കുവൈറ്റിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
കുവൈത്തിൽ മത്സ്യ വിലയിൽ ഉണ്ടാകുന്ന അസ്വാഭാവിക വർദ്ധനവ് സംബന്ധിച്ച് കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. മത്സ്യ മാർക്കറ്റിൽ ഉയർന്ന വിലയിൽ ലേലം നടക്കുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണു നടപടി.
ലേലത്തിൽ നിയമ വിരുദ്ധ രീതികൾ നടക്കുന്നതായി സംശയിക്കുന്നുവെന്നാണു പരാതികൾ ഉയർന്നിരിക്കുന്നത്. ലേല സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച്, ഏകീകൃത വിലയ്ക്ക് മത്സ്യം വിൽക്കാൻ വ്യാപാരികൾക്കിടയിൽ എന്തെങ്കിലും ധാരണയുണ്ടോ എന്ന് കണ്ടെത്തുവാനാണു ഏജൻസി ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിലക്കയറ്റത്തിന് മറ്റ് കാരണങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും നിയമ ലംഘന പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ അവ കൂടി അന്വേഷിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിയോഗിച്ച ജുഡീഷ്യൽ പോലീസ് സേനയുടെ പദവിയുള്ളവരാണു അന്വേഷണ ഏജൻസിയിലെ അംഗങ്ങൾ.
2017 മുതൽ മത്സ്യ ലേല വിപണിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും നിയന്ത്രണങ്ങളും, മത്സ്യ ബന്ധനം വിൽപ്പന, മത്സ്യ ലേലം മുതലായവയുമായി ബന്ധപ്പെട്ട മറ്റു കൂടുതൽ വിവരങ്ങളും നൽകാൻ കാർഷിക മത്സ്യ വിഭവശേഷി പബ്ലിക് അതോറിറ്റിയോടും കുവൈറ്റ് മുനിസിപ്പാലിറ്റിയോടും ഏജൻസി ആവശ്യപ്പെട്ടു.