കൊച്ചിയിലും എപ്പോൾ വേണ്ടിവന്നാലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നവരാണ് എന്ന ബോധം വേണ്ട.നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പർക്ക വ്യാപനം സൂപ്പർ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആൾക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദർശനങ്ങൾ പാടില്ല.
ഫീൽഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ് നിരീക്ഷണം, റോഡ്, റെയിൽ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്റിനൽ സർവയലൻസ് ഊർജിതപ്പെടുത്തുകയും ആന്റിജൻ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.
പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.
കേസുകളുടെ ട്രെൻഡും ദൈനംദിന റിപ്പോർട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, ആർആർടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നടക്കുന്നുമുണ്ട്.











