രാജ്യത്തെ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന വിലയോട് അടുക്കുകയാണ്. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന് കാരണമായതെങ്കിലും ഇതിനൊപ്പം വളരെ ഉയര്‍ന്ന നിരക്കിലുള്ള എക്‌സൈസ് തീരുവയും വാറ്റും കൂടിയാകുന്നതോടെ വില തൊട്ടാല്‍ പൊള്ളുന്ന സ്ഥിതിയിലെത്തി. കോവിഡ് കാലത്ത് ചെലവേറിയാലും ആരോഗ്യ സുരക്ഷ പരിഗണിച്ച് പൊതുഗതാഗതം ഒഴിവാക്കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായ വലിയൊരു വിഭാഗം ജനങ്ങളെ പരമാവധി പിഴിയുക എന്ന നിലപാടുമായി മുന്നോട്ടുപോകുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലത്തില്‍ ജനദ്രോഹപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ബ്രെന്റ് ക്രൂഡ് വില എത്തി നില്‍ക്കുന്നത്. ഏപ്രില്‍ 27ന് ബാരലിന് 20 ഡോളറിലേക്ക് ഇടിഞ്ഞ ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞ ഓഗസ്റ്റില്‍ 45 ഡോളവര്‍ വരെ ഉയര്‍ന്നിരുന്നെങ്കിലും വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായതോടെ വീണ്ടും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 30ന് 37.5 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില അതിനു ശേഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ധന ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പ്രതിഫലിച്ചു.
വില വര്‍ധനയേക്കാള്‍ വലിയ വില്ലന്‍ വാറ്റും എക്‌സൈസ് തീരുവയുമാണ്. പെട്രോള്‍ വിലയുടെ 63 ശതമാനം വാറ്റും എക്‌സൈസ് തീരുവയുമാണ്. ഡീസലിന് 40 ശതമാനമാണ് നികുതി. ഒരു ലിറ്റര്‍ പെട്രോളിന് ഏകദേശം 50 രൂപയും ഡീസലിന് 40 രൂപയും നാം നികുതി നല്‍കുന്നുവെന്ന് അര്‍ത്ഥം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു സങ്കോചവുമില്ലാതെ നടത്തുന്ന ഈ കൊള്ളസാധാരണക്കാരന്റെ നടുവൊടിക്കുകയാണ് ചെയ്യുന്നത്.
2018ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 രൂപയായിരുന്നപ്പോഴാണ് ഇന്ധന വില റെക്കോഡ് കുറിച്ചത്. അതിന് തൊട്ടടുത്തായി ഇന്ധന വില ഇപ്പോള്‍ തുടയുമ്പോള്‍ ബാരലിന് വില 49 ഡോളര്‍ മാത്രം. ഇന്ധന വില നിര്‍ണയം ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിപണി വിലയുമായി ബന്ധിപ്പിച്ചതിനു ശേഷം വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടാതെ പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഓരോ തവണ വില കുറയുമ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. വില ഉയരുമ്പോള്‍ നികുതി നിരക്ക് കുറക്കാത്തതിനാല്‍ ജനങ്ങളുടെ ഇന്ധന ചെലവ് ഭീമമാകുകയും ചെയ്യുന്നു.
കോവിഡ് കാലത്ത് സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള ന്യായീകരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. ജിഎസ്‌ടി സമാഹരണ സംവിധാനം കുറ്റമറ്റതാക്കാന്‍ വേണ്ട നടപടികള്‍ സീകരിക്കാനുള്ള കാര്യക്ഷമതയില്ലാത്ത സര്‍ക്കാരിന്റെ കഴിവുകേടിനാണ് ജനം വില കൊടുക്കേണ്ടി വരുന്നത്.
സര്‍ക്കാരിന്റെ വരുമാനം കുറയുമ്പോള്‍ ചെലവ് കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടി തയാറാകേണ്ടതുണ്ട്. എന്നാല്‍ അതിനുള്ള യാതൊരു സന്നദ്ധതയും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല. കോവിഡ് കാലത്ത് 20,000 കോടി രൂപയോളം ചെലഴിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണവുമായി ധ്രുതഗതിയില്‍ മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്‌ട്യത്തെ തളക്കാന്‍ സുപ്രിം കോടതിയുടെ ഇടപെടല്‍ വേണ്ടി വന്നു. ഇന്ധന വിലയിലെ നികുതി ഇനത്തില്‍ ഒരു വിഹിതം പറ്റി ജനത്തെ പിഴിയുന്നതില്‍ കൂട്ടുത്തരവാദിയായ സംസ്ഥാന സര്‍ക്കാരിനും ചെലവ് കുറക്കല്‍ ഹിതകരമായ കാര്യമല്ല. തങ്ങള്‍ക്ക് രാഷ്‌ട്രീയ താല്‍പ്പര്യമുള്ള കേസില്‍ അഭിഭാഷകര്‍ക്ക് കോടികള്‍ ഫീസ് നല്‍കാനും വിവിധ വകുപ്പുകള്‍ക്കായി വാഹനങ്ങള്‍ വാങ്ങികൂട്ടുന്നതിനും പിന്‍വാതില്‍ നിയമനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനും മുണ്ടു മുറുക്കിയുടുത്ത് നടക്കേണ്ട കാലത്ത് സര്‍ക്കാരിന് യാതൊരു മടിയുമില്ല. സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ കൊട്ടലുകള്‍ എപ്പോഴും ജനം എന്ന ചെണ്ടക്കു മീതെയാണ്.