ദോഹ / നൈറോബി : ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലെത്തിയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ആറു പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്.
മരിച്ചവരിൽ നാല് പുരുഷന്മാരും, ഒരു സ്ത്രീയും, ഒരു കുഞ്ഞുമാണ് ഉൾപ്പെടുന്നത്. കെനിയൻ മാധ്യമങ്ങളുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മരിച്ചവരിൽ രണ്ടുപേർ കെനിയൻ സ്വദേശികളായ ഡ്രൈവർമാരാണെന്നാണ് സംശയം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ നൈറോബിയിലേക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.
സംഘത്തിൽ മലയാളികളും കർണാടക, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഭൂരിഭാഗവും ഖത്തറിൽ താമസിക്കുന്ന പ്രവാസികളാണ്. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
അപകടം തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു വാഹനം നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിഞ്ഞുവെന്നും, യാത്രക്കാർ പലരും ബസിൽ അകപ്പെടുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എംബസിയും ബന്ധപ്പെട്ട അധികാരികളും ഇടപെടുന്നു
ഇന്ത്യൻ ദൗത്യപ്രതിനിധികളും ഖത്തർ സർക്കാർ ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് കെനിയൻ അധികൃതരുമായി സമ്പർക്കത്തിലാണ്. പരിക്കേറ്റവർക്കും സംഘത്തിലെ മറ്റ് യാത്രക്കാർക്കും ആവശ്യമായ സഹായം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രികളിലേയ്ക്ക് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.