കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുമ്പോ ള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആചാരം. കേരളത്തില്‍ മാത്രമായി ഇന്ധന വില എന്ന വിഷയത്തെ മുന്‍നിര്‍ത്തി എത്രയോ ഹര്‍ത്താലുകള്‍ നാം കണ്ടിരിക്കുന്നു. എന്നാല്‍ ഈ കൊറോണ കാലത്ത് ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും ഹര്‍ത്താല്‍ എന്ന പതിവ് ചടങ്ങിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിഞ്ഞില്ല. ഹര്‍ത്താലിനേക്കാള്‍ എത്രയോ മടങ്ങ് കടുത്ത അടച്ചുപൂട്ടലിന് മാസങ്ങളോളം വിധേയമായ ഒരു സമൂഹത്തില്‍ അത്തരമൊരു പ്രതിഷേധം തീര്‍ത്തും അര്‍ത്ഥഹരിതമാണെന്ന് തിരിച്ചറഞ്ഞതു കൊണ്ടു കൂടിയാണ് അത്.
ഹര്‍ത്താല്‍ എന്ന പ്രതിഷേധ മാര്‍ഗം അങ്ങേയറ്റം ജനദ്രോഹപരമായിരുന്നിട്ടും ഒരു ആചാരമായി അത് കൊണ്ടു നടക്കുകയാണ് ഇതുവരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്‌തുപോന്നത്. ഹര്‍ത്താല്‍ ആചരിച്ചതു കൊണ്ട് ഒരു തവണ പോലും ഇന്ധന വില കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞ സംഭവമുണ്ടായിട്ടില്ല. ഒരു ദിവസത്തെ ഹര്‍ത്താലിനോ പണിമുടക്കിനോ അപ്പുറം ഇന്ധന വില വര്‍ധനയോടുള്ള പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ നീട്ടികൊണ്ടുപോകാറുമില്ല. രാഷ്‌ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അത് ഫലപ്രാപ്‌തി ലക്ഷ്യമാക്കാത്ത ഒരു വഴിപാട് മാത്രമാണ്. അതിന്റെ ദോഷം ദിവസക്കൂലിക്ക് നിത്യവൃത്തിയെടുക്കുന്ന സാധാരണക്കാരായ ആളുകളാണ് ഏറ്റവും കൂടുതലായി അനുഭവിച്ചുപോരുന്നത്.
ലോക്‌ഡൗണ്‍ കാലത്ത് ഹര്‍ത്താല്‍ നിരര്‍ത്ഥകമാണെങ്കിലും മറ്റ് രീതികളില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാകുന്നില്ല എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില ബാരലിന് 40 ഡോളര്‍ മാത്രമായിരിക്കെയാണ് പെട്രോളിനും ഡീസലിനും എക്കാലത്തെയും ഉയര്‍ന്ന വില ഈടാക്കുന്നത്. ഡീസലും പെട്രോളും തമ്മിലുള്ള വിലയിലെ അന്തരം തീര്‍ത്തും കുറയുകയും ചെയ്‌തു.
ഇന്ധനവില വര്‍ധന പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനാണ് വഴിവെക്കുന്നത്. ഇപ്പോള്‍ തന്നെ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തി കഴിഞ്ഞു. ദൈനംദിന ജീവിതം സാധാരണ നിലയിലെത്താത്തതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും കൊണ്ടാണ് വിലകയറ്റത്തിന്റെ തീവ്രത നാമിപ്പോള്‍ അറിയാത്തത്. ദൈനം ദിന ജീവിതം സാധാരണ നിലയിലാകുമ്പോഴായിരിക്കും വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ പ്രത്യാഘാതം ജനങ്ങള്‍ക്ക് അനുഭവപ്പെടുക. ജനങ്ങളുടെ ഉപഭോഗം പഴയതു പോലെയാകുമ്പോള്‍ മാത്രമേ വിവിധ വിഭാഗങ്ങളില്‍ പെടുന്ന സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിലകയറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളൂ.
കോവിഡ് മൂലം തൊഴില്‍ നഷ്‌ടവും വരുമാന ചോര്‍ച്ചയും നേരിടുന്ന ആളുകള്‍ വിലകയറ്റം കൂടി നേരിടേണ്ടി വരുന്നത് കൂനിന്മേല്‍ കുരു വന്ന അവസ്ഥയായിരിക്കും. ഒരു പരിധി വരെ സര്‍ക്കാര്‍ സൃഷ്‌ടമായ പണപ്പെരുപ്പമാണ് ഇതെന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ശോഷിച്ചതിനാല്‍ ഇന്ധന നികുതിയിലൂടെ ജനങ്ങളെ പിഴിയുക എന്ന സര്‍ക്കാര്‍ നയം തീര്‍ത്തും ജനവിരുദ്ധമാണ്. എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടു വരുന്നില്ല എന്നത് അതിലേറെ ദൗര്‍ഭാഗ്യകരവും ജനങ്ങളോടുള്ള പ്രതിബദ്ധത ഇല്ലാത്തതുമായ നിലപാടാണ്. ഇന്ധന വില വര്‍ധനയോട് പ്രതിഷേധിക്കുന്നതിന് ഹര്‍ത്താല്‍ സംഘടിപ്പിക്കുക എന്ന വഴി മാത്രമേ അവര്‍ക്ക് അറിയൂ എന്നാണോ?
മറ്റ് രാജ്യങ്ങളില്‍ ഇന്ധന വില ഉയരുന്നത് തീര്‍ത്തും വൈകാരികമായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെക്കാറുണ്ട്. ഫ്രാന്‍സില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ദിവസങ്ങളോളം നീണ്ട അക്രമാസക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. യുഎസില്‍ ഗ്യാസ് വില ഉയര്‍ത്താന്‍ ട്രംപ് ഇപ്പോള്‍ തീരുമാനിക്കുകയാണെങ്കില്‍ ഡിസംബറില്‍ അയാളുടെ പരാജയം അതോടെ ഉറപ്പിക്കാം. ഇന്ധന വില പോലുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനവികാരം അത്രയേറെ തീവ്രമാണ്.
തങ്ങളുടെ ദൈനം ദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോട് അതിശക്തമായും പലപ്പോഴും അക്രമാസക്തമായും പ്രതികരിക്കുന്നതാണ് സാധാരണ നിലയില്‍ സമാധാന പ്രിയരും ശാന്തരുമായി കാണപ്പെടുന്ന വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ രീതി. അത്തരം പ്രതിഷേധങ്ങള്‍ അവര്‍ ഏതെങ്കിലും പാര്‍ട്ടികളുടെ കുടക്കീഴിലല്ല നടത്താറുള്ളത്. പക്ഷേ നമ്മുടെ രാജ്യത്ത് സ്ഥിതി തീര്‍ത്തും വ്യത്യസ്‌തമാണ്. പ്രതികരണ ശേഷി കുറഞ്ഞ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ പൊതുവായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങളോട് നേരിട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വിരളമാണ്. വില കുറഞ്ഞ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ നമ്മുടെ പാര്‍ട്ടികള്‍ തയാറാകാറുമില്ല.