കേരളം ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് പൂര്‍ണമായും ശരിയല്ല. ബിജെപിക്ക് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു ലോക്‌സഭാ സീറ്റ് പോലും നേടാന്‍ സാധിക്കാത്തതോ നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാത്രമാണെന്നതോ ആ പാര്‍ട്ടിയുടെ കേരളത്തിലെ സാന്നിധ്യം തീരെ ചെറുതാണെന്ന് കരുതുന്നതിന് കാരണമല്ല. അതേ സമയം നേതൃത്വത്തിലെ പടലപിണക്കങ്ങള്‍ മിക്കപ്പോഴും ആ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഉപകരിക്കുന്ന ഒരു ഘടകമാണെന്നത് വസ്‌തുതയാണ്.
സംസ്ഥാന അടിസ്ഥാനത്തില്‍ നോക്കിയാല്‍ ആര്‍എസ്‌എസിന് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. 4500ഓളം വരുന്ന കേരളത്തിലെ ആര്‍എസ്‌എസ് ശാഖകള്‍ വളരെ സജീവവുമാണ്. കേരളത്തിലെ ഭരണത്തിന്റെ ഇടനാഴികളില്‍ എത്തിനോക്കാന്‍ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരു പാര്‍ട്ടിയുടെ `ഐഡിയോളജിക്കല്‍ വിങി’നാണ് ഇത്രയും ബലമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെട്ടാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും വഴിവിട്ട സൗജന്യങ്ങളും ആശ്രിത നിയമനങ്ങളും പ്രതീക്ഷിച്ചല്ല ഈ ശാഖകളിലെ പ്രവര്‍ത്തകര്‍ സജീവമായി ആര്‍എസ്‌എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇടതു, വലതു മുന്നണികളുടെ ഭാഗമാകാതെ ഭരണത്തിന്റെ രുചിയറിയുക അസാധ്യമാണെന്നിരിക്കെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും ഭൗതിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലല്ല ഈ പ്രവര്‍ത്തകര്‍ ശാഖകളില്‍ അണിനിരക്കുന്നത്. ഹിന്ദുത്വയോടുള്ള `പ്രത്യയശാസ്‌ത്രപരമായ പ്രതിബദ്ധത’യാണ് അവരെ നയിക്കുന്നത്. മുന്‍കാല ഇടതുപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നതും ഇന്നത്തെ ഇടത് എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ അണികള്‍ക്ക് ഇല്ലാതെ പോകുന്നതുമായ ആശയപരമായ പ്രചോദനവും ത്വരയും ആണ് അത്. തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ പോകുന്ന ഒരു സംഘം കൂടിയാണ് അവര്‍. തീവ്ര വലതുപക്ഷ ഉന്മാദമാണ് അവരെ നയിക്കുന്നത്.
എന്നാല്‍ ആര്‍എസ്‌എസിന്റെ ഈ അടിത്തറയൊന്നും ബിജെപിയുടെ വളര്‍ച്ചയെ ഒരു പരിധിക്ക് അപ്പുറത്തേക്ക് നയിക്കാന്‍ സഹായകമായില്ല. അതിന്റെ പ്രധാന കാരണം കിടക്കുന്നത് ആ പാര്‍ട്ടിയുടെ നേതൃശേഷിയിലാണ്. ബിജെപിക്കാരായ പ്രവര്‍ത്തകര്‍ക്കു പോലും അത്ര വലിയ അഭിപ്രായമൊന്നുമില്ലാത്ത നേതാക്കളാണ് ആ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തലപ്പത്തുള്ളത്. അണികളുടെ അടിത്തറയെ ആസൂത്രിതമായി ഉപയോഗപ്പെടുത്താനുള്ള ഭാവനാശേഷിയും നേതൃപാടവവും കെ.സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ക്കില്ല. മുന്‍കാല ബിജെപി പ്രസിഡന്റുമാരുടെ കാര്യമെടുത്താലും നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. `ഉള്ളിക്കറി’ പരാമര്‍ശം പോലുള്ള മണ്ടത്തരങ്ങളാണ് സുരേന്ദ്രനെ പോലുള്ള നേതാക്കളുടെ മുഖമുദ്ര. ശബരിമല വിഷയം കത്തിനിന്ന സമയത്ത് തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള കനകാവസരം കൈവന്നുവെന്ന കണക്കൂട്ടലില്‍ അത്യാവേശിതനായി പ്രക്ഷോഭ പരിപാടികളില്‍ സംസാരിച്ച പി.എസ്.ശ്രീധരന്‍പിള്ള പിന്നീട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ മോഹഭംഗം പൂണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അങ്ങനെ മറക്കാവുന്നതല്ല.
ഗ്രൂപ്പിസം ബിജെപിയുടെ നേതൃത്വത്തില്‍ വിള്ളല്‍ തീര്‍ക്കുന്ന ഒരു പ്രധാന ഘടകമാണ്. തന്നെ കെ.സുരേന്ദ്രന്‍ ഒതുക്കിയതിന്റെ പേരിലുള്ള ശോഭാ സുരേന്ദ്രന്റെ പ്രതിഷേധം ആ പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ വൈകല്യങ്ങളാണ് പുറത്തുകാണിക്കുന്നത്. പ്രസിഡന്റുമാര്‍ക്ക് ദീര്‍ഘകാലം വാഴാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബിജെപി. പി.എസ്.ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനുമൊക്കെ വലിയ പ്രതീക്ഷകള്‍ക്കു പുറത്ത് പ്രസിഡന്റ് സ്ഥാനത്തെത്തുകയും പിന്നീട് പിന്‍വാങ്ങേണ്ടി വരികയും ചെയ്തവരാണ്.
തീര്‍ച്ചയായും ആ പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും സന്തോഷം പകരേണ്ടതാണ്. അതേ സമയം പ്രബുദ്ധ കേരളം ആര്‍എസ്‌എസ് ശാഖകളുടെ ഏറ്റവും വലിയ കേന്ദ്രമായി മാറിയതെങ്ങിനെയെന്നുള്ള ആത്മവിമര്‍ശനപരമായ വിലയിരുത്തലും മതേതരത്വ വാദികളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്.



















