തിരുവനന്തപുരം: ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന കസ്‌റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ. ഇതു സംബന്ധിച്ച് നിയമവശം സർക്കാർ പരിശോധിക്കും. ലൈഫ് പദ്ധതിക്കെതിരെ വഴിവിട്ട് പ്രവർത്തിച്ച സിബിഐക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. തെറ്റായ നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും നിയമത്തിന്റെ വഴി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കസ്‌റ്റംസിന്റെ രാഷ്ട്രീയ നീക്കം നിയമ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. പ്രതിയോ സാക്ഷിയോ ആയ വ്യക്തി മജിസ്‌ട്രേറ്റിനു മുമ്പിൽ നൽകുന്ന രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ കൈമാറു. ആ മൊഴി വെളിപ്പെടുത്തരുത്. നേരത്തെ വർഗീസ് വേഴ്‌സസ് സിബിഐ കേസിൽ കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ, കേസിൽ കക്ഷിയല്ലാത്ത കസ്‌റ്റംസ് കമീഷണർ രഹസ്യമൊഴി കോടതിക്ക് നൽകിയത് നിയമ ലംഘനമാണ്. കസ്‌റ്റംസ് കമീഷണർ സുമിത് കുമാറിന്റെ രാഷ്‌ട്രീയ പ്രസ്‌താവനയും കോടതിയിൽ ചോദ്യം ചെയ്‌തേക്കാം. “ഒരു രാഷ്‌ട്രീയ പാർടി ഭീഷണിപ്പെടുത്തുന്നു അത് വിലപ്പോകില്ലെ’ന്നാണ് കമീഷണർ ഫെയ്‌സ്‌ബുക് പോസ്‌റ്റിട്ടത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കസ്‌റ്റംസിനെ ന്യായീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. കുരുക്കാകുമെന്ന് കണ്ടതോടെ പോസ്‌റ്റ് പിൻവലിച്ചു. കസ്‌റ്റംസിന്റെയും ഇഡിയുടെയും നീക്കത്തിന് പിന്നിൽ ബിജെപിയെ കൂടാതെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ട്. യുഡിഎഫ് ജാഥാ സമാപനം ഉദ്‌ഘാടനം ചെയ്‌ത രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശക്തമല്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.
