കെ.ജി.ശങ്കരപിള്ളയുടെ വിഖ്യാതമായ `ബംഗാള്‍’ എന്ന കവിത ആരംഭിക്കുന്നത് `ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയുമില്ല’ എന്ന വരിയോടെയാണ്. ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് ഒരു കാലത്ത് നാം അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. `എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളും ബംഗാളിലാണ്’ എന്നാണ് കവിതയിലെ ആഖ്യാതാവായ ധൃതരാഷ്‌ട്രര്‍ സഞ്‌ജയനോട് പറയുന്നത്. ഒരു കാലത്ത് കേരളത്തിന്റെ ഇടതുപക്ഷ ബോധം ബംഗാളുമായി അങ്ങേയറ്റം സജീവ ബന്ധുത്വത്തിലായിരുന്നു. ബംഗാളില്‍ നിന്നുള്ള വാര്‍ത്തകളെ പിന്തുടരുക എന്നതിലുപരി, ബംഗാളിലെ രാഷ്‌ട്രീയ, സാംസ്‌കാരിക പ്രവണതകളെ അനുകരിക്കുക എന്നിടത്തോളം ആ ബന്ധുത്വം വേരുറച്ചുപോയിരുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാര്‍ക്‌സിസ്റ്റുകളും ബംഗാളിലേക്ക് ഉറ്റുനോക്കിയിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് കെ.ജി.എസ് `ബംഗാള്‍’ എന്ന രാഷ്‌ട്രീയ കവിത എഴുതുന്നത്. പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടികളും തീവ്ര മാര്‍ക്‌സിയന്‍ വാദികളും ഒരു പോലെ ബംഗാളിനെ പിന്തുടരുകയാണ് അക്കാലത്ത് ചെയ്‌തിരുന്നത്. ബംഗാളിലെ നക്‌സല്‍ബാരി എന്ന ഗ്രാമത്തിന്റെ പേരില്‍ പിന്നീട് പതിറ്റാണ്ടുകളായി നിലനിന്നുപോന്ന ഒരു തീവ്രവാദ പ്രസ്ഥാനത്തിന് രൂപമാര്‍ജിച്ചപ്പോഴും കലയിലും സിനിമയിലും ബംഗാളികളുടെ നവീനമായ ഇടപെടലുകള്‍ പുതിയ അനുഭവമായി തീര്‍ന്നപ്പോഴും കേരളത്തില്‍ അതിന്റെ അനുകര്‍ത്താക്കള്‍ ഒട്ടേറെയായിരുന്നു.
കാലം മാറി, പശ്ചാത്തലവും മാറി. ഇന്ന് നാം ബംഗാളിലേക്ക് ഉറ്റുനോക്കുന്നില്ല. എഴുപതുകളിലെ നവരാഷ്‌ട്രീയത്തിന്റെ വേദിയായിരുന്ന ബംഗാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും രാഷ്‌ട്രീയ ജീര്‍ണതയുടെ പരകോടിയിലെത്തി. ബംഗാളിലെ സിപിഎം മാര്‍ക്‌സിനേക്കാള്‍ സ്റ്റാലിനോട് കൂടുതല്‍ അടുപ്പം കാട്ടിയതോടെ ഒരു പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുങ്ങി. സ്വയം കുഴിച്ച കുഴിയിലേക്ക് ബംഗാളിലെ സിപിഎം പതിച്ചു. ഒരു കാലത്ത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കൂത്തരങ്ങായിരുന്ന ബംഗാളില്‍ വലതുപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റം സംഭവിച്ചത് വളരെ പെട്ടെന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അശ്വമേധത്തിനൊപ്പം തന്നെ ബിജെപിയുടെ കാവിപട ബംഗാളില്‍ സമാന്തരമായി ശക്തിയാര്‍ജിച്ചു. ഒരു കാലത്ത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ആയിരുന്ന പലരും അണികളോടൊപ്പം ബിജെപിയിലേക്ക് കൂടുമാറി. ഒരു കാലത്ത് കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്യക്തി ബിജെപിയുടെ പാളയത്തിലേക്ക് എത്തുക എന്ന വിചിത്ര രാഷ്‌ട്രീയ കൂടുമാറ്റത്തിന് കേരളത്തില്‍ അബ്‌ദുള്ളകുട്ടിയെ പോലെ ചില ഉദാഹരണങ്ങള്‍ മാത്രമേയുള്ളൂവെങ്കില്‍ ബംഗാളില്‍ സ്ഥിതി അതല്ല. ഒട്ടേറെ സിപിഎം നേതാക്കളാണ് ബിജെപിയുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തെ ഹൃദയത്തിലേറ്റിയത്.
ഇന്ന് കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവലംബിക്കുന്ന പുതിയ മാനദണ്‌ഡങ്ങള്‍ക്ക് നീതികരണമായി പറയുന്നത് ബംഗാളിലേതു പോലെയാകാതിരിക്കാന്‍ ശ്രദ്ധ പാലിക്കുന്നു എന്നാണ്. ഒരു കാലത്ത് ബംഗാളിനെ അനുകരിച്ചിരുന്നവരാണ് ഇന്ന് ബംഗാളിലേതു പോലെ ആകാതിരിക്കാന്‍ ശ്രമിക്കുന്നത്. കേരളവും ബംഗാളും ഇന്ന് ഒരു തരത്തിലും സന്ധിക്കാനാകാത്ത സമാന്തര രേഖകളാണ്. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനടുക അസാധ്യം. ഒരേ സമയത്ത് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും വ്യത്യസ്‌ത രാഷ്‌ട്രീയ തന്ത്രങ്ങളാണ് അവലംബിക്കുന്നത്. ബംഗാളിലെ സിപിഎമ്മുമായി കേരളത്തിലെ ഘടകത്തിനുള്ള അത്രയും ദൂരം തന്നെ ബംഗാളിലെ പാര്‍ട്ടിയുമായി ഇവിടുത്തെ കോണ്‍ഗ്രസ് ഘടകത്തിനുണ്ട്.
ബംഗാളിലെ രാഷ്‌ട്രീയ രീതി കേരളത്തില്‍ അവലംബിക്കുകയാണെങ്കില്‍ ഇന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്ന നേമത്ത് ബിജെപിയെ തുരത്താന്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുകയാണ് ചെയ്യേണ്ടത്. ഇരുമുന്നണികളുടെയും പ്രവര്‍ത്തകരുടെ വന്യമായ ഭാവനയില്‍ പോലും കേരളത്തില്‍ അത്തരമൊരു സഖ്യസാധ്യത ഇല്ല. ബംഗാള്‍ മോഡല്‍ കേരളത്തിന് ഒരിക്കലും പകര്‍ത്തേണ്ടി വരില്ല എന്ന വിശ്വസിക്കാനാണ് അവര്‍ക്കിഷ്‌ടം.