എല്‍ഐസിയുടെ ഓഹരി വില്‍പ്പന നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ബജറ്റില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണ്. എല്‍ഐസിയുടെ 25 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ പതിവാണ്. എല്‍ഐസിയുടെ കാര്യത്തിലും ആ പതിവ് തെറ്റിയില്ല. ഒരു കമ്പനി മറ്റൊരാള്‍ക്കോ സ്ഥാപനത്തിനോ വില്‍ക്കുന്നതും ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) വഴി നിശ്ചിത ശതമാനം ഓഹരികള്‍ വില്‍ക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. ഗുഡ്‌നൈറ്റ് മോഹന്‍ തന്റെ കമ്പനി ഗോദ്‌റെജിന് വിറ്റതു പോലെയല്ല വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വി-ഗാര്‍ഡ് പ്രാഥമിക വിപണി വഴി ചെറിയ ശതമാനം ഓഹരികള്‍ വില്‍ക്കുന്നത്. വി-ഗാര്‍ഡ് ഐ പിഒ നടത്തുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ കമ്പനി വിറ്റുതുലയ്‌ക്കുന്നു എന്ന് ആരും പറഞ്ഞിരുന്നില്ല. അതേ സമയം കൊച്ചിന്‍ ഷിപ്‌യാര്‍ഡ് പോലുള്ള പൊതുമേഖലാ കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ അത് വിറ്റുതുലയ്‌ക്കലാകുന്നു. കമ്പനിയുടെ ജീവനക്കാര്‍ പോലും തങ്ങള്‍ക്ക് അര്‍ഹമായ ഓഹരികള്‍ കുറഞ്ഞ വിലയ്‌ക്ക് വാങ്ങാനുള്ള അവസരം വേണ്ടെന്നു വെച്ച് പ്രതിഷേധിച്ചത് കൗതുകകരമായ കാഴ്‌ചയായിരുന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്ന കമ്പനിയുടെ വളര്‍ച്ച ജീവനക്കാരുടെ അധ്വാനത്തിന്റെ ഫ ലം കൂടിയാണെന്നിരിക്കെ അതിന്റെ ഗുണഭോക്താക്കളാകാന്‍ ഏറ്റവും അര്‍ഹരായിരിക്കുന്നത് ജീവനക്കാര്‍ തന്നെയാണല്ലോ. അത് തട്ടിക്കളഞ്ഞ് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഓഹരികള്‍ കൂടി മറ്റ് നിക്ഷേപകര്‍ക്ക് നല്‍കാനാണ് അവര്‍ അവസരമൊരുക്കിയത്. ഈ നിലപാട് എല്‍ഐസിയുടെ ജീവനക്കാരും പിന്തുടരു മോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഓഹ രി വില്‍പ്പനയോടുള്ള പ്രതിഷേധം എല്‍ഐ സി ജീവക്കാര്‍ ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു.
ഉടമസ്ഥത എന്നത് ആധുനിക ബിസിനസ് ലോകത്ത് വ്യത്യസ്‌തമായ സങ്കല്‍പ്പമാണ്. എച്ച്‌ഡിഎഫ്‌സി, ഐടിസി, എല്‍&ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂചിപ് കമ്പനികളില്‍ പ്രൊമോട്ടര്‍മാര്‍ക്ക് ഓഹരി പങ്കാളിത്തമേയില്ല. ഉദാഹരണത്തിന് പ്രൊമോട്ടര്‍മാര്‍ക്ക് ഒരു ശതമാനം പോലും ഓഹരി പങ്കാളിത്തമില്ലാത്ത എച്ച്‌ഡിഎഫ്‌സിയില്‍ 72.75 ശതമാനം ഓഹരികളും കൈവശം വെ ക്കുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കു 19.25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇത്രയേറെ ഓഹരി പങ്കാളിത്തമുണ്ടായിട്ടും കമ്പനിയുടെ നിയന്ത്ര ണത്തിലോ നടത്തിപ്പിലോ ഈ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് യാതൊരു റോളുമില്ല എന്നതാണ് വാസ്‌തവം.
എല്‍ഐസിയുടെ കാര്യം തന്നെയെടുക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ എല്‍ഐസിക്ക് പല സ്വകാര്യ, പൊതുമേഖലാ കമ്പനികളിലും ഗണ്യമായ ഓഹരി പങ്കാളിത്തമാണുള്ളത്. അതേ സമയം കമ്പനികളില്‍ ഉയര്‍ന്ന ഓഹരി പങ്കാളിത്തമുണ്ടായിട്ടും അവയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ എല്‍ഐസി വോട്ടിംഗിന് പോലും മുതിരാറില്ല.
ഓഹരികള്‍ക്ക് മൂല്യത്തിന് അനുസരിച്ച് അര്‍ഹിക്കുന്ന വില കിട്ടണമെങ്കില്‍ വിപണിയുടെ സമയവും ഡിമാന്റിലെ കൃത്യതയും ഉ റപ്പുവരുത്തണം. മുന്‍ കാലങ്ങളില്‍ മികച്ച പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിപണി കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തുച്ഛമായ വിലയ്‌ക്ക് വിറ്റഴിച്ചിട്ടുണ്ട്. എല്‍ഐസിയുടെ ഓഹരിക്ക് മികച്ച വില കിട്ടുന്നതിന് അനുയോജ്യമായ വിപണി കാ ലാവസ്ഥയില്‍ മാത്രമേ ഐപിഒ ഇറക്കുന്നതിന് മുതിരാകൂ. ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അനുയോജ്യമായ സമയമാണെന്നതിനാല്‍ ഐപിഒ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

















