മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല. രൂപീകരണ കാലം മുതല്‍ ഒപ്പം നിന്ന മാണിസാറിന്റെ പ്രസ്ഥാനത്തോട് രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പടെ യു.ഡി.എഫില്‍ ഉണ്ടായ എല്ലാ ധാരണകളും കൃത്യമായി പാലിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം). കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ ഉണ്ടെന്ന് വരുത്താനുള്ള നീക്കമാണ് നടന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫില്‍ നിന്നും പുറത്തുപോയതലല്ല. യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലയില്ലെന്നും, ഇനി ഈ മുന്നണിയില്‍ വേണ്ട എന്നും പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കുകയാണ് ഉണ്ടായത്. അതിന്റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്സ് (എം) ചതിച്ചു എന്ന് ആരോപിക്കുന്നവര്‍ നിര്‍ണ്ണായകമായ പാലാ ഉപതെരെഞ്ഞെടുപ്പില്‍ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാന്‍ കത്തെഴുതുകയും, തെരെഞ്ഞെടുപ്പ് ദിവസത്തില്‍പ്പോലും പരസ്യപ്രസ്ഥാവന നടത്തി യു.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത ജോസഫ് വിഭാഗത്തിന്റെ കടുത്ത രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും എടുക്കാതെ യുഡി.എഫ് നേതൃത്വം കൈകെട്ടി നോക്കിയിരിക്കുകയായിരുന്നു.
കെ.എം മാണിസാര്‍ രോഗശയ്യയില്‍ ആയപ്പോള്‍ മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരാണ് ജോസഫ് വിഭാഗം. അവര്‍ക്ക് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം ചാര്‍ത്തിക്കൊടുത്തവര്‍ ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കി അപമാനിച്ചവര്‍ ഈ പ്രസ്ഥാവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മാണി സാറിന്റെ മഹത്വത്തെക്കുറിച്ച് ഇന്ന് പലരും ആവര്‍ത്തിക്കുന്നത് കേട്ടു. അവരൊക്കെ ചെയ്തതിനെക്കുറിച്ച് മാണി സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും അടിയറവ്‌വെയ്ക്കില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.