായുന്നതായി തോന്നിപ്പിക്കുന്ന വിധികള്‍ അടിക്കടിയുണ്ടാകുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ അപകടകരമായ പ്രവണതയാണ്. സദാ പിന്നോട്ടു നോക്കുന്നതിന് പകരം മുന്നോട്ടു നോക്കാന്‍ കെല്‍പ്പുള്ള, കാലനുസൃതമായ മാറ്റങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ന്യായാധിപന്‍മാര്‍ക്കു മാത്രമേ ജുഡീഷ്യറിയുടെ അന്തസ് നിലനിര്‍ത്താനാകൂ.



















