കേരളത്തില്‍ നിന്ന് മറ്റൊരു പ്രമുഖ കമ്പനി കൂടി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) യുമായെത്തുകയാണ്. കോവിഡ് കാലത്ത് കമ്പനികളും വ്യവസായ സ്ഥാപനങ്ങളും മല്ലിടുമ്പോള്‍ ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ബിസിനസ് സമൂഹത്തിന് തീര്‍ച്ചയായും ഉത്തേജനം നല്‍കുന്ന വാര്‍ത്തയാണ്. കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറികളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്‌സാണ് ഐപിഒ ഇറക്കുന്നത്. ഇതിനായി കമ്പനി സെബിയുടെ മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചു. ഐപിഒ വഴി 1750 കോടി രൂപ സമാഹരിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലക്ഷ്യം.
ജ്വല്ലറി മേഖലയില്‍ നിന്ന് എട്ട് വര്‍ഷത്തിനു ശേഷമാണ് ഒരു കമ്പനി ഐപിഒ ഇറക്കുന്നത്. 2012 ഡിസംബറില്‍ പിസി ജ്വല്ലേഴ്‌സ് ആണ് ഇതിന് മുമ്പ് പ്രാഥമിക വിപണി വഴി ഓഹരി വില്‍പ്പന നടത്തിയ ജ്വല്ലറി കമ്പനി. നേരത്തെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറിയായ ജോയ് ആലുക്കാസ് ഐപിഒ ഇറക്കാന്‍ നീക്കം നടത്തിയിരുന്നു. പിന്നീട് കമ്പനി ഈ നീക്കം ഉപേക്ഷിച്ചു.
നിലവില്‍ വാര്‍ബര്‍ഗ് പിന്‍കസ് പോലുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്‌തതിനു ശേഷം മികച്ച പ്രീമിയം ലഭിക്കുകയാണെങ്കില്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് മികച്ച ലാഭമെടുത്ത് ഓഹരി വില്‍പ്പന നടത്താന്‍ അവസരം ലഭിക്കും.
ഓഹരി വിപണി മികച്ച നിലയില്‍ തുടരുന്നതാണ് ഐപിഒ നടത്താനുള്ള നീക്കവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് മുന്നോട്ടുപോകുന്നതിന് കാരണം. ജ്വല്ലറി ബിസിനസ് അടുത്ത ത്രൈമാസങ്ങളില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നു. ഈ മേഖലയിലെ ലിസ്റ്റഡ് കമ്പനികളായ ടൈറ്റാന്‍ ഇന്റസ്‌ട്രീസ് പോലുള്ള ഓഹരികളുടെ വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഐപിഒ ഇറക്കിയതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ കേരള കമ്പനി മുത്തൂറ്റ് ഫിനാന്‍സ് ആണ്. മുത്തൂറ്റിന്റെ ഓഹരി ഐപിഒ വിലയേക്കാള്‍ എട്ട് മടങ്ങിലേറെയാണ് ഉയര്‍ന്നത്. മണപ്പുറം ഫിനാന്‍സ്, ജിയോജിത്, വി-ഗാര്‍ഡ് തുടങ്ങിയ കമ്പനികളില്‍ നിക്ഷേപിച്ചവര്‍ക്കും തങ്ങളുടെ സമ്പത്ത് പല മടങ്ങായി വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ മികച്ച കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏതാനും കമ്പനികള്‍ മാത്രമല്ല. നെറ്റ് വര്‍ത്തില്‍ ഈ കമ്പനികളേക്കാളും വലിപ്പമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ കേരളത്തിലുണ്ട്. പക്ഷേ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്ന `മൂല്യവര്‍ധന’യാണ് ഈ കമ്പനികള്‍ക്ക് കൈവരിക്കാന്‍ കഴിയാതെ പോകുന്നത്. ഈ മൂല്യവര്‍ധനയുടെ പ്രാധാന്യം തിരിച്ചറിയുന്നതാണ് കേരളത്തില്‍ നിന്ന് ഒരു മെഗാ ഇഷ്യു തന്നെ എത്തുന്നതിന് പിന്നില്‍.
പബ്ലിക് ലിമിറ്റഡ് കമ്പനിയാവുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും കമ്പനിയുടെ സാമ്പത്തിക നില പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് രണ്ടിനുമുള്ള താല്‍പ്പര്യക്കുറവാണ് നേരത്തെ കേരളത്തിലെ പല കമ്പനികളും പബ്ലിക് ഇഷ്യുവിന് മടിച്ചിരുന്നതിന്റെ കാരണം. ഓഹരികള്‍ പൊതുവിപണിയിലെത്തിക്കുന്നതിനോടുള്ള യാഥാസ്ഥിതികമായ താല്‍പ്പര്യമില്ലായ്‌മയും അതേ കുറിച്ചുള്ള ആശങ്കകളും പല കമ്പനികളെയും പബ്ലിക് ഇഷ്യുവില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.
പ്രോഫിറ്റ് മാര്‍ജിനില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ബിസിനസ് രീതിയാണ് നേരത്തെ പല കമ്പനികള്‍ക്കും ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ വിപുലീകരണത്തില്‍ അവര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പ്രോഫിറ്റ് മാര്‍ജിന്‍ കുറവാണെങ്കിലും ഉയര്‍ന്ന വോള്യത്തില്‍ ബിസിനസ് ചെയ്യുന്നതിലൂടെ ലാഭവളര്‍ച്ച കൈവരിക്കുന്ന രീതി ഈയിടെയാണ് പല കമ്പനികള്‍ക്കും സ്വീകാര്യമായി തുടങ്ങിയത്. അതോടെ ഫണ്ട് സമാഹരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായ ഓഹരി വില്‍പ്പനയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലേക്ക് അവരും തിരിഞ്ഞു. ഈ മാറ്റങ്ങളുടെ ചുവടു പിടിച്ച് കൂടുതല്‍ പബ്ലിക് ഇഷ്യുകള്‍ കേരളത്തില്‍ നിന്ന് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.