ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിര്‍മിച്ച സിനിമയാണ് താരനിബിഡമായ `ട്വന്റി ട്വന്റി’. ജോഷി സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്നിരുന്നു. ചിത്രം നിര്‍മിച്ചത് എഎംഎംഎക്കു വേണ്ടി ദിലീപായിരുന്നെങ്കിലും താരങ്ങളെയെല്ലാം ഒരു സിനിമക്കു കീഴില്‍ അണിനിരത്തുക എന്ന ഭാരിച്ച ജോലി ചെയ്‌തത് താനാണെന്നാണ് സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അവകാശപ്പെട്ടിരുന്നത്. എഎംഎംഎ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് പ്രതിയായ പീഡന കേസിലെ ഇരയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ഇടവേള ബാബു നല്‍കിയ മറുപടിയാണ് പുതിയ വിവാദത്തിനും നടി പാര്‍വതിയുടെ എഎംഎംഎയില്‍ നിന്നുള്ള രാജിക്കും വഴിയൊരുക്കിയിരിക്കുന്നത്.
`ട്വന്റി ട്വന്റി’ എന്ന ചിത്രത്തില്‍ അശ്വതി നമ്പ്യാര്‍ എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് പീഡനത്തിന് ഇരയായ നടി അവതരിപ്പിച്ചത്. സിനിമയില്‍ ബലാത്സംഗത്തിന് ഇരയായി ജീവച്ഛവമായി മാറുകയാണ് ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായ അശ്വതി നമ്പ്യാര്‍. ഏതാണ്ട് സമാനമായ അനുഭവമാണ് പില്‍ക്കാലത്ത് ഈ നടിക്ക് നേരിടേണ്ടി വന്നത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്നത് ആ സിനിമയിലെ നടിയുടെ നായകനായിരുന്ന ദിലീപാണ് എന്നതാണ് വിചിത്രം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് `മരിച്ചയാള്‍ക്ക് ഇനിയെന്ത് റോള്‍’ എന്ന് എഎംഎംഎ സെക്രട്ടറി പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ `ട്വന്റി ട്വന്റി’ എന്ന ചിത്രത്തില്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം മരിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായി മൃതപ്രായയായ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ എല്ലാ ശ്രമവും നടത്തുകയാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ജ്യേഷ്‌ഠസഹോദരന്റെ കഥാപാത്രം. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തില്‍ ദുരന്തങ്ങളെ അതിജീവിച്ച് തിരികെയെത്തുന്ന കഥാപാത്രമായി അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇടവേള ബാബു എന്ന എഎംഎംഎ സെക്രട്ടറിക്ക് ആ കഥാപാത്രം മരിച്ചു കഴിഞ്ഞു. ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി മരിച്ചതിന് തുല്യവും. അതൊരു നാക്ക്‌പിഴയോ മറവിയോ അല്ല. അത് അയാളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്. എഎംഎംഎയില്‍ ഇപ്പോള്‍ അംഗമല്ലാത്ത നടിയെ, കരുത്തനായ പ്രതിക്കെതിരെ നീതിക്ക് വേണ്ടി നിയമത്തിന്റെ വഴിയേ പോരാടുന്ന പീഡന കേസിലെ ഇരയെ അയാള്‍ എങ്ങനെയാണ് കാണുന്നതെന്ന് വ്യക്തമാക്കുകയാണ് ആ വാക്കുകള്‍. അത് എഎംഎംഎ ജനറല്‍ സെക്രട്ടറിയായ അയാളുടെ വ്യക്തിപരമായ നിലപാടല്ല. എഎംഎംഎ എന്ന സംഘടനയുടെ നിലപാട് കൂടിയാണ്.
എഎംഎംഎയിലും സിനിമാ മേഖലയിലും സര്‍വ സ്വാധീനവുമുള്ള നടന്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് താന്‍ നടിയെ തട്ടികൊണ്ടുപോയതെന്നാണ് കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ഗുണ്ടകള്‍ നടിയോട് ചെയ്‌തതിനേക്കാള്‍ വലിയ പരാക്രമവും പീഡനവുമാണ് വാക്കുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും പിന്നീട് ആ സംഘടനയില്‍ ഉള്‍പ്പെട്ട വിവിധ അംഗങ്ങള്‍ പലപ്പോഴായി കാണിച്ചത്. തിരശീലയിലെ വെള്ളിനക്ഷത്രങ്ങള്‍ ആ നടിയോടുള്ള പീഡനം തുടര്‍ന്നു. `ഇര’ എന്ന പ്രയോഗത്തെ പോലും പരിഹസിച്ചും ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചും നടിക്ക് ആ പിന്തുണ ഒരിക്കലും നല്‍കാതെയും നടിയുടെ വെളിപ്പെടുത്തലുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്‌തും അവര്‍ വാക്കുകള്‍ കൊണ്ടുള്ള ബലാത്സംഗം തുടര്‍ന്നു. തങ്ങള്‍ക്കൊപ്പം ഏറെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു നടിക്ക് മാനുഷിക പരിഗണന പോലും കൊടുക്കാന്‍ തയാറാകാതെ അവര്‍ വെള്ളിത്തിരക്കു പിന്നിലുള്ള തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം വെളിപ്പെടുത്തി. കേസിലെ പ്രതിയായ നടനെ സംരക്ഷിക്കാനായി കോടതിയില്‍ മൊഴികള്‍ മാറ്റി, വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത, നീതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന അധാര്‍മികതയുടെ ആള്‍രൂപങ്ങളാണ് തങ്ങളെന്ന് തെളിയിച്ചു.
ഇടവേള ബാബുവിനും എഎംഎംഎക്കും ഇരയായ നടി ജീവച്ഛവമോ മരിച്ചതിന് തുല്യമോ ആയിരിക്കാം. പക്ഷേ ആ നടി ഇനിമേല്‍ സിനിമയില്‍ നിന്ന് ഉപരോധിക്കപ്പെട്ടാല്‍ പോലും നീതിക്ക് വേണ്ടി പോരാടുന്ന ജീവസ്സുറ്റ താരമായി ജീവിതത്തില്‍ തുടരും. നീതിയുടെയും ധാര്‍മികതയുടെയും കണ്ണില്‍ യഥാര്‍ത്ഥത്തില്‍ മൃതപ്രായരായി മാറിയിരിക്കുന്നത് എഎംഎംഎ സെക്രട്ടറിയും അതിലെ പ്രമുഖരുമൊക്കെയാണ്. സിനിമയില്‍ താരങ്ങളും ജീവിതത്തില്‍ മാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവച്ഛവങ്ങളുമായ കുറെ ആളുകളുടെ കൂട്ടമാണ് എഎംഎംഎ എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത് ആ സംഘടനയുടെ വക്താക്കളുടെ വാക്കുകളും പ്രവൃത്തികളും തന്നെയാണ്.


















