കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം കേരളം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. കോവിഡിന് എതിരായ പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും എല്ലാം ഒന്നുചേര്‍ന്ന് മുന്നോട്ടുപോകാനുള്ള ദൗത്യത്തിനിടെ ഇത്തരമൊരു സംഭവം പ്രബുദ്ധതക്ക് പേരുകേട്ട കേരളത്തിന് അങ്ങേയറ്റം നാണക്കേടാണ്. കോവിഡിനെതിരായ പോരാട്ടത്തിന്റെ പേരില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംസ്ഥാനത്താണ് മലയാളിയുടെ ശിരസ് കുനിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. കോവിഡിനെ ചെറുക്കുന്ന ദൗത്യത്തിനിടെ സ്‌ത്രീകളായ രോഗികള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതില്‍ നമ്മുടെ അധികാരികളുടെ പരാജയത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ പീഡന വാര്‍ത്ത.
സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ കേരളം എത്രത്തോളം പിന്നോക്കമാണെന്ന് ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്ന സംഭവമാണ് ഇത്. രാത്രി പത്ത് മണിക്ക് ഒരു പെണ്‍കുട്ടി ഡ്രൈവറോടൊപ്പം മറ്റ് ആരുടെയും സഹായം കൂടാതെ ആശുപത്രിയിലേക്ക് അയക്കപ്പെടുന്നത് തന്നെ അനുവദിക്കപ്പെടാന്‍ പാടില്ലാത്തതാണ്. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അധികാരികള്‍ക്ക് യാതൊരു ശ്രദ്ധയുമില്ലെന്നാണ് ഈ അലംഭാവം കാണിക്കുന്നത്.
ആവര്‍ത്തിക്കപ്പെടുന്ന പീഡനങ്ങള്‍ കേരളത്തില്‍ നിത്യസംഭവമാകുന്നത് ഈ കോവിഡ് കാലത്തും മാറ്റമില്ലെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയം കൂടിയാണ്. ചില മലയാളികളുടെ രോഗാതുരമായ മനസിന് മഹാമാരിയുടെ കാലത്തും യാതൊരു മാറ്റവുമില്ല. കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പോലും കാമഭ്രാന്തിന് ഇരയാക്കുന്ന നരാധമന്മാര്‍ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അക്ഷീണം പ്രയത്‌നിക്കുന്നവരുടെ ഉന്നതമായ മനുഷ്യത്വത്തെയാണ് ചോദ്യമുനയിലാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നേരത്തെ മുന്‍കരുതലെടുക്കേണ്ടിയിരുന്നു.
വധശ്രമ കേസില്‍ പ്രതിയായ ഒരാളെ ആംബുലന്‍സ് ഡ്രൈവറായി നിയോഗിച്ചതും അധികാരികളുടെ അലംഭാവമാണ് തുറന്നുകാട്ടുന്നത്. ഇത്തരമൊരു ജോലിക്ക് യോഗ്യനാണോ എന്ന പരിശോധന പോലും കൃത്യമായി നടക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഇതിനെ കേവലം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ല. കാരണം വ്യക്തമായ പരിശോധനകളും മുന്‍കരുതലുകളുമെടുത്തിരുന്നെങ്കില്‍ ഇത്തരമൊരു ദുഷ്‌ചരിതമുള്ളയാള്‍ പാതിരാത്രി ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ഡ്രൈവറായി നിയോഗിക്കപ്പെടില്ലായിരുന്നു. ഇത്തരത്തിലുള്ള പുഴുകുത്തുകള്‍ സംവിധാനത്തിന്റെ ദൗര്‍ബല്യം ഉപയോഗപ്പെടുത്തി വ്യാപകമായി ഉണ്ടാകാനാണ് സാധ്യത. രോഗത്തേക്കാള്‍ വലിയ ദുരിതത്തിലേക്ക് രോഗികളെ തള്ളുന്ന ക്രൂരാനുഭവങ്ങള്‍ക്ക് ഉത്തരവാദി അലംഭാവം കാട്ടിയ അധികൃതര്‍ കൂടിയാണ്.
കോവിഡിന് എതിരായ പോരാട്ടം ആരോഗ്യ പരിരക്ഷയിലുള്ള അറിവും അനുഭവവും വൈദഗ്‌ധ്യവും ചേര്‍ത്തുവെച്ചുള്ളതും പരിശീലിക്കപ്പെട്ട പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സേനയുടെയും ഒന്നിച്ചുള്ള ഏകോപനത്തിലൂടെയും സംഭവിക്കുന്നതാണ്. ഈ പ്രവര്‍ത്തനത്തിനിടയിലേക്ക് ക്രിമിനലുകള്‍ നുഴഞ്ഞുകയറുകയും അവര്‍ തങ്ങളുടെ കുറ്റകൃത്യ വാസന ഇത്തരം അവസരങ്ങളില്‍ പുറത്തെടുക്കുകയും ചെയ്യുന്നത് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഇത്തരമൊരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇനിയെങ്കിലും ഉണ്ടാകണം.