സുധീര്‍ നാഥ്
1954ല്‍ പ്ലേഗ് കാലം അടിസ്ഥാനമാക്കി പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് റിച്ചാഡ് മാത്തീസ് എഴുതിയ നോവലാണ് ഐ ആം ലെജന്‍റ്. റിച്ചാര്‍ഡിന്‍റെ ഈ നോവലിനെ അടിസ്ഥാനമാക്കി തന്നെ മൂന്ന് വ്യത്യത്ഥ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. നോവലിന് ലഭിച്ച സ്വീകാര്യതയാണ് അങ്ങിനെ സംഭവിക്കാന്‍ കാരണമായത്. പ്ലേഗും, ലോകത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യനും, പ്ലേഗ് വൈറസിനെതിരെയുള്ള പോരാട്ടവും മാത്രമേ മൂന്ന് സിനിമകളിലും പൊതുവായുള്ളൂ. കഥകളില്‍ മൂന്ന് സിനിമയും വ്യത്യസ്തത പുലര്‍ത്തുന്നു എന്ന പ്രത്യേകതയും എടുത്ത് പറയേണ്ടിയിരിക്കുന്നു.
1964ല്‍ ഉമ്പാല്‍ഡോ റാഗോണയും, സിഡ്നി സാല്‍ക്കോവും ചേര്‍ന്നാണ് ഐ ആം ലെജന്‍റ് എന്ന നോവല്‍ ദി ലാസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ റോമില്‍ ചലചിത്രമാക്കി സംവിധാനം ചെയ്തത്. റോബര്‍ട്ട് മോര്‍ഗാന്‍ എന്ന ഡോക്ടര്‍ കൂടിയായ ശാസ്ത്രജ്ഞന്‍ ഒറ്റയ്ക്ക് പ്ലേഗിനെതിരെ പൊരുതുന്നതാണ് സിനിമയുടെ ഇതിവ്യത്തം. പ്ലേഗ് വൈറസ് ബാദയേറ്റ് അദ്ദേഹത്തിന്‍റെ മകളും ഭാര്യയും മരിക്കുന്നു. പ്ലേഗ് വൈറസ് കയറിയവര്‍ പ്രേതങ്ങളായി രാത്രിയില്‍ ശാസ്ത്രജ്ഞനെ ആക്രമിക്കുന്നു. സൂര്യപ്രകാശത്തേയും, കണ്ണാടിയിലെ പ്രതിരൂപത്തേയും മാത്രമാണ് പ്ലേഗ് വൈറസ് കയറിയ പ്രേതങ്ങള്‍ക്ക് പേടി. മരം കൊണ്ട് കൂര്‍പ്പിച്ച ആയുധങ്ങളുമായി അദ്ദേഹം ഒറ്റയ്ക്കാണ് വൈറസുകളോട് പേരാടുന്നത്. വൈറസുകളെ തുരത്തുന്ന ആന്‍റിവയറസ് പരീക്ഷണം വിജയിക്കുന്നുണ്ട് സിനിമയില്‍.
1971ല് അമേരിക്കയിലെ പ്രശസ്ത സംവിധായകന്‍ ബോറീസ് സാഗല്‍ ഐ ആം ലെജന്‍റ് എന്ന നോവല്‍ ദി ഒമേഗാ മാന്‍ എന്ന പേരില്‍ ചലചിത്രമാക്കി. ഈ സിനിമയിലെ നായകന്‍ അമേരിക്കയിലെ ലോസ് ഏജല്‍സിലെ ആര്‍മിയുടെ കേണല്‍ കൂടിയായ റോബര്‍ട്ട് നിവീലി എന്ന ശാസ്ത്രജ്ഞനാണ്. പ്ലേഗ് വൈറസിനെ തുരത്താന്‍ അദ്ദേഹം തന്നെ വികസിപ്പിച്ച മരുന്ന് സ്വയം കുത്തിവെയ്ക്കുന്നു. അങ്ങിനെ പ്ലേഗിന്‍റെ പിടിയില്‍ നിന്ന് രക്ഷനേടുന്ന റോബര്‍ട്ട്, പ്ലേഗ് വൈറസുകളെ ഇല്ലാതാക്കുന്നതാണ് സിനിമ.
2007ല് ഐ ആം ലെജന്‍റ് എന്ന നോവലിന്‍റെ പേരില്‍ തന്നെയാണ് അമേരിക്കന്‍ സംവിധായകന്‍ ഫ്രാന്‍സിസ് ലോറന്‍സ് സിനിമയാക്കിയത്. അമേരിക്കന്‍ ആര്‍മിയിലെ വയറോളജിസ്റ്റായ റോബര്‍ട്ട് നിവീലിയാണ് ഈ സിനിമയിലും നായക കഥാപാത്രം. നിവീലിക്ക് ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട സാം എന്ന് വിളിപ്പേരുള്ള നായ മാത്രമാണ് കൂട്ട്. ഒറ്റപ്പെടുന്ന നിവീലി പ്ലേഗിനെ പ്രതിരോധിക്കുന്നത് എകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ് എന്ന പ്രത്യേകത മൂന്നാത്തെ ആവിഷ്ക്കാരത്തിലുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും മകളും പ്ലേഗിന്‍റെ വ്യാപനം തടയുവാനായി പട്ടാളം നടത്തിയ രക്ഷാ ദൗത്ത്യത്തില്‍ ഹെലിക്കോപ്പ്റ്റര്‍ അപകടത്തില്‍ മരണപ്പെടുന്നു. രാജ്യത്ത് ഒറ്റപ്പെടുന്ന നിവീല്‍ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്. വൈറസ് ബാധയേറ്റ തെരുവ് പട്ടികളുടെ ആക്രമണത്തില്‍ സാമിന് പരിക്കേറ്റ് വൈറസ് ബാധിക്കുന്നു. നിവീലി പല ചികിത്സ നടത്തിയിട്ടും ജീവന്‍ രക്ഷിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി സാമിനെ കൊല്ലുന്നു. അദ്ദേഹം വൈറസുകളെ തുരത്തുന്ന മരുന്ന് കണ്ടു പിടിക്കുന്നതാണ് സിനിമ.


















