തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചത് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് സര്‍വക്ഷി യോഗം തയാറായത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കുക എന്നത് എതിര്‍ചേരികളില്‍ നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ധര്‍മമാണ്. പലപ്പോഴും ഈ ധര്‍മം രാഷ്‌ട്രീയ ഭിന്നിപ്പുകള്‍ മൂലം നമ്മുടെ പാര്‍ട്ടികള്‍ മറന്നുപോകാറുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ല എന്നത് അഭിനന്ദനീയമാണ്.
ബിജെപി മാത്രമാണ് സര്‍വക്ഷി യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് നല്‍കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് ബിജെപി എന്തിനാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമല്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിന് കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല എന്നത് ശരി തന്നെ. പക്ഷേ സംസ്ഥാനത്തിന്റെ ആവശ്യം തെറ്റാണെങ്കില്‍ മാത്രമേ ഏത് പാര്‍ട്ടിക്കും അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധിക്കൂ.
ഇന്ത്യയിലെ ഏറ്റവും ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിമാനതാവളങ്ങളിലൊന്നായ കൊച്ചി അന്താരാഷ്‌ട്ര വിമാനതാവളത്തിന്റെ മാതൃകയില്‍ തിരുവനന്തപുരം വിമാനതാവളം ഏറ്റെടുത്ത് നടത്താനായി രൂപീകരിച്ച കമ്പനിയുടെ ടെണ്ടര്‍ തള്ളിയതിനെ എന്ത് ഉദ്ദണ്‌ഡവാദം ഉന്നയിച്ചാണ് ബിജെപിയുടെ കേരള നേതാക്കള്‍ ന്യായീകരിക്കുക? കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ എങ്ങനെയാണ് ജനങ്ങള്‍ നോക്കികാണുക എന്നെങ്കിലും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ചിന്തിക്കേണ്ടതല്ലേ? വിമാനതാവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിനെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഏല്‍പ്പിച്ചതിനു പിന്നിലെ മാനദണ്‌ഡം എന്താണ് എന്ന ചോദ്യത്തെ ഈ നേതാക്കള്‍ എങ്ങനെയാവും നേരിടുക? കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത അദാനി എന്ന സംരംഭകന്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി ബിജെപിയുടെ നേതാക്കള്‍ക്ക് പ്രിയങ്കരനാകുന്നതിന്റെ കാരണം എന്താണ്?
അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിന് നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മറന്നുപോകുന്നത് ഈ രാജ്യാന്തര വിമാനതാവളത്തിന്റെ ചരിത്രം കൂടിയാണ്. 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ 23.57 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയത് സൗജന്യമായാണ്. വിമാനതാവളത്തിന്റെ വികസനത്തിനായി 18 ഏക്കര്‍ കൂടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ 258 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്റെ ഭൂമിയില്‍ ഉള്‍പ്പെടും. ഇത്തരമൊരു ചരിത്രമുള്ള വിമാനത്താവളമാണ് ഒരു സ്വകാര്യ സംരംഭകന് നടത്തിപ്പിനായി നല്‍കുന്നത്.
ശബരിമല ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ എതിര്‍ത്ത് നിരത്തില്‍ കലാപം നടത്തിയ പാര്‍ട്ടിയാണ് ബിജെപി. അതിന്റെ പത്തിലൊന്ന് പ്രതികരണ ശേഷിയെങ്കിലും മതവുമായി ബന്ധമില്ലാത്ത, സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെ ഹനിക്കുന്ന ഈ പ്രശ്‌നത്തില്‍ ബിജെപി കാണിക്കണം. കേരള ജനതയെ തന്നെ പുച്ഛിക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉണ്ടാകണം. ഇല്ലെങ്കില്‍ കേരളത്തിലെ ഒരു പാര്‍ട്ടിയായി തുടരാനുള്ള എന്ത് അര്‍ഹതയാണ് ബിജെപിക്കുള്ളതെന്ന ജനങ്ങളുടെ ചോദ്യത്തിന് അവര്‍ മറുപടി പറയേണ്ടി വരും.

















