ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കൂടുതല്‍ നേഴ്‌സിംഗ് സ്റ്റാഫുകളെത്തും
കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കുവൈത്തിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍ അംബസാഡര്‍ സിബി ജോര്‍ജ്.
അടുത്തു തന്നെ ആയിരത്തിലധികം നേഴ്‌സിംഗ് സ്റ്റാഫുകള്‍ കുവൈത്തില്‍ പുതിയതായി ജോലിക്ക് പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിന്റെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുമെന്നും ഇതിനായി ഇന്ത്യയും കുവൈത്തും തമ്മില്‍ തത്വത്തില്‍ ധാരണയായെന്നും സിബി ജോര്‍ജ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയും കുവൈത്തും തമ്മില്‍ ആരോഗ്യ മേഖലയില്‍ സഹകരണം ശക്തമായിരുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും നേഴ്‌സിംഗ് സ്റ്റാഫിന്റെ പുതിയ റിക്രൂട്ട്‌മെന്റിനായി ഇന്ത്യന്‍ എംബസി മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്ത് സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിടാന്‍ ആരോഗ്യ മന്ത്രാലയ
അധികൃതരുമായി താന്‍ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു.












